പന്തീരങ്കാവ് മണക്കടവ് റോഡിന്‍റെയും മൂഴാപാലം പാലത്തിന്‍റേയും പ്രവൃത്തികള്‍ക്ക് തുടക്കമായി.
കുന്ദമംഗലം മണ്ഡലത്തിലെ പന്തീരങ്കാവ് മണക്കടവ് റോഡ്, മൂഴാപാലം പാലം
നിര്‍മ്മാണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
എന്‍.എച്ച് 66 ബൈപ്പാസിലുള്ള പന്തീരങ്കാവില്‍ നിന്ന് ആരംഭിച്ച് മണക്കടവ് വരെയുള്ള പന്തീരങ്കാവ് മണക്കടവ് റോഡിന്‍റെ
പ്രവൃത്തിക്ക് 2 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളത്. 5.5 മീറ്റര്‍ വീതിയില്‍ ടാറിംഗ്, 500 മീറ്റര്‍ നീളത്തില്‍ ഡ്രൈനേജ്, ട്രാഫിക് സേഫ്റ്റിക്ക് ആവശ്യമായ റോഡ് മാര്‍ക്കിംഗ്, ട്രാഫിക് സൈനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് നടത്തുന്നത്.
ചാത്തമംഗലം-മാവൂര്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട്
ചൂലൂര്‍ തോടിന് കുറുകെ നിര്‍മ്മിച്ച മൂഴാപാലം കാലപ്പഴക്കം കാരണം തകര്‍ച്ചയുടെ
വക്കിലാണ്. നിലവിലുള്ള പാലത്തിന്‍റെ വീതിക്കുറവ് കാല്‍നട യാത്രക്കാര്‍ക്കും
വാഹനങ്ങള്‍ക്കും സുഗമമായി കടന്നുപോവുന്നതിന് തടസം സൃഷ്ടിക്കുന്നത് സംബന്ധിച്ച
പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമായി മൂഴാപാലം പുനര്‍
നിര്‍മ്മിക്കുന്നതിന് 1.4 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയത്.
17.5 മീറ്റര്‍ നീളത്തില്‍ സിംഗിള്‍ സ്പാന്‍ ആയാണ് പുതിയ പാലം രൂപകല്‍പന
ചെയ്തിട്ടുള്ളത്. ഒരു വശത്ത് 1.2 മീറ്റര്‍ വീതിയില്‍ ഫുട്പാത്തും വാഹനങ്ങള്‍ക്ക്
കടന്നുപോവുന്നതിന് 6.5 മീറ്റര്‍ വീതിയില്‍ കാരേജ് വേയും ഉള്‍പ്പെടെ 8.45 മീറ്റര്‍
വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്‍റെ ഇരുവശങ്ങളിലുമായി 100 മീറ്റര്‍ നീളത്തില്‍ നിലവിലുള്ള റോഡ് നവീകരിക്കുന്നതിനുള്ള പ്രവൃത്തിയും
ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ തങ്കമണി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്‍റ് ടി.എ രമേശന്‍, ഗ്രാമപപഞ്ചായത്ത് മെമ്പര്‍മാരായ വി വിജയന്‍, എന്‍ സുരേഷ് സംസാരിച്ചു. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്സി. എഞ്ചിനീയര്‍
എം.ടി ഷാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിംഗ്
എഞ്ചിനീയര്‍ പി.കെ മിനി സ്വാഗതവും റോഡ്സ് വിഭാഗം എക്സി. എഞ്ചിനീയര്‍ കെ വിനയരാജ് നന്ദിയും പറഞ്ഞു.