പാവപ്പെട്ട രോഗികളുടെ അത്താണിയായ കോഴിക്കോട് മെഡിക്കൽ കോളജ് സി.എച്ച് സെന്റർ അത്യാധുനിക രീതിയിൽ നവീകരിച്ച ഓഫീസ് സർവ്വാദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് നേതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു.
കോഴിക്കോട് സി.എച്ച് സെന്റർ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
സി.എച്ച് സെന്റർ മനുഷ്യസേവനത്തിന്റെ മഹനീയ കേന്ദ്രം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
കോഴിക്കോട്: കക്ഷി രാഷ്ട്രീയ ഭേദമെന്യേ പാവങ്ങളെ സഹായിക്കുന്ന മനുഷ്യ സേവനത്തിന്റെ മഹനീയ കേന്ദ്രമാണ് സി.എച്ച് സെന്റർ എന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് സി.എച്ച് സെന്ററിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ സൗകര്യവും സേവന പ്രവർത്തനങ്ങളുമായി സി.എച്ച് സെന്റർ പ്രവർത്തനം വിപുലീകരിക്കുകയാണ്. 19 വർഷങ്ങൾക്ക് മുമ്പ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഉദാരമതികളായ ആയിരങ്ങളുടെ സഹായവും പ്രാർത്ഥനയും കൊണ്ട് ഇപ്പോൾ സി.എച്ച് സെന്റർ വളർന്നു പന്തലിച്ചിരിക്കുന്നു. പതിനായിരങ്ങൾക്ക് ആശ്വാസമേകുന്ന കാരുണ്യത്തിന്റെ കേന്ദ്രമാണ് സി.എച്ച് സെന്റർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.എച്ച് സെന്ററിനെ സഹായിക്കാൻ സ്വയം സന്നദ്ധരായ വളണ്ടിയർമാരുണ്ട്. കോവിഡ് പ്രതിസന്ധിയുടെ കാലത്തും മികച്ച പ്രവർത്തനങ്ങളുമായാണ് സി.എച്ച് സെന്റർ മുന്നോട്ടു പോയത്. -തങ്ങൾ പറഞ്ഞു. തന്റെ വന്ദ്യപിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ നാമഥേയത്തിൽ പാലിയേറ്റീവ് സേവനം ആരംഭിച്ചത് സി.എച്ച് സെന്ററിന്റെ സേവനചരിത്രത്തിലെ പുതിയ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പുതിയ ഓഡിറ്റോറിയത്തിന്റെയും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി നവീകരിച്ച മെഡിക്കൽ ഷോപ്പിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പാലിയേറ്റീവ് ഒ.പിയുടെയും നിയമസഭാ പാർട്ടി ലീഡർ ഡോ. എം.കെ മുനീർ ആധുനികവൽക്കരിച്ച ലബോറട്ടറിയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.പി കോയ അധ്യക്ഷത വഹിച്ചു. എം.വി സിദ്ദീഖ് മാസ്റ്റർ നന്ദി പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമർ പാണ്ടികശാല, വിശ്വനാഥൻ മാസ്റ്റർ, പുഷ്പരാജ്, മുരളി, സുരേഷ്, പത്മാവതി, സുരേഷ് കുമാർ, ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.