Peruvayal News

Peruvayal News

കുന്ദമംഗലം ഗവ. കോളജ് ടര്‍ഫ് പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.


കുന്ദമംഗലം ഗവ. കോളജ് ടര്‍ഫ് പ്രവൃത്തി എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഗവ. കോളജ് ഗ്രൗണ്ടില്‍ പുതുതായി നിര്‍മ്മിക്കുന്ന ടര്‍ഫിന്റെ 
ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ മണ്ഡലം 
ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 70 ലക്ഷം രൂപ ചെലവിലാണ് ഫുട്ബോള്‍ 
ടര്‍ഫ് നിര്‍മ്മിക്കുന്നത്.

ചാത്തമംഗലം പഞ്ചായത്ത് വെള്ളന്നൂര്‍ കോട്ടോല്‍കുന്നില്‍ വിലക്കെടുത്ത് നല്‍കിയ 
സ്ഥലത്താണ് കോളജ് പ്രവർത്തിച്ചു വരുന്നത്. നാക് അക്രഡിറ്റേഷന്‍ ഉള്‍പ്പടെയുള്ള 
കാര്യങ്ങല്‍ക്കായി വിവിധ പ്രവർത്തനങ്ങളാണ് കോളജിനോടനുബന്ധിച്ച് നടത്തി വരുന്നത്. 

നിലവിലുള്ള കെട്ടിടത്തിന് മുകളില്‍ 5 കോടി രൂപ ചെലവില്‍ അക്കാദമിക്ക് ബ്ലോക്കിന്‍റെ 
രണ്ടാംഘട്ട പ്രവൃത്തി നടന്നു വരികയാണ്. കിഫ്ബി മുഖേന 10 കോടി രൂപ ചെലവില്‍ 
നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്‍റെ പ്രവൃത്തി ടെണ്ടര്‍ ചെയ്തിരിക്കുകയാണ്.

എം.എല്‍.എയുടെ ഫണ്ട് ഉപയോഗപ്പെടുത്തി ഫുട്ബോള്‍ ടര്‍ഫ് നിര്‍മ്മിക്കുന്ന 
സംസ്ഥാനത്തെ ആദ്യ ഗവ. കോളജാണ് കുന്ദമംഗലം. കെട്ടിടം ഉള്‍പ്പെടെ 
ആവശ്യമായ മറ്റ് സൗകര്യങ്ങള്‍കൂടി ഏര്‍പ്പെടുത്തി തൊഴില്‍ സാധ്യത കൂടുതലുള്ള 
നൂതന കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട് അദ്ധ്യക്ഷത 
വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുനിത പൂതക്കുഴിയില്‍, വാര്‍ഡ് മെമ്പര്‍ എന്‍ സുരേഷ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ ഡോ. ജയിന്‍ ജോണ്‍ സംസാരിച്ചു. 
പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് വി.പി ബഷീര്‍ സ്വാഗതവും അസോസിയേറ്റ് പ്രൊഫസര്‍ 
ഡോ. കെ മുഹമ്മദ് നൗഫല്‍ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live