തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിച്ച പയ്യടിമീത്തൽ ജി.എൽ.പി സ്കൂൾ കിച്ചൻ റൂമിന്റെയും ഡൈനിങ്ങ് ഹാളിന്റെയും ഉദ്ഘാടനം ജില്ലാ കളക്ടർ നിർവ്വഹിക്കും
മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയായ പയ്യടിമീത്തൽ ജി.എൽ.പി.സ്കൂളിൽ കിച്ചൻ മുറിയുടെ ഉദ്ഘാടനം നവംബർ അഞ്ചിന് ബഹു.ജില്ലാ കളക്ടർ ശ്രീ.സാംബശിവ റാവു നിർവ്വഹിക്കും.ചടങ്ങിൽ ബഹു.പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ അജിത അധ്യക്ഷത വഹിക്കും.പന്ത്രണ്ട് ലക്ഷം രൂപ വകയിരുത്തിയാണ് 620 ചതുരശ്ര അടിയിൽ അടുക്കളയും ഡൈനിങ്ങ് ഹാളും നിർമ്മിച്ചത്.ഡൈനിങ്ങ് ഹാൾ പ്രവർത്തിയുടെ 90% പൂർത്തിയായി.കെട്ടിടത്തിന്റെ നിർമ്മാണ വേളയിൽ വലിയ കടമ്പകൾ മറികടന്നാണ് കിച്ചൻ റൂം പൂർത്തീകരിച്ചത്.
തൊഴിലുറപ്പ് പദ്ധതി അവിദഗ്ധ/വിദഗ്ധ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തി ഉറപ്പുള്ള പാറ പൊട്ടിച്ചാണ് കെട്ടിടത്തിന്റെ ഫൗണ്ടേഷൻ ഒരുക്കിയത്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഗവണ്മെന്റ് സ്കൂളുകളിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനു ധനുഷ് സമൃദ്ധിപദ്ധതിയുടെ ഉപമിഷനായ 'മിത്ര' യിൽ ശ്രദ്ധിക്കപ്പെടുന്ന പ്രവർത്തി കൂടിയാണിത്. കഴിഞ്ഞ വർഷം മഹാത്മാഗാന്ധി എൻ.ആർ ഇ. ജി.എസിലൂടെ സ്കൂളിൽ കളി സ്ഥലം ഒരുക്കിയിരുന്നു.തൊഴിലുറപ്പ് പദ്ധതി മുന്നോട്ടു വയ്ക്കുന്ന മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾക്കോടപ്പം തന്നെ പഞ്ചായത്തിൽ വലിയ ആസ്തികൾ സൃഷ്ടിക്കുന്നതിലും പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയെ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.