നഴ്സിങ് പ്രവേശനത്തിന് ഇനി ദേശീയ പൊതുപരീക്ഷയും
നഴ്സിങ് പ്രവേശനത്തിനു ദേശീയതലത്തിൽ പൊതുപരീക്ഷ വരുന്നു. പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കാനും പൊതുപരീക്ഷ (എക്സിറ്റ് എക്സാം) ജയിക്കണം.
ഇന്ത്യൻ നഴ്സിങ് കൗൺസിലിനു പകരം രൂപീകരിക്കുന്ന നാഷനൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കമ്മിഷന്റെ കരടുനയത്തിലാണ് ഇതുൾപ്പെടെ നിർദേശങ്ങളുള്ളത്.
നഴ്സിങ് പഠനസ്ഥാപനങ്ങളുടെ നടത്തിപ്പ്, അക്കാദമിക് നിലവാരം എന്നിവയെല്ലാം ഉറപ്പാക്കുന്ന കമ്മിഷനു കീഴിൽ 4 ബോർഡുകളുണ്ടാകും.
ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾക്ക് യുജി, പിജി എജ്യുക്കേഷൻ ബോർഡുകൾ രൂപീകരിക്കും.
സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്നതുൾപ്പെടെ വിഷയങ്ങൾ അസസ്മെന്റ് ആൻഡ് റേറ്റിങ് ബോർഡ് കൈകാര്യം ചെയ്യും.
നഴ്സുമാരുടെ റജിസ്ട്രേഷന് എത്തിക്സ് ആൻഡ് റജിസ്ട്രേഷൻ ബോർഡ് വരും.
മറ്റു നിർദേശങ്ങൾ
ഓരോ സംസ്ഥാനത്തും പ്രത്യേകം കമ്മിഷൻ. ദേശീയ കമ്മിഷനു നിർദേശങ്ങൾ സമർപ്പിക്കാൻ ഉപദേശക സമിതി.
നഴ്സുമാർക്കു പൊതു റജിസ്ട്രേഷൻ സംവിധാനം. നഴ്സിങ് കൗൺസിലിൽ നിലവിൽ റജിസ്റ്റർ ചെയ്തവർ പുതിയ റജിസ്ട്രേഷനിലും ഉൾപ്പെടും.
കമ്മിഷൻ പ്രാബല്യത്തിൽ വന്ന് 3 വർഷത്തിനുള്ളിൽ പൊതുപ്രവേശനപരീക്ഷ; 5 വർഷത്തിനുള്ളിൽ എക്സിറ്റ് പരീക്ഷയും.
വിദേശരാജ്യങ്ങളിൽ പഠനം പൂർത്തിയാക്കിയവർ ഇന്ത്യയിൽ പരിശീലനം നടത്താൻ എക്സിറ്റ് പരീക്ഷ വിജയിക്കണം.
അഭിപ്രായങ്ങൾ അറിയിക്കാം
കരടുനയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ nnmcbill-mohfw@nic.in എന്ന വിലാസത്തിൽ ഡിസംബർ 6 വരെ അറിയിക്കാം.
കരടിന് അന്തിമരൂപം നൽകി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം.