ഡോ. ബി ആര്‍ അംബേദ്കർ-
ഇന്‍ഡ്യയുടെ ഭരണഘടനാ ശില്‍പ്പി
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ . അദ്ദേഹത്തിന്റെ ജനനം 1891 ഏപ്രിൽ 14 നും മരണം 1956 ഡിസംബർ 6 നും ആയിരുന്നു. ദലിതരോടുള്ള സാമൂഹിക വിവേചനത്തിനെതിരെ പ്രചാരണം നടത്തിയ ഒരു ഇന്ത്യൻ നിയമജ്ഞൻ, സാമ്പത്തിക വിദഗ്ധൻ, രാഷ്ട്രീയക്കാരൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനായിരുന്നു. ജാതിവ്യവസ്ഥയ്ക്ക് എതിരെയും തൊടുകൂടായ്മയ്ക്ക് എതിരേയും അദ്ദേഹം ജീവിതാവസാനം വരെ പോരാടി.ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് ഡോ. അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു.സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു അദ്ദേഹം. 1990 ൽ ഇന്ത്യയിലെ പരമോന്നത സിവിലിയൻ അവാർഡായ ഭാരതരത്ന മരണാനന്തര ബഹുമതിയായി ഡോ. അംബേഡ്കറിന് സമ്മാനിച്ചു.
രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തുന്നതിനായി ഡോ. അംബേദ്കറിന്റെ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീകൃതമായി. ജീവിതത്തില്‍ ഒരുപാട് സാമ്പത്തിക സാമൂഹിക പ്രതിസന്ധകള്‍ തരണം ചെയ്ത് പഠിച്ച് വന്ന അംബേദ്കര്‍ കലാലയ വിദ്യാഭ്യാസം കരസ്ഥമാക്കുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും നിയമം, സാമ്പത്തിക ശാസ്ത്രം, പൊളിറ്റിക്കൽ സയൻസ് എന്നിവയിൽ ഗവേഷണം നടത്തിയതിന് പണ്ഡിതനെന്ന നിലയിൽ പ്രശസ്തി നേടുകയും ചെയ്തു. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ സാമ്പത്തിക ശാസ്ത്രജ്ഞൻ, പ്രൊഫസർ, അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവ വിഷയമാക്കി അദ്ദേഹം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ പിൽക്കാല ജീവിതത്തെ അടയാളപ്പെടുത്തി; ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പ്രചാരണത്തിലും ചർച്ചകളിലും, ജേണലുകൾ പ്രസിദ്ധീകരിക്കുന്നതിലും, രാഷ്ട്രീയ അവകാശങ്ങളും ദലിതരുടെ സാമൂഹിക സ്വാതന്ത്ര്യവും വാദിക്കുന്നതിലും അദ്ദേഹം പങ്കാളിയായി. 1956-ൽ അദ്ദേഹം ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തു, ദലിതരുടെ കൂട്ട പരിവർത്തനത്തിന് തുടക്കമിട്ടു.
ഗെയ്ക്ക്‍വാദിലെ മിലിട്ടറി സെക്രട്ടറിയായി നിയമിതനായെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. അദ്ദേഹം ഒരു സ്വകാര്യ അദ്ധ്യാപകനായി, അക്കൗണ്ടന്റായി ജോലി ചെയ്തു, ഒരു നിക്ഷേപ കൺസൾട്ടിംഗ് ബിസിനസ്സ് സ്ഥാപിച്ചു, പക്ഷേ അദ്ദേഹം തൊട്ടുകൂടാത്തവനാണെന്ന് കക്ഷികള്‍ അറിഞ്ഞപ്പോൾ അത് പരാജയപ്പെട്ടു. മുംബൈയിലെ സിഡൻഹാം കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് ഇക്കണോമിക്‌സിൽ പൊളിറ്റിക്കൽ ഇക്കണോമിക്സ് പ്രൊഫസറായ അദ്ദേഹം വിദ്യാർത്ഥികള്‍ക്ക് പ്രിയപ്പെട്ടവനായെങ്കിലും മറ്റ് പ്രൊഫസർമാർ അദ്ദേഹവുമായി കുടിവെള്ളം പങ്കിടുന്നത് പോലും എതിർത്തു
