നല്ല ശീലങ്ങൾ:
ഭാഗം : 17:
പരിസ്ഥിതിയുടെ കാവലാളാവുക
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
പരിസ്ഥിതി സംരക്ഷണം നമ്മുടെ ഏവരുടെയും ബാധ്യതയാണ് . നമുക്ക് വേണ്ടിയും വരും തലമുറക്ക് വേണ്ടിയും ഈ ഭൂമിയെ നാം കാത്തു സൂക്ഷിക്കണം .
ജീവൻ നില നിൽക്കുന്ന പ്രപഞ്ചത്തിലെ ഒരേ ഒരിടമാണ് ഭൂമി .ജൈവ മണ്ഡലം ഭൂമിക്ക് മാത്രമുള്ള പ്രത്യേകതയാണ് .മറ്റെല്ലാ ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി ഭൂമിയെ വർണ പ്രപഞ്ചമാക്കുന്നത് ജീവനാണ് .
" മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതക കാന്തിയിൽ മുങ്ങി മുങ്ങി "
എന്ന് മഹാകവി ചങ്ങമ്പുഴ കേരളത്തെ പറ്റി പാടിയിരുന്നുവെങ്കിൽ ,ഇന്ന് ജ്ഞാനപീഠ ജേതാവായ കവി ഒ .എൻ .വിയെ കൊണ്ട് ഭൂമിക്കൊരു ചരമ ഗീതം എഴുതിച്ചു നാം .
" ഇനിയും മരിക്കാത്ത ഭൂമി
ഇതു നിന്റെ ശാന്തി ഗീതം
ഇതു നിന്റെ (എന്റെയും )ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച് ഗീതം "
പ്രകൃതിയുടെ ഭാഗമാകുന്നതിന്ന് പകരം പ്രകൃതിയെ ആക്രമിക്കുകയും കീഴ്പെടുത്തുകയും ചെയ്യുന്ന ജീവിത രീതി മനുഷ്യൻ കൈ കൊണ്ടതോടെ അന്ത്യ സൂചകങ്ങളായ നിരവധി സംഭവങ്ങൾ പ്രകൃതിയിലുണ്ടായി .സാമ്പത്തിക നേട്ടത്തിന് വേണ്ടി എന്തും ചെയ്യാമെന്ന ധാർഷ്ട്യ മനോഭാവം കാലാവസ്ഥാ വ്യതിയാനത്തിന്നും ആഗോള താപനത്തിന്നും കാരണമായ ഹരിത ഗൃഹ വാതകങ്ങളുടെ അതിരറ്റ ഉല്പാദനത്തിന്ന് ഇടയാക്കി .ഇത് സംബന്ധിച്ച മുന്നറിയിപ്പ് തൃണവത്കരിച്ചു മുന്നോട്ടു പോയത് കാരണം ആഗോള താപനില ഉയർന്നു കൊണ്ടിരിക്കുന്നു .ഇത് കാരണം പ്രളയക്കെടുതികളും വരൾച്ചയും വർധിച്ചു വരുന്നു .
പെയ്യുന്ന മഴ മണ്ണിലിറങ്ങാൻ കഴിയാത്ത വിധം പലയിടത്തും കെട്ടിടങ്ങളും ടാറിട്ട റോഡുകളും ആധിക്യമായതിനാൽ ശാസ്ത്രീയമായ രീതിയിൽ ജലം സംഭരിക്കാനുള്ള പുതിയ മാർഗങ്ങൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ് . മഴക്കുഴി നിർമിച്ചും കയ്യാല കെട്ടിയും ബണ്ടുകൾ നിർമിച്ചും വെള്ളം മണ്ണിലേക്ക് ഇറക്കാവുന്നതാണ് .പെയ്യുന്ന മഴയുടെ നല്ലൊരു ശതമാനം ഭൂമിയിലേക്ക് ഇറക്കാനുള്ള സംവിധാനം ഒരുക്കിയാൽ വെള്ള പ്രശ്നത്തിന്ന് ഒരളവ് വരെ പരിഹാരമുണ്ടാകും .
വ്യവസായങ്ങളുടെ വ്യാപനത്തിന്റെ ഫലമായി അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട് .
പ്രകൃതി സംരക്ഷണം ജീവ സംരക്ഷണമാണ് .പ്രകൃതിയെ സംരക്ഷിക്കാനും മരങ്ങൾ വെച്ചു പിടിപ്പിക്കാനുമുള്ള അവബോധം വിദ്യാർത്ഥികളായ നിങ്ങളിൽ വളരണം .ജല മലിനീകരണത്തിന്ന് എതിരെ നിങ്ങൾ പ്രവർത്തിക്കണം . ഉപദ്രവകാരിയായ പ്ലാസ്റ്റിക്കിനെ തീർത്തും നിത്യ ജീവിതത്തിൽ നിന്നും മാറ്റി നിർത്താനും പ്ലാസ്റ്റിക് മാലിന്യത്തിന്നെതിരെ വേണ്ടത് ചെയ്യാനും തയ്യാറാവണം .നീർത്തട സംരക്ഷണം നടത്താനും ഔഷധ തോട്ട നിർമ്മാണം നടത്താനും നിങ്ങൾ തയ്യാറായാൽ ,അതായിരിക്കും വലിയ മാതൃക .ഭാവി തലമുറ പരിസ്ഥിതിയുടെ കാവലാളാകുക .
എ .ആർ.കൊടിയത്തൂർ
Ghss പെരിങ്ങൊളം ,
9605848833.
arkodiyathur@gmail.com