നല്ല ശീലങ്ങൾ:
ഭാഗം : 23
ആത്മ വിശ്വാസത്തോടെ മുന്നോട്ട്...!
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
കഴിഞ്ഞ ദിവസം ആത്മവിശ്വാസം ഇല്ലാത്ത ആളുടെ രോദനം ഈ കുറിപ്പിലൂടെ നിങ്ങൾ വായിച്ചു . അദ്ദേഹത്തിന് ആത്മവിശ്വാസം കൈവന്നാൽ എങ്ങിനെ ഉണ്ടാവുമെന്ന് നമുക്ക് നോക്കാം . " ഞാൻ എൻജിനിയറിങ് ബിരുദധാരിയായ ഒരു യുവാവാണ് .ഇംഗ്ലീഷിൽ മോശമായതിനാൽ പ്ലസ് ടുവിൽ എത്തിയപ്പോൾ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായി .മനസ്സു തളർന്നു .ഒന്നിനും കൊള്ളില്ലെന്ന തോന്നലൊക്കെ ഉണ്ടായി .പക്ഷേ ,അതു ഞാൻ തിരിച്ചറിഞ്ഞു .ആ ചിന്തയുമായി ഞാൻ കലഹിച്ചു ,പോരടിച്ചു .സത്യത്തിൽ പാഠ്യ വിഷയങ്ങൾ എനിക്ക് മറ്റുള്ളവരെക്കാൾ നന്നായി മനസ്സിലാകുമായിരുന്നു .എനിക്ക് കഴിയുമെന്ന വിശ്വാസത്തോടെ ഞാൻ പോരാടി .നല്ല മാർക്ക് വാങ്ങി .എൻജിനീയറിങ്ങിന് പ്രവേശനം നേടി .എഴുപത്തിയഞ്ചു ശതമാനം മാർക്ക് വാങ്ങി .ആശയ വിനിമയത്തിൽ എനിക്ക് മികവ് പോരാ .അതു കൊണ്ട് ചില അഭിമുഖങ്ങൾ നന്നായി ചെയ്യാൻ പറ്റിയില്ല .ഇതാണ് എന്റെ ഇപ്പോഴത്തെ പോരായ്മ .സാരമില്ല ,അത് ഞാൻ ശരിയാക്കും .താമസിയാതെ ഞാൻ നല്ല ജോലി വാങ്ങും ."
ഓരോരുത്തർക്കും അവരവരെ കുറിച്ച് സ്വയം ഒരു വിലയിരുത്തലും ബോധ്യവും ഉണ്ടാകും .അതിന്റെ അടിസ്ഥാനത്തിൽ ആണ് ജീവിതത്തിലെ സകല കാര്യങ്ങളിലും നാം ഇടപെടുന്നത് .അവരവരെ കുറിച്ചും ,സ്വന്തം സാഹചര്യങ്ങളെ കുറിച്ചും ,സാധ്യതകളെ കുറിച്ചുമുള്ള ശരിയായ ധാരണകളാണ് ആത്മ ബോധം എന്നു പറയാം .ആത്മ ബോധത്തിൽ നിന്നാണ് ആത്മ വിശ്വാസമുണ്ടാകുന്നത് .തന്നെ കുറിച്ചു തന്നെയുള്ള ഉത്തമ ബോധ്യമാണ് അത് .അതിന്റെ അടിസ്ഥാനത്തിൽ ആണ് ഒരാളുടെ പെരുമാറ്റവും പ്രവൃത്തികളും .
മറ്റുള്ളവർ പരിഹസിക്കുകയോ കളിയാക്കുകയോ ചെയ്താലും നിങ്ങൾക്ക് ശരി എന്നു ബോധ്യമുള്ളത് ചെയ്യുക .കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യുക .തെറ്റ് ബോധ്യപ്പെട്ടാൽ അത് അംഗീകരിക്കുക .തെറ്റിൽ നിന്നു പാഠങ്ങൾ പഠിക്കുക .സമയത്ത് ജോലികൾ ചെയ്തു തീർക്കുക .കാര്യങ്ങൾ തുറന്നു പറയുക .വേണ്ടാത്ത കാര്യങ്ങൾ തിരിച്ചറിഞ്ഞു നിരാകരിക്കുക .മറ്റുള്ളവർ പറയുന്നത് സഹിഷ്ണുതയോടെ കേൾക്കുക .ഔചിത്യത്തോടെ സംസാരിക്കുക .വിയോജിപ്പുകൾ പ്രസാദാത്മകമായും സൗമ്യമായും അവതരിപ്പിക്കുക .നല്ലത് ഭവിക്കട്ടെ .
എ.ആർ കൊടിയത്തൂർ .
Ghss പെരിങ്ങൊളം .
കോഴിക്കോട്