നല്ല ശീലങ്ങൾ
ഭാഗം : 25
മനസ്സിന്നു കുളിർമ .
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
നമ്മുടെ കഴിവുകൾ നമ്മുടെയും സമൂഹത്തിന്റെയും നന്മക്കു വേണ്ടി വിനിയോഗിക്കുകയും പരസ്പരം ആത്മാർത്ഥതയോടു കൂടി ജീവിക്കുകയും ചെയ്താൽ ശോഭനമായ ഒരു ഭാവി നമുക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും .മനുഷ്യ മനസ്സിൽ കുടികൊള്ളുന്ന "സ്നേഹം " എന്ന ശക്തി വളർത്തിയെടുക്കുകയും സജീവമാക്കുകയും ചെയ്താൽ , ദുഷ്ടത ഒഴിവാക്കുവാനും സൗഭാഗ്യം കൈവരിക്കുവാനും അനായാസം സാധിക്കും .മഹാകവി കുമാരനാശാൻ പാടി .
"സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം .
സ്നേഹത്താൽ വൃദ്ധി നേടുന്നു ."
പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കുക എന്നുള്ളതാണ് മനുഷ്യന്റെ ഏറ്റവും വലിയ കടമ .
നാം സാധാരണ കണ്ടു വരാറുള്ള സംഭവമാണല്ലോ റോഡ് അപകടങ്ങൾ .ഒരു വാഹനം ഒരാളുടെ മേൽ തട്ടി പരിക്ക് പറ്റുന്നു . തട്ടിച്ച ആൾ ദാക്ഷിണ്യമില്ലാതെ തടി സലാമത്താക്കുന്നു .ചോരയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന ആളെ നോക്കി ,സഹതാപം അറിയിച്ചു പലരും കടന്നു പോകുന്നു .വയ്യാവേലിക്ക് ഞാനില്ല എന്ന മട്ടിലാണ് പലരും ഒഴിഞ്ഞു പോകുന്നത് .വിലയേറിയ ഒരു ജീവനാണ് ഇവിടെ നോവുന്നത് എന്നു ഇക്കൂട്ടർ കണക്കാക്കുന്നില്ല .പിന്നീട് വന്ന ആരോ ചിലർ ആശുപത്രിയിൽ എത്തിക്കുന്നു .കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ചിലർ .
സംസ്കാര സമ്പന്നനായ ഒരു വ്യക്തി എല്ലാവരാലും സ്നേഹിക്കപ്പെടും .അയാളുടെ ഏറ്റവും വലിയ മഹത്വം സ്വാർത്ഥത അയാളെ തൊട്ടു തീണ്ടിയിട്ടു പോലുമില്ലെന്നുള്ളതാണ് .അങ്ങനെ ഒരു വ്യക്തിയായി തീരുന്നത് ഒരു കലയാണ് .ഈ കലയിൽ പ്രാവീണ്യം നേടണമെങ്കിൽ പല കാര്യങ്ങളും പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതുണ്ട് .
മറ്റുള്ളവരെ അംഗീകരിക്കുകയും നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ പ്രതിഫലേച്ഛ കൂടാതെ അവർക്കു ചെയ്തു കൊടുക്കുകയും അവരെ മാനിക്കുകയും ചെയ്യുക .കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾക്കു പറ്റിയ തെറ്റുകളെ കുറിച്ചോ ,കുറ്റങ്ങളെ കുറിച്ചോ ചിന്തിച്ചു വേവലാതിപ്പെട്ടു കൊണ്ടിരിക്കരുത് . അവയിൽ നിന്ന് പാഠങ്ങൾ പഠിക്കുകയും മേലിൽ അങ്ങനെ സംഭവിക്കാതിരിക്കുവാൻ ശ്രദ്ധിക്കുകയുമാണ് വേണ്ടത് .മറ്റുള്ളവരുടെ താല്പര്യങ്ങൾ മനസ്സിലാക്കുവാനും അതനുസരിച്ചു അവരോട് ഇടപെടുവാനും ശ്രദ്ധ ചെലുത്തുക .സംസാരം ,പെരുമാറ്റം മുതലായവ തികഞ്ഞ ആത്മാർത്ഥതയോടു കൂടിയായിരിക്കുകയും വേണം .മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുക .
എ .ആർ .കൊടിയത്തൂർ .
GHSS PERINGOLAM
9605848833