Peruvayal News

Peruvayal News

നല്ല ശീലങ്ങൾ - ഭാഗം: 6:നന്നായി പെരുമാറുക .


നല്ല ശീലങ്ങൾ  - 6
നന്നായി പെരുമാറുക .

പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ 
 

മറ്റുള്ളവരുമായി എങ്ങനെ പെരുമാറണമെന്ന് പ്രത്യേകം പറയേണ്ടതുണ്ടോ  ?.
നമ്മെ പറ്റി മറ്റുള്ളവരുടെ മനസ്സിൽ ഒരു സുന്ദര രൂപം തീർക്കാൻ നമുക്ക് കഴിഞ്ഞാൽ നാം വിജയിച്ചു . മറ്റുള്ളവരുടെ ശരിയെ നാം അംഗീകരിക്കണം .
പുഞ്ചിരിയോടെ മറ്റുള്ളവരെ സമീപിക്കുന്ന നമുക്ക് അവരും പുഞ്ചിരി സമ്മാനിക്കും .മസിൽ പിടുത്തം വേണ്ട ." നല്ല കുട്ടി " എന്നു എല്ലാവരോടും പറയിപ്പിക്കാൻ നിങ്ങൾക്കായാൽ , അത് മതി നിങ്ങളുടെ ജീവിത ഉയർച്ചക്ക് .
മാതാവിനോട് അങ്ങേയറ്റത്തെ അനുകമ്പയോടും ,ആർദ്രതയോടും ഇടപെടണം .എത്ര ഊഷ്മളമായി പെരുമാറുന്നോ അത്രക്കും നമുക്ക് ആത്മനിർവൃതി ലഭിക്കും .ഇപ്രകാരം തന്നെ പിതാവിനോടും ഗുരുനാഥന്മാരോടും സതീർഥ്യരോടും മാന്യമായി പെരുമാറണം . എന്നുവേണ്ട ,നിങ്ങൾ കടയിൽ പോകുമ്പോൾ കച്ചവടക്കാരനോടും ,ബൈക്കിൽ പെട്രോൾ അടിക്കുമ്പോൾ അവിടെയുള്ള ജോലിക്കാരോടും സൗമ്യമായി പെരുമാറുക .ഇവരെയെല്ലാം നിങ്ങൾക്ക് ഏറ്റവും പ്രിയപെട്ടവരാണെന്ന് ബോധ്യപ്പെടുത്താൻ സാധിച്ചാൽ ,നിങ്ങൾ അവർക്കൊക്കെ ഏറ്റവും പ്രിയങ്കരരായിരിക്കും .
കണ്ടു മുട്ടുന്നവരോടെല്ലാം പ്രസന്ന വദനരായും സൗഹൃദത്തോടും അനുകമ്പയോടും കൂടി മാത്രമേ പെരുമാറാവൂ .കർമ്മങ്ങൾ എത്ര ചെയ്താലും ശരി , സ്വഭാവം നല്ലതല്ലെങ്കിൽ ഫലമുണ്ടാവില്ല .
നാവിൽ നിന്നും സത്യമല്ലാതെ പുറത്തു വരരുത് .കേൾക്കുന്നവർക്ക് മനസ്സിലാവുന്ന രൂപത്തിൽ ഹൃദ്യമായി സംസാരിക്കുക .ഒരാളോട് സംസാരിക്കുമ്പോൾ അയാൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ പറയുക .പരീക്ഷക്ക്‌ തോറ്റ കൂട്ടുകാരോട് , അതിനെ പറ്റി കൂടുതൽ പറഞ്ഞു അവരെ പ്രയാസപ്പെടുത്തരുത് .
നിങ്ങളെ ഒരാൾ അയാളുടെ കാറിൽ കയറ്റി , അപ്പോൾ തന്നെ ആ കാറിന്റെ പോരായ്മകൾ അയാൾക്ക് മുമ്പിൽ വിളമ്പരുത് .
മറ്റുള്ളവരോട് ,അവർ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണെന്നു തോന്നും വിധം ഹൃദ്യമായി പെരുമാറാൻ കഴിയുമ്പോഴേ , പെരുമാറ്റ കല പ്രയോഗിക്കുന്നതിൽ നാം പ്രാവീണ്യം നേടൂ .ഒരു വചനം ശ്രദ്ധിക്കൂ  : " നിങ്ങളുടെ സാമ്പത്തിക സഹായം ജനങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്നതാക്കാൻ നിങ്ങൾക്ക് സാധിച്ചെന്നു വരില്ല  , എന്നാൽ നിങ്ങളുടെ മുഖ പ്രസന്നതക്കും സൽസ്വഭാവത്തിന്നും ജനങ്ങളെ മുഴുവൻ ഉൾകൊള്ളാൻ സാധിക്കേണ്ടതാണ് ." 
വിമർശനം കഴിയുന്നതും ഒഴിവാക്കണം .ഒരാളിൽ ചെറിയ ന്യൂനതകൾ കണ്ടാൽ , നാവു കൊണ്ടവരെ കീറി മുറിക്കരുത് .നന്നായി പെരുമാറുക ,നല്ല കുട്ടികളായി വളരുക .
                എ .ആർ .കൊടിയത്തൂർ .
                  GHSS പെരിങ്ങൊളം .
                      കോഴിക്കോട് .
                        9605848833
Don't Miss
© all rights reserved and made with by pkv24live