സൗജന്യ ടർഫ് സ്റ്റേഡിയവും ആംബുലൻസും വാഗ്ദാനം ചെയ്ത് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 11-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ.ഇ.ഫസൽ
പെരുമണ്ണ: ആസന്നമായ തദ്ദേശ തെരെഞ്ഞെടുപ്പിൽ കായിക പ്രേമികൾക്ക് ഏറെ സന്തോഷം നൽകുന്ന വാഗ്ദാനവുമായി സ്ഥാനാർത്ഥി.പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉൾപ്പെടുന്ന പതിനൊന്നാം വാർഡിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ഇ.ഫസലിൻ്റെതാണ് വാഗ്ദാനം.
ഒപ്പം വാർഡിലെ മുഴുവൻ ജനങ്ങൾക്കും ആതുരശുശ്രൂഷകൾക്കായി ആംബുലൻസ് വാഗ്ദാനവും ഇദ്ദേഹം നൽകുന്നുണ്ട്.നിലവിൽ പെരുമണ്ണ സർവ്വീസ് സഹകരണ ബേങ്കിൻ്റെ പ്രസിഡൻ്റ് കൂടിയാണ് ഇദ്ദേഹം.2005-2010 കാലയളവിലെ പഞ്ചായത്ത് ഭരണസമിതിയുടെ കാലയളവിൽ പന്ത്രണ്ടാം വാർഡിൻ്റെ മെമ്പർ കൂടിയായിരുന്ന കെ.ഇ.ഫസലിൻ്റെ സൗജന്യ ടർഫ് വാഗ്ദാനം ഏറെ പ്രതീക്ഷയോടെയാണ് കായിക പ്രേമികളായ യുവാക്കൾ നോക്കി കാണുന്നത്. സിവിൽ എഞ്ചിനീയർ കൂടിയായ കെ.ഇ.ഫസൽ പ്രസിഡൻ്റായ കാലയളവിലാണ് ബസ്റ്റാൻ്റിന് സമീപത്തുള്ള ബേങ്കിൻ്റെ കെട്ടിടം അത്യാധുനിക രീതിയിൽ പുതുക്കി പണിതിട്ടുള്ളത്. കുറ്റിക്കാട്ടൂരിലെ ഒരു ബ്രാഞ്ച് മാത്രമുണ്ടായിരുന്ന ബേങ്കിന് പന്നിയൂർകുളം, പയ്യടി മേത്തൽ, വെള്ളിപറമ്പ് എന്നിവിടങ്ങളിൽ മൂന്ന് ബ്രാഞ്ചുകൾ കൂടി സ്ഥാപിച്ചതും ഇദ്ദേഹത്തിൻ്റെ ശ്രമഫലമായാണ്.ഇത്തരം പ്രവർത്തനങ്ങൾ ജനപ്രതിനിധി കൂടിയായാൽ വിപുലപ്പെടുത്താനും അത് വഴി വാർഡിൻ്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാനും കഴിയുമെന്നാണ് സിവിൽ എഞ്ചിനീയർ കൂടിയായ ഇദ്ദേഹം പറയുന്നത്.പെരുമണ്ണയിലെ വലിയ കുടുംബങ്ങളിൽ ഒന്നായ കെ.ഇ.കുടുംബത്തിൻ്റെ പിന്തുണയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫസൽ.സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തംഗമായി തെരെഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ എം.എ.പ്രതീഷാണ് വാർഡിലെ ഇടത് സ്ഥാനാർത്ഥി. കഴിഞ്ഞ ഭരണസമിതിയിൽ നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയതാണ് പ്രതീഷ് ശ്രദ്ധേയനായത്. കരിയാട്ട് പ്രകാശന്‍ ആണ് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സര രംഗത്തുള്ളത്.2015ലെ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിലെ സി.പി.ഐ പ്രതിനിധി ഉഷാകുമാരി കരിയാട്ട് മുന്നൂറിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്നും വിജയിച്ചത്.