തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളിൽ
```സംസ്ഥാനം തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും.
കൊവിഡ് സാഹചര്യത്തില്‍ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഡിസംബര്‍ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടക്കും.
രണ്ടാം ഘട്ടമായി ഡിസംബര്‍ പത്ത് വ്യാഴാഴ്ച കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് വോട്ടെടുപ്പ് നടക്കും. മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പതിനാല് തിങ്കളാഴ്ചയാണ്.
അന്നേ ദിവസം മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും. എല്ലാം സ്ഥലത്തും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാവും വോട്ടെടുപ്പ്. ഡിസംബര്‍ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം നടത്തുക. നവംബര്‍ 12-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും.
ഡിസംബര്‍ പകുതിയോടെ ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ക്രിസ്തുമസിന് മുന്‍പായി പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. നവംബര്‍ 19-വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂഷ്മപരിശോധന നവംബര്‍ 20-ന് നടക്കും. നവംബര്‍ 23 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. സ്ഥാനാര്‍ത്ഥികളുടെ ചിത്രം അന്ന് തെളിയും.
തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടത്താനും ക്രമസമാധാനം ഉറപ്പാക്കാനും പൊലീസ് തയ്യാറാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായവും കമ്മീഷന്‍ ശേഖരിച്ചതായി വി. ഭാസ്കരന്‍ പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിച്ചു. 2.72 കോടി വോട്ടര്‍മാരാണുള്ളത്. 1.29 കോടി പുരുഷന്‍മാരും 1.41 കോടി സ്ത്രീകളും 282 ട്രാന്‍സ്ജെന്‍ഡേഴ്സും വോട്ടര്‍ പട്ടികയിലുണ്ട്. ഈ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒക്ടോബര്‍ 27 മുതല്‍ നാല് ദിവസം അവസരം നല്‍കി. അവരെ കൂടി ചേര്‍ത്ത് നവംബര്‍ പത്തിന് പുതുക്കിയ പട്ടിക പ്രഖ്യാപിക്കും.
കൊവിഡ് പൊസീറ്റിവാകുന്നവര്‍ക്കും, ക്വാറന്‍്റൈനായവര്‍ക്കും പോസ്റ്റല്‍ വോട്ടു ചെയ്യാന്‍ അവസരമുണ്ടാകും. പോളിംഗ് സ്റ്റേഷനുകളില്‍ ബ്രേക്ക് ദ ചെയിന്‍ പോളിസി നടപ്പാക്കും.
തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് പോകുകയാണ്. കൊവിഡ് മഹാമാരി ആവേശം കെടുത്താന്‍ സാധ്യതയുണ്ടെങ്കിലും പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് പാര്‍ട്ടികളെല്ലാം. സമൂഹമാധ്യമങ്ങളിലെല്ലാം ഇതിനോടം വിവിധ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
941 ഗ്രാമ പഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ് മട്ടന്നൂര്‍ ഒഴികെയുള്ള 87 മുനിസിപ്പാലിറ്റികളും 6 കോര്‍പ്പറേഷനുകളും വിധിയെഴുതും. കൊവിഡ് പശ്ചാത്തലത്തില്‍ പോളിംഗിന് പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. ഈ മാസം പതിനൊന്നിന് നിലവിലെ ഭരണസമിതികളുടെ കാലാവധി തീരും. പുതിയ ഭരണസമിതി വരുന്നത് വരെ അഡ്മിനിസ്ട്രേറ്റീവ് ഭരണമായിരിക്കും. കൊവിഡ് പ്രതിസന്ധി മൂലമാണ് തെരഞ്ഞെടുപ്പ് നീണ്ടത്.```
ഈ തവണത്തെ തദ്ദേശതെരഞ്ഞെടുപ്പ് സംവരണം -
```മേയര്‍ സ്ഥാനത്തിന് വനിതാ സംവരണമുള്ള കോര്‍പ്പറേഷനുകള്‍ - തിരുവനന്തപുരം ,കോഴിക്കോട് , കൊല്ലം
ജനറല്‍ കാറ്റഗറിയില്‍ വരുന്ന കോര്‍പ്പറേഷനുകള്‍ -തൃശ്ശൂര്‍,കൊച്ചി ,കണ്ണൂര്‍
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം ഇക്കുറി പട്ടിക ജാതി സംവരണമാണ്.
ആലപ്പുഴ,കോട്ടയം ,പാലക്കാട് ,മലപ്പുറം,കോഴിക്കോട് ,കണ്ണൂര്‍ ,കാസര്‍കോട് ജില്ലാ പഞ്ചായത്തുകള്‍ ഇക്കുറി വനിത സംവരണമാണ്.
ബത്തേരി നഗരസഭാ അധ്യക്ഷസ്ഥാനം പട്ടിക വര്‍ഗസംവരണം.
നെടുമങ്ങാട്, കളമശ്ശേരി,കൊടുങ്ങല്ലൂര്‍ നഗരസഭകളില്‍ പട്ടികജാതി വനിത അധ്യക്ഷയാകും.
പൊന്നാനി , പെരിന്തല്‍മണ്ണ, മുക്കം നഗരസഭകളിലെ അധ്യക്ഷസ്ഥാനം പട്ടിക ജാതി വിഭാഗത്തിന്.
41 നഗരസഭകളില്‍ അധ്യക്ഷസ്ഥാനം വനിതകള്‍ക്ക്.
ബ്ലോക്ക് പഞ്ചായത്ത്
67 ഇടത്ത് അധ്യക്ഷസ്ഥാനം വനിതകള്‍ക്ക്
എട്ടിടത്ത് പട്ടികജാതി വനിത അധ്യക്ഷയാകും
രണ്ടിടത്ത്പട്ടിക വര്‍ഗ വനിത അധ്യക്ഷയാകും
7 ല്‍ അധ്യസ്ഥാനം പട്ടികജാതി വിഭാഗത്തിന്
ഒരിടത്ത് അധ്യക്ഷ സ്ഥാനം പട്ടിക വര്‍ഗ വിഭാഗത്തിന്
ഗ്രാമപഞ്ചായത്ത് അധ്യക്ഷ സ്ഥാനം
417 ല്‍ സ്ത്രീകള്‍
46 ല്‍ പട്ടികജാതി സ്ത്രീകള്‍
8 ല്‍ പട്ടിക വര്‍ഗ സ്ത്രീകള്‍
46 ല്‍ പട്ടിക ജാതി വിഭാഗം
8 ല്‍ പട്ടിക വര്‍ഗവിഭാഗം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രോട്ടോക്കോള്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം അഞ്ച് പേരെ പാടുള്ളു. റോഡ് ഷോകളില്‍ ഓരോ അരമണിക്കൂറിലും അഞ്ച് വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി. പൊതുയോഗമോ റാലിയോ ജില്ലാ മജിസ്ട്രേറ്റ് നിശ്ചയിക്കുന്ന ഗ്രൗണ്ടുകളില്‍ സാമൂഹിക അകലം പാലിച്ച് നടത്താം. 80 വയസുകഴിഞ്ഞ എല്ലാവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് നല്‍കും.
കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും അവശ്യ സര്‍വ്വീസിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒരുക്കും. ഒരു പോളിംഗ് ബൂത്തില്‍ പരമാവധി ആയിരം വോട്ടര്‍മാര്‍ മാത്രമായി നിജപ്പെടുത്തും. രജിസ്റ്ററില്‍ ഒപ്പിടാനും ഇവിഎമ്മില്‍ വോട്ട് രേഖപ്പെടുത്താനും കയ്യുറ നല്‍കും. പനിയോ, ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.```