പുതിയ ലോകത്ത് എല്ലാവർക്കും സൗകര്യങ്ങൾ കൂടിയപ്പോൾ എല്ലാവരും സ്വയം ഉൾവലിയാൻ തുടങ്ങി.
ഈ ഉൾവലിയൽ പലരെയും പിന്നീട് ആത്മസംഘർഷങ്ങളിലേക്ക് നയിക്കുകയും ചെയ്തു.അവനവനിലേക്ക് ചുരുങ്ങുന്നതാണ് എല്ലാ ആത്മസംഘർഷങ്ങളുടെ അടിസ്ഥാന കാരണം .സ്വന്തം ഇഷ്ടങ്ങളെയും മുൻഗണനകളെയും മാത്രം താലോലിക്കുന്ന ഇവർ ആത്മ നിർവൃതിയിൽ ആനന്ദം കണ്ടെത്തുന്നവരാകും ..
ഇത്തരക്കാർ വിചാരിക്കുക ഈ ഭൂമി കറങ്ങുന്നത് പോലും തനിക്ക് വേണ്ടി മാത്രം ആണെന്ന രീതിയിൽ ആവും . സ്വന്തം മനസ്സിനിണങ്ങാത്ത എല്ലാ കാര്യങ്ങളും ഇവർ സംശയ ദൃഷ്ടിയോടെയാവും വീക്ഷിക്കുക.
സ്വന്തം പ്രിയങ്ങളെ മാത്രം വളർത്തുന്നവർക്ക് ചില നിർബന്ധങ്ങളുമുണ്ടാകും.,എല്ലാവരും താൻ ചിന്തിക്കുന്നത് പോലെ ചിന്തിക്കണം , പ്രവർത്തിക്കണം . തന്നെ പ്രോൽസാഹിപ്പിക്കുക എന്നതാണ് മറ്റ് എല്ലാവരുടെയും ജീവിത നിയോഗം . ആരും തന്നെ ചോദ്യം ചെയ്യാൻ പാടില്ല ...എന്നിങ്ങനെ പോവും ഇവരുടെ ചിന്തകൾ... ഇവയിൽ ഏതെങ്കിലും തകർക്കപ്പെടുമ്പോൾ ഇവർ വിഷാദത്തിലേക്കും സ്വയം അവമതിപ്പിലേക്കും ഇടിഞ്ഞു താഴും.
എന്നാൽ ഇതിന് നേരെ വിപരീതം ആണ് മറ്റുള്ളവരെയും കരുതുക എന്നത് .അവനവനിലേക്കുള്ള യാത്ര പോലെ തന്നെ ആണ് മറ്റുള്ളവരിലേക്കുള്ള യാത്രയും എന്നും ,എല്ലാവരും തനിക്ക് വേണ്ടി ആണ് എന്നതിനേക്കാൾ താൻ മറ്റുള്ളവർക്ക് വേണ്ടി എന്ന ചിന്തയും ...,സഹജീവികൾക്ക് ആയി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ആനന്ദം വേറെ എങ്ങു നിന്നും ലഭിക്കില്ല.