നല്ല ശീലങ്ങൾ:
ഭാഗം :8.
കോപത്തെ നിയന്ത്രിക്കുക
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
ദേഷ്യം പിടിക്കാത്തവർ ഉണ്ടാവില്ല .എന്നാൽ ചിലർ ക്ഷമാലുക്കളായി കോപത്തെ നിയന്ത്രിക്കും . ചിലർക്ക് കോപം തലയിൽ കയറി ഭ്രാന്ത് പിടിക്കും .കോപത്തെ നിയന്ത്രിക്കാൻ കഴിയുന്നവരാണ് അധികമാളുകളും .
അസഭ്യ പദം പറയുക , ചീത്ത പറയുക , തെറി വിളിക്കുക , ഇടിച്ചു താഴ്ത്തി സംസാരിക്കുക ,ആഭാസകരമായ ആംഗ്യങ്ങൾ കാട്ടുക ,പ്രത്യേക സന്ദർഭത്തിൽ കൂവുക ........തുടങ്ങി പല തരത്തിൽ തന്റെ ഉള്ളിലുള്ള വികാര വിക്ഷോഭത്തെ കോപിഷ്ഠർ വെളിവാക്കുന്നു .
പാമ്പിന് കോപം വന്നാൽ തല പൊക്കി ചീറ്റും , കാള ഇടഞ്ഞാൽ കൊമ്പ് കുലുക്കും , ഗോറില്ല പല്ലിളിക്കും , പൂച്ച നഖം പുറത്തു കാട്ടും .മനുഷ്യന് ദേഷ്യം വന്നാൽ എങ്ങിനെയൊക്കെയാവും പ്രതികരണം . അലറുക ,പല്ലു കടിക്കുക , മുഷ്ടി ഉയർത്തുക ,തല്ലുക , തൊഴിക്കുക , മേശയിൽ ഇടിക്കുക , ചീത്ത പറയുക : ഇങ്ങനെ പലവിധമായിരിക്കും ദേഷ്യത്തിന്റെ പ്രതികരണങ്ങൾ .
കോപം സ്ഥിര സ്വഭാവമായി കൊണ്ടു നടക്കുന്ന ഒരു കൂട്ടരുണ്ട് . മൂക്കിൻ തുമ്പത്തായിരിക്കും അവരുടെ ശുണ്ഠി . എല്ലാ കാര്യത്തിനും അവർ ദേഷ്യം പിടിക്കും . എന്തു ചോദിച്ചാലും ദേഷ്യത്തോടെ ആയിരിക്കും അവർ പ്രതികരിക്കുക .ഏതു നേരവും കോപം വെറുതെയങ്ങ് കേറി വരും . മറ്റുള്ളവർക്ക് ദേഷ്യം തോന്നാത്ത പല കാര്യങ്ങളും ഇത്തരം ആളുകൾക്ക് കലിയുടെ കാരണമാകും .
കോപം ജ്വലിച്ചുയരുന്ന വേളയിൽ എന്തു പറയുന്നുവെന്നോ , എന്തു പ്രവർത്തിക്കുന്നുവെന്നോ പലർക്കും ഓർമയുണ്ടാവില്ല . നാവിൽ വരുന്നത് പറയുകയും , തോന്നുന്നത് പ്രവർത്തിക്കുകയും ചെയ്യും .ഹയർ സെക്കന്ററി അധ്യാപകനായ എനിക്ക് ഇത്തരം ചില കുട്ടികളിൽ നിന്നും ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . ചെറിയൊരു കാര്യം മതി ചിലർക്ക് ദേഷ്യം വരാൻ .
" മല്ലയുദ്ധം ജയിക്കുന്നവനല്ല , ദേഷ്യം വരുമ്പോൾ ആത്മ നിയന്ത്രണം പാലിക്കുന്നവനാണ് കരുത്തനെന്നു പ്രവാചകൻ പഠിപ്പിക്കുന്നു .
ചിലർ ദേഷ്യത്തെ അമർത്തിപിടിക്കാറുണ്ട് . ടെലിവിഷൻ ഓഫ് ചെയ്തു പുസ്തകമെടുത്തു പഠിക്കാൻ മോനോട് അച്ഛൻ പറയുന്നു .അവന്ന് അതത്ര ഇഷ്ടമായില്ല . ഫുട്ബാൾ മത്സരമാണ് , കാണാതിരിക്കാൻ മനസ്സു വരുന്നില്ല .അച്ഛൻ ശബ്ദമുയർത്തുന്നു .മകൻ ഉള്ളിലമർത്തിയ ദേഷ്യത്തോടെ റിമോട്ട് സോഫയിൽ എറിഞ്ഞിട്ട് പഠന മുറിയിലേക്ക് പോകുന്നു . അവന്റെ ദേഷ്യം മാറുന്നില്ല . ദേഷ്യത്തെ അമർത്തിപ്പിടിച്ചതാണ് .കോപം അമർത്തി വെക്കുന്നതും മൂടി വെക്കുന്നതും വലിയ പ്രശ്നങ്ങളുണ്ടാക്കും .
കോപിഷ്ഠരെ പ്രകോപിപ്പിക്കുന്ന കാരണങ്ങൾ എന്താണെന്നു മനസ്സിലാക്കി , അതിൽ നിന്നും അകന്നു നിന്നാൽ കോപം ഒഴിവാക്കാം . കോപം ഉള്ളിൽ നുരയിട്ടു പൊന്തുമ്പോൾ തന്നെ തിരിച്ചറിഞ്ഞു അതിനെ നിയന്ത്രിക്കാനാവണം . കോപത്തെ വരുതിയിൽ ആക്കാനുള്ള ഒരു മാർഗം തന്റെ ശ്രദ്ധ മറ്റു കാര്യത്തിലേക്ക് തിരിക്കുക എന്നതാണ് .കോപത്തിന്റെ ചൂട് കുറക്കാൻ ദീർഘമായി ശ്വാസോച്ഛാസം ചെയ്യുന്നത് വളരെ പ്രയോജനകരമാണ് . വഴക്കിട്ട സ്ഥലത്തു നിന്നും മാറിപ്പോകുന്നത് ദേഷ്യത്തെ കുറക്കും .ദേഷ്യം വരുമ്പോൾ പാട്ടു കേൾക്കുന്നതും പ്രയോജനകരമാണ് . കോപത്തെ മെരുക്കാൻ തണുത്ത വെള്ളം കുടിക്കുന്നത് ഉപകാരപ്പെടും . കയ്യും മുഖവും കഴുകിയാലും കോപത്തിന് ശമനം ലഭിക്കും .മുസ്‌ലിംകളുടെ പ്രാർത്ഥനക്കു മുമ്പുള്ള അംഗസ്നാനം നടത്തുന്നത് കോപത്തെ ശമിപ്പിക്കുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു .
വീടാണ് സംസ്കാരത്തിന്റെ കളിത്തൊട്ടിൽ . കൂടുമ്പോൾ സന്തോഷം , പിരിയുമ്പോൾ വീണ്ടും കാണാനും , അടുത്തിരിക്കാനുമുള്ള ആഗ്രഹം . അതാണ് കുടുംബങ്ങളെ കൂട്ടിയിണക്കേണ്ട ഹൃദയ വികാരം . അവിടെ ദേഷ്യപ്പെടാനുള്ള അവസരമുണ്ടാക്കരുത് . ഇണക്കത്തിനിടെ പിണക്കം വേണ്ട . മനുഷ്യ ജീവിതം കുറച്ചു കാലമാണ് . അതിനിടയിൽ വെറുക്കാൻ സമയമില്ല .അന്യോന്യം അംഗീകരിക്കുന്നതിലൂടെ പല അഭിപ്രായ വ്യത്യാസങ്ങൾക്കും പരിഹാരം കാണാനാകും .
കോപത്തെ വരുതിയിലാക്കുക .
എ.ആർ.കൊടിയത്തൂർ
പള്ളിത്തൊടിക
സൗത്ത് കൊടിയത്തൂർ ,
9605848833