വേറിട്ട പദ്ധതിയുമായി പെരുവയൽ
വിദ്യാലയ റേഡിയോ പ്രവര്‍ത്തനമാരംഭിച്ചു
വിദ്യാലയങ്ങള്‍ അടച്ചിട്ടതോടെ നിലച്ചുപോയ കുട്ടികളുടെ കലാപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് വിദ്യാലയ റേഡിയോയുമായി പെരുവയല്‍ ഗ്രാമപഞ്ചായത്ത്.
കുരുന്നു പ്രതിഭകളുടെ സര്‍ഗ്ഗശേഷികള്ക്ക് സ്ഥിരം വേദിയൊരുക്കിയാണ് വിദ്യാലയ റേഡിയോ എന്ന നൂതന പദ്ധതിക്ക് ഗ്രാമപഞ്ചായത്ത് തുടക്കമിട്ടത്. ഗ്രാമപഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ 12 വിദ്യാലയങ്ങളിലെ കുട്ടികളുടെ വിവിധ പരിപാടികളാണ് റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുക. ഇതിനായി ചെറുകുളത്തൂര്‍ .ജി.എല്‍.പി സ്കൂളില്‍ പ്രത്യേക സ്റ്റുഡിയോ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഇത്തരം ഒരു പദ്ധതി ഏറ്റെടുക്കുന്നത്.
ആഴ്ചയില് ഒരിക്കല് ഒരു വിദ്യാലയത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ സ്റ്റുഡിയോയില്‍ വന്ന് പരിപാടികള്‍ അവതരിപ്പിക്കും. ഇവ യു ട്യൂബ് ചാനലിലൂടെയും വാട്സപ്പിലൂടെയും പ്രചരിപ്പിക്കും. വിദ്യാലയം തുറക്കുന്നതോടെ പരിപാടികള്‍ ഒരേ സമയം പഞ്ചയത്തിലെ എല്ലാ വിദ്യാലയങ്ങളിലും സംപ്രേക്ഷണം ചെയ്യും. കലാപ്രതിഭകള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിനും സ്റ്റുഡിയോ സംവിധാനം പരിചയപ്പെടുന്നതിനും പദ്ധതിയിലൂടെ സാധിക്കും.
പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. ആധുനിക വിദ്യാഭ്യാസം എങ്ങിനെയാകണം എന്ന് തിരിച്ചറിഞ്ഞ് കൊണ്ടുള്ള ഇടപെടലാണ് വിദ്യാലയ റേഡിയോ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വളരെ നൂതനവും മാതൃകാപരവുമായ പദ്ധതിയാണിത്. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഏറ്റെടുക്കാവുന്ന പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
അഡ്വ.പി.ടി.എ.റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.കെ.രാഘവന്‍ എം.പി.മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത, വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഷറഫുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ ടി.എം.ചന്ദ്രശേഖരന്‍ സംസാരിച്ചു.