പണത്തിനൊ പദവിക്കൊ ഒന്നും ചിലപ്പോൾ നൽകാൻ കഴിയാത്ത ഒന്ന് ഉണ്ടെങ്കിൽ അത് ആത്മാഭിമാനം ആയിരിക്കും....
എത്ര ദുർബലവും ലോലവും ആണ് ഓരോ മനുഷ്യ ഹൃദയവും . പുറമേ കാണിക്കുന്ന ദൃഡതയോ ആർജവമോ പലപ്പോഴും ഉള്ളിൽ ഉണ്ടാവണം എന്നില്ല...ദുർബലമായ വസ്തുക്കൾ വിൽക്കുന്ന കടകളിൽ എഴുതി വച്ചിരിക്കുന്നത് കാണാം 'ഹാൻഡിൽ വിത്ത് കെയർ ' എന്ന്. ഇത് മനുഷ്യ മനസ്സിന്റെ കാര്യത്തിലും ശരിയാണ്.
പലരും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത് ചെയ്തു പോയ തെറ്റുകൾ ഓർത്തിട്ട് ആവില്ല. അല്ലെങ്കിൽ അകപ്പെട്ട് പോയ കെണികളെ ഓർത്ത് ആവില്ല .അവയെ കുറിച്ച് ആളുകൾ പറഞ്ഞു പരത്തുന്ന അപമാന വാക്കുകൾ ഓർത്തിട്ടാണ് ..പരിഹാസ പാത്രമായി മാറാനുള്ള മടിയോർത്തിട്ടാണ്..പോരായ്മകളെക്കാൾ വലുതാണ് അവയെ കുറിച്ച് പറഞ്ഞ് പരത്തുന്ന വാർത്തകൾ. .. പോരായ്മകൾ തിരുത്തപ്പെട്ടാലും അവയെ കുറിച്ചുള്ള പ്രചാരണങ്ങൾ കുറയണം എന്നില്ല .ഒരാളുടെ സ്വത്ത് തട്ടിയെടുക്കുന്നതിനേക്കാൾ നീചം ആണ് അയാളുടെ ആത്മാഭിമാനം തകർത്ത് കളയുന്നത്
താൻ പരിഹസിക്കപ്പെടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ ഒരിക്കലും ഏർപ്പെടാത്ത പരീക്ഷണങ്ങൾക്കും സാഹസികതകൾക്കും എല്ലാവരും തയ്യാറായേക്കും ...പരീക്ഷണങ്ങളിൽ പരാജയപ്പെട്ടാലുള്ള മാനഹാനിയാണ് പരാജയത്തേക്കാൾ ഇവരെ പിന്നോട്ട് വലിക്കുക
പിന്നെ ചിലരുണ്ട് ശരീര പ്രകൃതി നോക്കി പരിഹസിക്കുന്നവർ. കാഴ്ച്ചയില്ലാത്തവനെ പൊട്ടക്കണ്ണൻ എന്ന് വിളിക്കുമ്പോഴുണ്ടാകുന്ന മാനസികവ്യഥ എത്ര മാത്രമായിരിക്കും. തിരുത്താൻ കഴിയുന്ന തെറ്റുകളെ പരിഹസിക്കുന്നതിൽ ഒരു നീതിബോധം എങ്കിലും ഉണ്ട് .എന്നാൽ ഒരിക്കലും പരിഹരിക്കാൻ ആവാത്ത ശരീര പ്രകൃതി പോലുള്ളവയെ കാട്ടി പരിഹസിക്കുന്നതിൽ എന്ത് അർത്ഥം ആണുള്ളത്...
Giving Group Kerala
Faisal Peruvayal