Peruvayal News

Peruvayal News

നല്ല ശീലങ്ങൾ :ഭാഗം : 9 സൗമ്യ ഭാവം വിരിയട്ടെ .


നല്ല ശീലങ്ങൾ   - ഭാഗം  : 9
സൗമ്യ ഭാവം വിരിയട്ടെ .

മുഖ പ്രസന്നതയും സൗമ്യ സ്വഭാവവും വശ്യമായ പുഞ്ചിരിയും ഏതൊരാളിലും സ്വാധീനം ചെലുത്തും . തഴുകി തലോടുന്ന വാക്കുകളിലൂടെയും , സ്നേഹമസൃണമായ പെരുമാറ്റത്തിലൂടെയും,  വിട്ടുവീഴ്ചയോടെയും മറ്റുള്ളവരുമായി സംവദിക്കുമ്പോൾ നമ്മുടെ സാന്നിധ്യം ആർക്കും അരോചകമാവില്ല . എന്നല്ല മിക്ക ആളുകളും നമ്മുടെ സാമീപ്യം ആഗ്രഹിക്കുകയും ചെയ്യും . പരുഷമായ പെരുമാറ്റത്തിലൂടെ എന്തെങ്കിലും കാര്യം നേടാൻ ശ്രമിച്ചാൽ , അത് ലഭ്യമാവുമെങ്കിലും അതിന്റെ പേരിൽ അവിടെ ഒരു വെറുപ്പും അകൽച്ചയും രൂപപ്പെടും .എന്നാൽ സൗമ്യമായിട്ടാണ് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെങ്കിൽ സ്നേഹവും അടുപ്പവും വർധിക്കുകയാണ് ചെയ്യുക . 
അഹംഭാവമാണ് മനുഷ്യരെ ഹൃദ്യമായ പെരുമാറ്റത്തിൽ നിന്നും  അകറ്റി നിറുത്തുന്നത് . സ്നേഹവും സഹാനുഭൂതിയും കനിവും അനുകമ്പയും കവിഞ്ഞൊഴുകുന്ന വിധം ആളുകളോട് പെരുമാറുമ്പോഴാണ് അത് ചേതോഹരമാകുന്നത് .അല്ലായെങ്കിൽ അത് വികൃതവും വഷളത്തരവുമായിരിക്കും . ഒന്നു മനം തുറന്നു പുഞ്ചിരിക്കാൻ പോലും പിശുക്ക് കാണിക്കുന്നവരാണ് പലരും . യഥാർത്ഥത്തിൽ സ്വന്തം മുഖം വികൃതമാക്കുകയാണ് അത്തരക്കാർ ചെയ്യുന്നത് . മനുഷ്യരോട് മാത്രമല്ല , മൃഗങ്ങളോടും സ്വഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം സൗമ്യത മുഖമുദ്രയാക്കുക എന്നത് നമ്മുടെ സൗന്ദര്യം വർധിപ്പിക്കുമെന്ന് മാത്രമല്ല , അതൊരു മഹാഭാഗ്യവുമാണ് . ആ സൗന്ദര്യത്തിലേക്ക് ജനങ്ങൾ  ആകൃഷ്ടരാകും . സൗമ്യതയുടെ അഭാവത്തിൽ ആളുകൾ നമ്മിൽ നിന്നും പരമാവധി അകലം പാലിക്കും .
ഒരാൾ പ്രഭാഷണം നടത്തുമ്പോൾ അയാളെ ഉറ്റു നോക്കി ആളുകൾ ശ്രദ്ധാപൂർവം കേട്ടിരിക്കുന്നത് എന്തു കൊണ്ടാണ്  ? മറ്റൊരാൾ സംസാരിക്കുമ്പോൾ ആളുകൾ പരസ്പരം സംസാരത്തിൽ മുഴുകുന്നത് ,അല്ലെങ്കിൽ മൊബൈൽ ഫോണിലെ സന്ദേശങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നത് എന്തു കൊണ്ടാണ്  ? 
അതാണ് സംസാര വൈഭവം , സൗമ്യ ഭാവം . മറ്റുള്ളവരോട് പെരുമാറാനുള്ള ആളുകളുടെ കഴിവും പ്രാപ്തിയും വ്യത്യസ്തമായിരിക്കും . സൗമ്യമായ പെരുമാറ്റമാണ് നിങ്ങൾ  മറ്റുള്ളവർക്ക് മുമ്പിൽ കാഴ്ച്ച വെക്കുന്നതെങ്കിൽ , നിങ്ങളെ പറ്റി നല്ലൊരു രൂപം അവരുടെ മനസ്സിൽ പതിയും . സൗമ്യത നമ്മുടെ വ്യക്തിത്വത്തിന് മാറ്റു കൂട്ടും . പ്രായമായവരോട് പ്രത്യേകിച്ചും സൗമ്യമായി ഇടപെടുക . വല്യച്ചനും വല്യമ്മക്കും  നിങ്ങളിൽ നിന്നും കൺകുളിർമ്മ ലഭിക്കട്ടെ . നിങ്ങളുടെ സ്വഭാവം നന്നായാൽ നിങ്ങളുടെ മാതാപിതാക്കൾ ആത്മസംതൃപ്തി നുകരും .
എന്നെന്നും നമ്മിൽ സൗമ്യഭാവം വിരിയട്ടെ .
  


എ .ആർ .കൊടിയത്തൂർ 
GHSS PERINGOLAM ,
9605848833

Don't Miss
© all rights reserved and made with by pkv24live