Government of India Act 1919 തയ്യാറാക്കുന്ന സൗത്ത്ബറോ കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ ഡോ. അംബേദ്കറെ ക്ഷണിച്ചിരുന്നു. തൊട്ടുകൂടാത്തവർക്കും മറ്റ് മതവിഭാഗങ്ങൾക്കും പ്രത്യേക വോട്ടവകാശവും സംവരണവും സൃഷ്ടിക്കണമെന്ന് അംബേദ്കർ വാദിച്ചു. ബോംബെ ഹൈക്കോടതിയിൽ നിയമം അഭ്യസിക്കുന്നതിനിടയിൽ, തൊട്ടുകൂടാത്തവർക്ക് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും അവരുടെ ജീവിത നിലവാരം ഉയർത്താനും അദ്ദേഹം ശ്രമിച്ചു. അധ:സ്ഥിതരുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക ഉന്നതിക്കും അവരുടെ ക്ഷേമത്തിനുമായി Bahishkrit Hitakarini Sabha എന്ന ഒരു സ്ഥാപനം അദ്ദേഹം ആരംഭിച്ചു. 1920 ജനുവരി 31 ന് അദ്ദേഹം മുംബൈയിൽ മൂക‍്നായക് എന്ന തന്റെ ആദ്യത്തെ പത്രം പ്രസിദ്ധീകരണം ആരംഭിച്ചു. പിന്നീട് അദ്ദേഹം മൂന്ന് പത്രങ്ങൾ കൂടി സ്ഥാപിച്ചു - ബഹിഷ്കൃത് ഭാരത് (1927-1929), ജനത (1930-56), പ്രബുദ്ധ ഭാരത് (1956).
1927 ആയപ്പോഴേക്കും തൊട്ടുകൂടായ്മയ്‌ക്കെതിരെ സജീവമായ നീക്കങ്ങൾ നടത്താൻ അദ്ദേഹം തീരുമാനിച്ചു. പൊതു കുടിവെള്ള സ്രോതസ്സുകൾ തുറക്കുന്നതിനായി അദ്ദേഹം പൊതു മുന്നേറ്റങ്ങളും മാർച്ചുകളും ആരംഭിച്ചു. നഗരത്തിലെ പ്രധാന വാട്ടർ ടാങ്കിൽ നിന്ന് കുടിവെള്ളം എടുക്കുന്നതിനുള്ള ദലിത് സമൂഹത്തിന്റെ അവകാശത്തിനായി അദ്ദേഹം മഹാദില്‍ ഒരു സത്യാഗ്രഹം നടത്തി. 1927 ന്റെ അവസാനത്തിൽ നടന്ന ഒരു സമ്മേളനത്തില്‍ ജാതി വിവേചനത്തെയും തൊട്ടുകൂടായ്മയെയും ന്യായീകരിച്ചതിന് മനുസ്മൃതി (മനുവിന്റെ നിയമങ്ങൾ) ഗ്രന്ഥത്തെ ഡോ. അംബേദ്കർ പരസ്യമായി അപലപിച്ചു. 1932 ൽ ബ്രിട്ടീഷ് സര്‍ക്കാർ ദലിതര്‍ക്കായി പ്രത്യേക വോട്ടവകാശം പ്രഖ്യാപിച്ചു. പ്രത്യേക വോട്ടർമാരെ ഗാന്ധി ശക്തമായി എതിർത്തു, അത്തരമൊരു ക്രമീകരണം സമൂഹത്തെ ഭിന്നിപ്പിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഇതിനെതിരെ യേര്‍വാദ ജയിലില്‍ ഗാന്ധിജി ഉപവാസം ആരംഭിച്ചു. ഈ സാഹചര്യത്തില്‍ കോൺഗ്രസ് നേതാക്കളായ മദൻ മോഹൻ മാളവ്യ, പൽവങ്കർ ബലൂ എന്നിവര്‍ അംബേദ്കറുമായും അദ്ദേഹത്തിന്റെ അനുയായികളുമായും യെർവാഡയിൽ സംയുക്ത യോഗങ്ങൾ സംഘടിപ്പിച്ചു. 1932 സെപ്റ്റംബർ 25 ന് അംബേദ്കറും മദൻ മോഹൻ മാളവ്യയും തമ്മിൽ പൂന കരാർ എന്നറിയപ്പെടുന്ന കരാർ ഒപ്പിട്ടു. കരാര്‍ പ്രകാരം നിയമ നിര്‍മ്മാണ സഭകളില്‍ ദളിതര്‍ക്ക് 148 സീറ്റുകൾ സംവരണം ചെയ്‍തു. ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്ഡൊണാൾഡ് മുന്നോട്ടുവച്ച 71 സീറ്റുകള്‍ക്ക് പകരമായിരുന്നു ഇത്. ദലിത് സമൂഹത്തിന് സ്വന്തം സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഇതിലൂടെ സാധിച്ചു. ഈ ശ്രമങ്ങളുടെ തുടര്‍ച്ചയായി അയിത്തജാതിക്കാരെ സൂചിപ്പിക്കാൻ പട്ടികജാതി, പട്ടികവർഗ്ഗക്കാർ എന്ന പദങ്ങള്‍ ഇന്ത്യാ ആക്റ്റ് 1935 പ്രകാരം നിലവില്‍ വന്നു.
