Peruvayal News

Peruvayal News

നല്ല ശീലങ്ങൾ :ഭാഗം : 16 പ്രകൃതിയെ ചൂഷണം ചെയ്യരുത്

നല്ല ശീലങ്ങൾ :
ഭാഗം : 16
പ്രകൃതിയെ ചൂഷണം ചെയ്യരുത് 
---------------------------
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
പ്രപഞ്ചവും മറ്റു സംവിധാനങ്ങളും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും വേണ്ടിയാണ് ഒരുക്കിയിട്ടുള്ളത് .ഭൂമിയിലുള്ള ജീവികൾക്കെല്ലാം ഉപയോഗിക്കാൻ വേണ്ടിയാണ് ഭൂമിയെ സംവിധാനിച്ചതും ഒരുക്കിയതും .
എന്നാൽ ,മനുഷ്യ കരങ്ങളുടെ പ്രവർത്തന ഫലമായി ആഗോള താപനത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുമ്പോഴും നാം ചിന്തിക്കുന്നില്ല , നമ്മുടെ സാധാരണ ജീവിതത്തിന് വേണ്ടിയാണോ നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നത് .എന്നും ധൂർത്തും പൊങ്ങച്ചവും കൈമുതലാക്കിയ മനുഷ്യൻ ആർഭാട ഭരിതമായ ജീവിതം നയിക്കാൻ വേണ്ടി പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നു .മനുഷ്യരല്ലാത്ത ഒരൊറ്റ ജീവജാലങ്ങളും സ്വന്തം അത്യാവശ്യങ്ങൾക്കപ്പുറം പ്രകൃതിയെ ചൂഷണം ചെയ്യാറില്ല .ആവശ്യത്തിനുള്ള വീടല്ല നാം പണിയുന്നത് .അലമാരകളും ഫർണീച്ചറുകളും അനാവശ്യമായി ഉണ്ടാക്കിച്ചു വെക്കുന്നു .ചുമരും കോണിയും മരം കൊണ്ടു തന്നെ വേണമെന്ന് വാശി പിടിക്കുന്നു .മലയാളിയുടെ പ്രത്യേകത തന്നെ ,മറ്റൊരാളെ അനുകരിക്കുക എന്നതാണല്ലോ .അപ്പുറത്തുള്ള പണക്കാരൻ ഉണ്ടാക്കിയതിനേക്കാൾ മുന്തിയ വീട് എനിക്കും ഉണ്ടാക്കണമെന്ന ത്വരയാണ് പലർക്കും .ഉള്ള മരങ്ങളൊക്ക കൊത്തിമുറിച്ചാലും നമ്മുടെ ആർത്തി അടങ്ങുന്നില്ല .മണി മാളികങ്ങളും കോൺഗ്രീറ്റ് സൗധങ്ങളും കൊണ്ട് ഭൂമി നിറക്കുന്നവരാണ് ഏറെയും .ഭൂമി കിട്ടാത്തപ്പോൾ ആകാശം മുട്ടുന്ന ഫ്ളാറ്റുകളാണ് കെട്ടിപൊക്കുന്നത് .
"കാടെവിടെ മക്കളേ 
മേടെവിടെ മക്കളേ 
കാട്ടു പുൽത്തകിടിയുടെ 
വേരെവിടെ മക്കളേ 
കാട്ടു പൂഞ്ചോലയുടെ 
കുളിരെവിടെ മക്കളേ 
കാറ്റുകൾ പുലർന്ന
പൂങ്കാവെവിടെ മക്കളേ "
അയ്യപ്പ പണിക്കർ തൊടുത്തു വിടുന്ന ചോദ്യ ശരങ്ങൾ വന്നു തറക്കുന്നത് എവിടെയാണ്  ?
വിദ്യാർത്ഥികൾ ഇക്കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോവുക ,പ്രകൃതി ചൂഷണത്തിന്നെതിരെ ശക്തമായ ബോധവൽകരണം നടക്കട്ടെ . നാഷണൽ സർവീസ് സ്കീമിന്റെയും ദേശീയ ഹരിത സേനയുടെയും റെഡ് ക്രോസിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെയും സ്കൂൾ പോലീസ് കേഡറ്റിന്റെയും മറ്റും  പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .ചൂഷകരിൽ നിന്നും ഭൂമിയെ രക്ഷിക്കുക .വരും തലമുറയും ഇവിടെ നന്നായി ജീവിക്കട്ടെ .

                  എ.ആർ .കൊടിയത്തൂർ 
                      GHSS PERINGOLAM ,
                           9605848833
Don't Miss
© all rights reserved and made with by pkv24live