നല്ല ശീലങ്ങൾ
ഭാഗം: 7
വശ്യമായി പുഞ്ചിരിക്കൂ
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
നിങ്ങൾക്കു ചിരിക്കാനറിയാം ,പുഞ്ചിരിക്കാനുമറിയാം ,എന്നാൽ മറ്റുള്ളവരെ ആകർഷിക്കുന്ന രൂപത്തിൽ വശ്യമായി പുഞ്ചിരിക്കാൻ അറിയുമോ ?
പുഞ്ചിരികൾ തന്നെ പല തരമുണ്ട് .പ്രസന്നതയോടെ സദാ പുഞ്ചിരി തത്തികളിക്കുന്ന മുഖമാണൊന്ന് , നിങ്ങളുടെ പല അധ്യാപകരും പുഞ്ചിരിയോടെയല്ലേ ക്ലാസിലേക്ക് കടന്നു വരാറുള്ളത് .
ആളുകൾ നിങ്ങളുടെ മുമ്പിലെത്തുമ്പോൾ ഒന്നു പുഞ്ചരിക്കുക ,ബസിൽ കയറി ,കണ്ടക്ടർക്കു ക്യാഷ് കൊടുക്കുമ്പോൾ മുഖം വീർപ്പിക്കേണ്ട .പെട്രോൾ പമ്പിൽ ഇന്ധനം നിറച്ചു പൈസ നീട്ടുമ്പോൾ ഒന്നു പുഞ്ചിരിക്കാം .ഇതര സംസ്ഥാന അഗതി തൊഴിലാളികളായിരിക്കും അധികവും ,അവർക്ക് നിങ്ങളോട് മതിപ്പുണ്ടാവും .
ചില കാര്യങ്ങൾക്കു നാം അസ്വസ്ഥത കാണിക്കുകയും കോപിക്കുകയും ചെയ്തേക്കാം .ദയ ,കാരുണ്യം ,പുഞ്ചിരി , സദ്‌വിചാരം , സഹനം തുടങ്ങിയ മാർഗങ്ങൾ അവലംബിച്ചു കൊണ്ട് നാമതിനെ നേരിടണം .നാം നമ്മുടെ സഹോദരന്റെ /സഹോദരിയുടെ മുഖത്തു നോക്കി പുഞ്ചിരിക്കൽ ധാനധർമമാണ് .
മനസ്സുകളെ ആകർഷിക്കുകയെന്നത് ഒരു കലയാണ് .അതിനു അതിന്റെതായ വഴികളും തന്ത്രങ്ങളുമുണ്ട് .നിങ്ങൾ പത്തിരുപതു പേരുള്ള ഒരു സദസ്സിലേക്ക് ചെന്നതായി സങ്കൽപ്പിക്കുക .ഓരോരുത്തരുടെയും അടുത്തു ചെന്ന് നിങ്ങൾ അവർക്ക് കൈ കൊടുത്ത് അഭിവാദ്യം ചെയ്തു .
ഒരാളുടെ നേരെ കൈ നീട്ടിയപ്പോൾ നിങ്ങളുടെ കൈപ്പത്തിയുടെ അഗ്രം പിടിച്ചു തണുപ്പൻ മട്ടിൽ പ്രത്യഭിവാദ്യം ചെയ്തു .രണ്ടാമതൊരാൾ വേറെ ആരുമായോ സംസാരിച്ചു കൊണ്ടിരിക്കെയാണ് നിങ്ങൾ അയാളെ അഭിവാദ്യം ചെയ്തത് . നിങ്ങളുടെ മുഖത്തു നോക്കാതെ തണുപ്പൻ പ്രതികരണമാണ് അയാളിൽ നിന്നു ലഭിച്ചത് .മൂന്നാമൻ , തന്റെ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു .യാതൊരു പരിഗണയും നൽകാതെ , ഒരക്ഷരം ഉരിയാടാതെ അയാൾ നിങ്ങൾക്കു നേരെ കൈ നീട്ടി .
എന്നാൽ നാലാമത്തെയാൾ , നിങ്ങളെ കണ്ടമാത്രയിൽ പ്രത്യഭിവാദനത്തിന്ന് ഒരുങ്ങി മുന്നോട്ട് വരുകയും നിങ്ങളെ ഊഷ്മളമായി സ്വീകരിക്കുകയും ചെയ്തു .തമ്മിൽ മുൻ പരിചയമില്ലാതിരുന്നിട്ടും നിങ്ങളുടെ വരവിൽ അയാൾ അതിയായി സന്തോഷം പ്രകടിപ്പിച്ചു .
നിങ്ങളുടെ മനസ്സിന്നു നാലാമത്തെ ആൾക്ക് നേരെ ഒരാകർഷണം അനുഭവപ്പെടുന്നില്ലേ ? അതെ ,നിങ്ങൾ അറിയാതെ അയാളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട് .പെരുമാറ്റ മഹിമ കൊണ്ട് നിങ്ങളുടെ മനസ്സ് കവർന്നെടുക്കാൻ അയാൾക്ക് സാധിച്ചു .അപ്പോൾ ശക്തി കൊണ്ടോ ,പണം കൊണ്ടോ ,പദവി കൊണ്ടോ ഒന്നുമല്ല .വളരെ ലളിതവും നിസ്സാരവുമായ രീതിയിൽ മനസ്സുകളെ കൈപ്പിടിയിൽ ഒതുക്കാം .എന്നാൽ ഈ മാജിക് അറിയുന്നവർ കുറവാണെന്നു തോന്നുന്നു .
First impression --പ്രഥമ ദർശനത്തിലാണ് മറ്റുള്ളവരുടെ മനസ്സിൽ നിങ്ങളെ കുറിച്ചുള്ള ധാരണയുടെ 70 ശതമാനവും പതിയുക .അത് കൊണ്ട് എല്ലാവരോടും ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ചയാണെന്ന രീതിയിൽ പെരുമാറുക .
നിങ്ങൾ ജനങ്ങളോട് ഇടപെടുമ്പോൾ , മിക്കപ്പോഴും തോന്നിയ രീതിയിലായിരിക്കും അവർ പെരുമാറുക .അത് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലാവണമെന്നില്ല ,നിങ്ങൾ പുഞ്ചിരിച്ചു കൊണ്ട് സ്വീകരിക്കുന്നവരെല്ലാം തിരിച്ചു പുഞ്ചിരി തൂവണമെന്നില്ല .നിങ്ങൾ ആർദ്രമായി പെരുമാറുകയും പുകഴ്ത്തി പറയുകയും ചെയ്തവരൊക്കെ അത്തരത്തിൽ തന്നെ പ്രതികരിച്ചു കൊള്ളണമെന്നില്ല .ദൈവം വ്യത്യസ്ത സ്വഭാവ ഗുണങ്ങളാണ് ഓരോരുത്തർക്കും നൽകിയിട്ടുള്ളത് .ചിലരോട് അവരുടെ സ്വഭാവത്തിന് അനുസരിച്ചു പെരുമാറുകയേ നിർവാഹമുള്ളൂ .
മറ്റുള്ളവരോട് പുഞ്ചിരി തൂകിയും മാന്യമായും പെരുമാറിയാൽ അവർക്ക് നിങ്ങളോട് ഇഷ്ടം കൂടും .എല്ലാവർക്കും പ്രിയപ്പെട്ടവരാകാൻ നിങ്ങൾക്ക് കഴിയും
ഭാവി സുന്ദരമാകട്ടെ
എ.ആർ .കൊടിയത്തൂർ
Ghss Peringolam
9605848833