നല്ല ശീലങ്ങൾ ,
ഭാഗം :22
ആത്മവിശ്വാസം അതല്ലേ എല്ലാം .
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
ആത്മവിശ്വാസം ഇല്ലാത്ത ഒരാളെ നിങ്ങൾക്ക് പരിചയപ്പെടുത്താം .
" ഞാൻ എഞ്ചിനിയറിങ്ങ് ബിരുദധാരിയായ ഒരു യുവാവാണ് .എഴുപത്തിയഞ്ചു ശതമാനം മാർക്ക് നേടിയിട്ടുണ്ട് .പക്ഷേ , ജോലിക്കായുള്ള എല്ലാ അഭിമുഖത്തിലും ഞാൻ തോറ്റു പോകുന്നു .സ്കൂളിൽ പഠിച്ചത് മലയാളം മീഡിയത്തിലാണ് .അത്കൊണ്ട് തീരെ ധൈര്യമില്ല .എന്തോ ഒരു കുറവുള്ളത് പോലെ .പ്ലസ്‌ടു മുതൽ ഇങ്ങനെയാണ് .വിജയിക്കുമെന്ന വിചാരത്തോടെ പിന്നീട് ഒരു പരീക്ഷയും ഞാൻ എഴുതിയിട്ടില്ല .അത്കൊണ്ട് എനിക്ക് എപ്പോഴും ഉത്കണ്ഠയാണ് .ഇതൊക്കെയാണെങ്കിലും ഒരുവിധം മാർക്ക് എനിക്ക് കിട്ടുമായിരുന്നു .എന്റെ കഴിവിനേക്കാൾ ,ഭാഗ്യം കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് .സത്യമായിട്ടും എന്നെ ഒന്നിനും കൊള്ളില്ല .ആളുകളെ അഭിമുഖീകരിക്കാൻ എനിക്ക് ആത്മവിശ്വാസം ഇല്ല .ഞാനൊരു തികഞ്ഞ പരാജയമാണെന്ന് എനിക്ക് അറിയാം .അങ്ങനെയല്ലെന്ന് മാതാപിതാക്കളും അടുത്ത കൂട്ടുകാരും പറയാറുണ്ട് .ഒരു ക്ലാസ്സിലും തോൽക്കാതെ നല്ല മാർക്ക് വാങ്ങി എൻജിനീയറിങ് പാസ്സായില്ലേ എന്നാണ് ഇവരൊക്കെ പറയുന്നത് .എന്റെ മിടുക്ക് കൊണ്ടല്ല ഇതെന്ന് അവർക്ക് അറിയില്ലല്ലോ .എന്റെ കൂട്ടുകാർക്കുള്ള ഒരു വൈഭവവും എനിക്കില്ല .ഞാൻ ഒരു വട്ടപ്പൂജ്യമാണ് . "
ആത്മവിശ്വാസ തകർച്ചയുള്ള ഒരു വ്യക്തിയുടെ സങ്കടങ്ങളുടെ ചിത്രമാണിത് .
ആരോഗ്യകരമായ ആത്മവിശ്വാസം ജീവിത മുന്നേറ്റത്തിന്ന് പ്രേരണ നൽകുന്ന ഊർജ്ജമാണ് .ഇരുൾ വീഴ്‌ത്തുന്ന പ്രശ്നങ്ങൾക്കിടയിലും മനസ്സിൽ ശുഭാപ്‌തി വിശ്വാസം വിതറുന്ന വെളിച്ചമാണ് .രക്ഷപ്പെടാനുള്ള വഴികൾ തെളിയിക്കുന്ന ചൂണ്ടു പലകയുമാണ് ആത്മവിശ്വാസം .കൃത്യമായ സ്വയം മതിപ്പിൽ നിന്നാണ് ആരോഗ്യകരമായ ആത്മവിശ്വാസം മുള പൊട്ടുന്നത് .എല്ലാവരും അവനവനു ഒരു വില ഇടാറുണ്ട് .മറ്റുള്ളവർ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ചൊല്ലുന്ന വാക്കുകൾ ഇതിനെ സ്വാധീനിച്ചേക്കാം .അത്കൊണ്ട് നിരാശപ്പെടേണ്ട .തകർന്നു പോകാതെ കൊള്ളാവുന്ന നിരീക്ഷണങ്ങൾ ഉൾക്കൊണ്ടു തിരുത്താൻ ശ്രമിക്കാം .അതാണ് ശരിയായ വഴി .ശക്തിയെയും ശക്തികുറവിനെയും സമചിത്തതയോടെ ഉൾക്കൊള്ളുക .ഉള്ള കരുത്ത് ഫലപ്രദമായി ഉപയോഗിച്ചു ദൗർബല്യങ്ങളെ മറികടക്കുവാൻ പരിശ്രമിക്കണം .
സ്വയം മതിപ്പിനെയും ആത്മവിശ്വാസത്തെയും തകർക്കുന്ന ഒത്തിരി കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായികൊണ്ടിരിക്കും .പൊരുതുവാനുള്ള തന്റെടമുണ്ടെന്ന വിശ്വാസത്തെ ചങ്ങാതിയായി കൂട്ടി നേരിടുകയാണ് ചെയ്യേണ്ടത് .പോരായ്മകൾക്കിടയിലും നിങ്ങൾക്ക് ശക്തികൾ ഉണ്ടെന്ന് മനസിലാക്കുക .ഞാൻ കൊള്ളാവുന്ന വ്യക്തിയാണെന്ന് മനസ്സിലുറപ്പിച്ചു ,പ്രസാദാത്മകമായ ചിന്തകൾ മനസ്സിലേക്ക് വിന്യസിപ്പിക്കുക
എ .ആർ കൊടിയത്തൂർ ,
GHSS PERINGOLAM.