നല്ല ശീലങ്ങൾ : ഭാഗം - 5
അടുക്കും ചിട്ടയും വേണം .
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
ജീവിതത്തിൽ തന്നെ ഒന്നിനും ഒരടുക്കും ചിട്ടയും ഇല്ലാത്തവരുണ്ട് . ചിലയാളുകൾ മദ്യപിച്ചു വീട്ടിൽ വന്നു വീട്ടിലുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നു .അച്ഛനും അമ്മയും സ്ഥിരമായി വഴക്ക് കൂടുന്ന ഗൃഹാന്തരീക്ഷവുമുണ്ട് .അത്തരം വീടുകളിലുള്ള മക്കൾക്ക് പഠന കാര്യങ്ങൾ വേണ്ടപോലെ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല .തുണിത്തരങ്ങളെല്ലാം വാരിവലിച്ചിട്ടു വൃത്തിയും വെടിപ്പുമില്ലാതെ അലങ്കോലമാക്കി വെക്കുന്ന വീട്ടുകാരുമുണ്ട് .
വിദ്യാർത്ഥികൾക്ക് എല്ലാറ്റിനും ഒരു വ്യവസ്ഥ വേണം .പഠിക്കാൻ ഇരിക്കുന്ന റൂമിന്നും മേശക്കും കസേരക്കും അലമാരക്കുമെല്ലാം വൃത്തിയും വെടിപ്പും വേണം .എല്ലാം ചിട്ടയിൽ വെക്കണം .പേനയും പെൻസിലും സ്കെയിലും കട്ടറുമെല്ലാം ഒരു പൗച്ചിലോ മറ്റോ ഒന്നിച്ചു കിടക്കട്ടെ .പുസ്തകങ്ങളും കുറിപ്പുകളും വിഷയാധിഷ്ഠിതമായി തന്നെ വെക്കുക .ഒറ്റ നോട്ടത്തിൽ തന്നെ മറ്റുള്ളവർക്ക് " നല്ലൊരു പഠനാന്തരീക്ഷം "എന്ന തോന്നലുണ്ടാക്കണം ,മറ്റുള്ളവരുടെ പ്രോത്സാഹനങ്ങൾ നിങ്ങൾക്ക് ആത്മ സംതൃപ്തിയുണ്ടാക്കും .ഇങ്ങനെയെല്ലാം കൃത്യമായി ചെയ്യുന്ന ധാരാളം വിദ്യാർത്ഥികളുണ്ട് എന്ന കാര്യം മറന്നു കൊണ്ടല്ല ഞാനിതെഴുതുന്നത് .
യാത്ര പോവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ കൃത്യ സമയത്തു തന്നെ ഒരുങ്ങുക .സമയ നിഷ്ഠ പാലിക്കുക .
സ്കൂളിലേക്ക് പുറപ്പെടുന്നവർ , ബസ്സിലാണ് യാത്രയെങ്കിൽ അഞ്ചു മിനിറ്റ് നേരത്തെ ബസ് സ്റ്റോപ്പിൽ എത്താൻ ശ്രമിക്കുക .ബസ് കിട്ടിയില്ലെന്ന കാരണം പറഞ്ഞു സ്കൂളിൽ നേരം വൈകരുത് .ഒമ്പത് മണിക്ക് ക്ലാസ്സ് തുടങ്ങുന്ന സ്കൂളിൽ 8.50 നു മുമ്പ് തന്നെയെത്തുക .വളരെ നേരത്തെ എത്തുകയും ചെയ്യരുത് .എല്ലാറ്റിനും സമയം ക്ലിപ്തപ്പെടുത്തണം .
വായിക്കുമ്പോഴും എഴുതുമ്പോഴും ചിട്ട വേണം .വേണ്ടത് വായിക്കുക ,ആവശ്യമുള്ളത് എഴുതുക .സമയ നിഷ്ഠ പാലിക്കുന്നവർക്ക് ,കൃത്യ നിഷ്ഠയുമുണ്ടാവും .
എല്ലാ ദിവസവും ഭക്ഷണം ഒരേ സമയത്തു കഴിക്കുക .ഒരേ സമയത്ത് കുളിക്കുക .കൃത്യ സമയത്തു ഉറങ്ങുക ,സമയം പാലിച്ചു തന്നെ ഉണരുക .
ചെരിപ്പുകളും മറ്റും വെക്കുന്നത് എന്നും ഒരു സ്ഥലത്താവുക .വ്യായാമം ചെയ്യുന്നതും കളിക്കുന്നതും സമയം പാലിച്ചു കൊണ്ടാവുക .
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലും ശ്രദ്ധിക്കണം .അനാവശ്യമായി ഫോൺ ചെയ്തു സമയം കളയരുത് .ആവശ്യമില്ലാത്ത മെസ്സേജുകൾ അയച്ചു കളിക്കേണ്ടതില്ല .ഇന്റർനെറ്റിൽ നിന്നും പഠിക്കാൻ ആവശ്യമുള്ളത് എടുക്കാം .എപ്പോഴും മൊബൈൽ ഉപയോഗിക്കുന്നവർക്ക് ധാരാളം ആരോഗ്യ പ്രശ്നങ്ങളുണ്ടാവും .
എല്ലാം ചിട്ടയോടെ ചെയ്യുക ,എന്നാൽ നിങ്ങളുടെ ജീവിതവും ചിട്ടപ്പെടും .
സസ്നേഹം
എ. ആർ .കൊടിയത്തൂർ
GHSS പെരിങ്ങൊളം
9605848833