നല്ല ശീലങ്ങൾ
ഭാഗം : 24
സ്വാർത്ഥത വേണ്ട
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
ചെറിയ അളവിലെങ്കിലും സ്വാർത്ഥത ഇല്ലാത്തവർ ഉണ്ടാകില്ലെന്ന് തോന്നുന്നു .സ്വാർത്ഥതയുടെ അളവ് കൂടുമ്പോഴാണ് പ്രശ്നം .നിങ്ങളെ കുറിച്ചു നിങ്ങൾക്ക് അറിയാവുന്നതിലേറെ കാര്യങ്ങൾ നിങ്ങളുടെ അയൽക്കാർക്ക് അറിയാം .ശരിയല്ലേ ഞാനീ പറഞ്ഞത് .
ചുറ്റുപാടും കാണുന്ന പല കാര്യങ്ങളും ശ്രദ്ധിക്കാനും മനസ്സിലാക്കാനും നമ്മിൽ പലരും ഒട്ടേറെ സമയം ചെലവഴിക്കാറുണ്ട് .എന്നാൽ വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒരു സംഗതിയെ കുറിച്ചു മാത്രം മനസ്സിലാക്കുവാൻ നാം ശ്രദ്ധിക്കാറില്ല .'സ്വയം മനസ്സിലാക്കൽ 'ആണത് .
അധികം ആളുകളും സ്വന്തം താല്പര്യങ്ങൾക്ക് മാത്രമേ മുൻതൂക്കം കൊടുക്കാറുള്ളൂ .പലരും തികഞ്ഞ സ്വാർത്ഥത മാത്രം വെച്ചു പുലർത്തുന്നവരാണ് .''ഞാൻ' ,'എന്റെ' എന്നുള്ള ചിന്ത മാത്രം വെച്ചു പുലർത്തുന്ന ഇവരുടെ മനോഭാവം മറ്റുള്ളവരുടെ കാര്യത്തിൽ ഞാൻ എന്തിനു താല്പര്യം കാണിക്കണം എന്നായിരിക്കും .
ബസ്സിൽ യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ചില കാര്യങ്ങൾ ഉണ്ട് .രണ്ടാളുടെ സീറ്റിൽ ,ആദ്യം ഇരിക്കുന്ന ആൾ സീറ്റിന്റെ മുക്കാൽ ഭാഗവും കയ്യടക്കി വെച്ചിട്ടുണ്ടാവും .പോരാത്തതിന് ,ചെറിയൊരു ബാഗ് സൈഡിൽ തിരുകിയിട്ടുമുണ്ടാവും .ഇനി വരുന്ന ആൾ എങ്ങനെ ഇരുന്നാലെന്താ ,എന്നാണ് ഭാവം .പ്രയാസപ്പെട്ട് ഇരിക്കുന്ന രണ്ടാമൻ ഇത്തിരി നീങ്ങിയിരിക്കാമോ എന്നു ചോദിച്ചാൽ ,കനപ്പിച്ചൊരു നോട്ടമായിരിക്കും ഫലം .ചിലർ മനമില്ലാ മനസ്സോടെ ഇത്തിരി ഒതുങ്ങും .
ജീവിതത്തിൽ പല രൂപത്തിലുള്ള അഡ്ജസ്റ്റ്മെന്റുകൾ നടക്കണം .എന്റെ സുഖം മറ്റുള്ളവരുടെയും സുഖമായി കാണാൻ നമുക്ക് കഴിയണം .ഓരോ ദിവസവും മറ്റുള്ളവർക്ക് വേണ്ടി എന്തു ചെയ്തു എന്നു നാം ആലോചിക്കണം .നമ്മുടെ ഒരു പ്രവൃത്തി കൊണ്ട് മറ്റൊരാളിൽ സന്തോഷമുളവാകുന്നുവെങ്കിൽ മാത്രമേ നമുക്ക് സന്തോഷിക്കുവാൻ ഒക്കുകയുള്ളൂ .ഈ സത്യം മനസ്സിലാക്കിയാൽ നമ്മൾ സ്വാർത്ഥത കൈവെടിയും .അപ്പോൾ ആനന്ദവും സംതൃപ്തിയും നമ്മെ വലയം ചെയ്യും .എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ജീവിതമാണ് നാം നയിക്കേണ്ടത് .സ്കൂളിലും കൂട്ടുകാർക്കിടയിലും സ്വാർത്ഥത ഇല്ലാത്ത പ്രവർത്തനമാണ് നിങ്ങളിൽ നിന്നും ഉണ്ടാവേണ്ടത് .വിശാലമായ മനസ്സിനെ കുടുസ്സാക്കരുത് .ചുറ്റുമുള്ളവരെയെല്ലാം നല്ലവരായി കണക്കാക്കുക .നിസ്വാർത്ഥ സേവന നിരതരാവുക .
എ .ആർ .കൊടിയത്തൂർ
GHSS പെരിങ്ങൊളം