നല്ല ശീലങ്ങൾ:
ഭാഗം : 14
പ്ലാസ്റ്റിക് വില്ലനാണ്!
സൂക്ഷിക്കുക
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു . മാറ്റി നിർത്തിയാലും മാറാതെ നമ്മോടൊപ്പം ഉണ്ടാവും ഈ പ്ലാസ്റ്റിക് വില്ലൻ . പേനയും ബ്രഷും കസേരയും എന്നു വേണ്ട , നാം ഉപയോഗിക്കുന്ന ഭൂരിഭാഗവും പ്ലാസ്റ്റിക് കൊണ്ടു നിർമിക്കപ്പെട്ടതാണ് . അതിൽ പലതും നമുക്ക് മാറ്റി നിർത്താൻ കഴിയില്ല .
പ്ലാസ്റ്റിക് മാലിന്യത്തെയാണ് നാം സൂക്ഷിക്കേണ്ടത് . ഒരിക്കൽ കടയിൽ പോയി സാധനങ്ങൾ വാങ്ങിയാൽ അഞ്ചെട്ട് കവറുകൾ നമ്മുടെ വീട്ടിലെത്തും . ബിസ്കറ്റും മിട്ടായിയും പഞ്ചസാരയും ശർക്കരയുമെല്ലാം കവറിലാണ് പൊതിയുന്നത് . കവർ വ്യാപകമാവുന്നതിനു മുമ്പ് ഇവയൊക്കെ കടലാസിലാണ് പൊതിഞ്ഞിരുന്നത് .
കടയിൽ നിന്നെത്തുന്ന കവറുകളെല്ലാം അലക്ഷ്യമായി എറിഞ്ഞാൽ നമ്മുടെ വീടിന്റെ പരിസരം പ്ലാസ്റ്റിക് കൊണ്ടു നിറയും . ഒരിക്കലും മണ്ണിൽ ലയിക്കാത്ത പ്ലാസ്റ്റിക് , മണ്ണിനടിയിൽ പെട്ടാൽ മരങ്ങളുടെ വേരോട്ടം തടയും . പ്ലാസ്റ്റിക്കിൽ വെള്ളം കെട്ടി നിന്നാൽ കൊതുകുകൾ പെരുകും .അത് മാരക രോഗങ്ങൾക്ക്
കാരണമാകും .
ഇനി ,പ്ലാസ്റ്റിക് ഒഴിവാക്കാൻ അത് കത്തിച്ചാലോ ? ഡയോക്സിൻ എന്ന മാരക വിഷ വാതകം നാം ശ്വസിക്കേണ്ടി വരും .കേരളത്തിലെ പല ഗ്രാമ പഞ്ചായത്തുകളിലും പ്ലാസ്റ്റിക് കവറുകൾ നിരോധിച്ചിട്ടുണ്ട് ,ആശ്വാസകരം തന്നെ . എന്നാൽ പൂർണ തോതിൽ പ്ലാസ്റ്റിക് കവറുകളുടെ വർജിക്കൽ നടന്നിട്ടില്ല .ഫ്ളക്സിന് പകരം വിനയൽ ആണ് ഉപയോഗിക്കുന്നത് .പരിസ്ഥിതി സൗഹൃദമായതിനാൽ അതും ആശ്വാസമാണ് .
വിദ്യാർത്ഥികളായ നിങ്ങൾ പ്ലാസ്റ്റിക് മാലിന്യത്തിന്നെതിരെ രംഗത്തിറങ്ങണം . വീട്ടുപരിസരങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയാതിരിക്കുക . പറമ്പിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരുമിച്ചു കൂട്ടി ചാക്കുകളിലാക്കുക .പ്ലാസ്റ്റിക് കവറുകളും മറ്റും ഒരുമിച്ചു കൂട്ടിയത് കൊണ്ടു പോവാനുള്ള സംവിധാനം ഗ്രാമ പഞ്ചായത്തുകളിലുണ്ട് .
സാധനങ്ങൾ വാങ്ങാൻ അങ്ങാടിയിലേക്ക് പോകുമ്പോൾ ഒരു തുണി സഞ്ചിയോ ബിഗ് ഷോപ്പറോ കയ്യിൽ കരുതുക .എന്നാൽ കുറച്ചു കവറുകൾ നമ്മുടെ വീട്ടിലെത്താതിരിക്കും .ഒരു വലിയ കവർ അടുക്കളയിലോ മറ്റോ തൂക്കിയിടുക . വീട്ടിലെത്തുന്ന പ്ലാസ്റ്റിക് കവറുകൾ അതിൽ നിക്ഷേപിക്കുക . എന്നിട്ട് ചാക്കിലേക്ക് മാറ്റുക .ക്രമേണ വില്ലനായ പ്ലാസ്റ്റിക്കിനെ നമുക്ക് അകറ്റി നിർത്താം .
ശുദ്ധ ജലം മലിനമാക്കുന്നതിൽ പ്ലാസ്റ്റിക് വലിയ പങ്കു വഹിക്കുന്നുണ്ട് .വെള്ളത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കെട്ടി കിടന്ന് വെള്ളം മലിനമാക്കുന്നു . പ്ലാസ്റ്റിക് വയറ്റിലെത്തി കന്നുകാലികളും മൃഗങ്ങളും ചത്തൊടുങ്ങുന്ന വാർത്തകളും നാം വായിക്കാറുണ്ട് .
പ്ലാസ്റ്റിക് ഉപയോഗം കുറക്കുക , പരിസ്ഥിതിയുടെ കാവലാളാവുക .
എ.ആർ.കൊടിയത്തൂർ
GHSS പെരിങ്ങൊളം ,
കോഴിക്കോട് ,
9605848833.