1935 ൽ ഡോ. അംബേദ്കറിനെ ബോംബെയിലെ ഗവൺമെന്റ് ലോ കോളേജിന്റെ പ്രിൻസിപ്പലായി നിയമിച്ചു. ദില്ലി യൂണിവേഴ്സിറ്റിയിലെ രാംജാസ് കോളേജിന്റെ സ്ഥാപകനായ ശ്രീ റായ് കേദാർനാഥിന്റെ മരണശേഷം ഗവേണിംഗ് ബോഡിയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹം ബോംബെയിൽ താമസമാക്കുകയും 50,000 ലധികം പുസ്തകങ്ങളുള്ള ഒരു സ്വകാര്യ ലൈബ്രറി തന്റെ വീട്ടില്‍ ഒരുക്കുകയും ചെയ്തു.അതേ വർഷം അസുഖത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ റമാബായി അന്തരിച്ചു. ഒക്ടോബർ 13 ന് നാസിക്കിൽ നടന്ന യെയോള പരിവർത്തന സമ്മേളനത്തിൽ അംബേദ്കർ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ആഗ്രഹം പ്രഖ്യാപിച്ചു.1936 ൽ ഡോ. അംബേദ്കർ ഇൻഡിപെൻഡന്റ് ലേബർ പാർട്ടി സ്ഥാപിച്ചു. 1937 ലെ ബോംബെ തിരഞ്ഞെടുപ്പിൽ കേന്ദ്ര നിയമസഭയിലേക്ക് 13 സംവരണ സീറ്റിലും , 4 ജനറൽ സീറ്റിലും മത്സരിച്ച് യഥാക്രമം 11, 3 സീറ്റുകൾ നേടി. 1952 ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ബോംബെ നോർത്തില്‍ ഡോ. അംബേദ്കർ മത്സരിച്ചെങ്കിലും കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായ നാരായൺ കജ്‌റോൽക്കറോട് പരാജയപ്പെട്ടു. പിന്നീട് ഡോ. അംബേദ്കർ രാജ്യസഭയിൽ അംഗമായി. ഭണ്ഡാരയിൽ നിന്ന് 1954 ലെ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം മല്‍സരിച്ചു പരാജയപ്പെട്ടു.1956 ഡിസംബർ 6 ന് ദില്ലിയിലെ വീട്ടിൽ വച്ച് അംബേദ്കർ ഇഹലോകവാസം വെടിഞ്ഞു.
ഒരു സാമൂഹിക-രാഷ്ട്രീയ പരിഷ്കർത്താവെന്ന നിലയിൽ ഡോ. അംബേദ്കര്‍ ആധുനിക ഇന്ത്യയെ ആഴത്തിൽ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചിന്തകളെ സ്വാതന്ത്ര്യാനന്തര രാഷ്ട്രം ഉടനീളം ബഹുമാനിക്കുന്നു. അദ്ദേഹം വിത്തു പാകിയ സംരംഭങ്ങൾ ജീവിതത്തിന്റെ വിവിധ മേഖലകളെ സ്വാധീനിക്കുകയും സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ, നിയമപരമായ പ്രവർത്തനങ്ങളെ രാജ്യത്ത് ഉത്തേജിപ്പിക്കുകയും ചെയ്തു. വ്യക്തിസ്വാതന്ത്ര്യത്തിൽ തീവ്രമായി വിശ്വസിക്കുകയും ജാതി വ്യവസ്ഥയെ വിമർശിക്കുകയും ചെയ്തു. ബുദ്ധമതത്തിലേക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനം ഇന്ത്യയിലെയും വിദേശത്തെയും ബുദ്ധമത തത്ത്വചിന്തയോടുള്ള താൽപ്പര്യത്തെ പുനരുജ്ജീവിപ്പിച്ചു.
മുഹമ്മദ് ജാസിം കെ