നല്ല ശീലങ്ങൾ
ഭാഗം :26.
മാന്യമായി സംസാരിക്കുക
നാവിനെ മുമ്പിൽ വെച്ചു ,ഹൃദയത്തെ പിന്നിൽ നിർത്തി സംസാരിക്കുന്നവരുണ്ട് .അവർ ഒന്നും ആലോചിക്കാതെ ,നാവിൽ വരുന്നത് വിളിച്ചു പറയും .ഹൃദയത്തോട് ഒരു അഭിപ്രായം കൂടി ചോദിക്കില്ല .പറയുന്നത് പലതും വികല വാക്കുകളായിരിക്കും .മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കുന്ന സംസാരമായിരിക്കും ഏറെക്കുറെ ഉണ്ടാവുക .
ഹൃദയത്തെ മുന്നിൽ നിർത്തി ,നാവിനെ പിന്നിൽ നിർത്തി സംസാരിക്കുന്നവരുണ്ട് .അവർ സംസാരിക്കുന്നതിന് മുമ്പ് ഹൃദയത്തോട് കൂടിയാലോചിക്കും .സാധാരണ സംസാരത്തിൽ , ഇത്തരക്കാർക്ക് അബദ്ധം പിണയാറില്ല .മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന സംസാരം ഇവരിൽ നിന്ന് പ്രതീക്ഷിക്കാം .
നർമ്മരസം തുളുമ്പുന്ന സംസാരം കേൾക്കുവാനും ,അവരെ ആദരിക്കുവാനും ഒട്ടു മിക്കവർക്കും താല്പര്യമാണ് .ഇവ വ്യക്തികളെ കുറ്റപ്പെടുത്തി കൊണ്ടുള്ളവയായിരിക്കരുത് .
സശ്രദ്ധം കേൾക്കുക ,നിങ്ങൾ സംസാരിക്കുമ്പോൾ ശ്രോതാവിന്റെ മുഖത്തേക്ക് തന്നെ നോക്കുക .അതൊരു തുറിച്ചു നോട്ടമാകരുത് .സംസാരത്തിൽ പാലിക്കേണ്ട വലിയൊരു മാന്യതയാണിത് .ശ്രോതാവിനോട് നിങ്ങൾ താല്പര്യം കാണിക്കുകയും വേണം .സംസാരത്തിൽ ഇരു കൂട്ടർക്കും താല്പര്യം ഉണ്ടാകണമെങ്കിൽ ആത്മാർത്ഥതയും നിസ്വാർത്ഥതയും അനിവാര്യമാണ് .ശ്രോതാക്കളുടെ താല്പര്യവും സ്നേഹവും പിടിച്ചുപറ്റാൻ സംസാരത്തിന്റെ സ്വരത്തിന്ന് വളരെയേറെ പ്രാധാന്യം ഉണ്ട് . സംസാരത്തിന്റെ രീതിയിൽ മര്യാദയും ആദരവും സ്നേഹവും പ്രകടമായിരിക്കണം .മര്യാദയോട് കൂടിയുള്ള സംസാരം , ചർച്ചകൾ മുതലായവ ശ്രോതാക്കളിൽ ഉന്മേഷവും മഹാമനസ്കതയും ഉളവാക്കും .
മറ്റുള്ളവരെ സംസാരിച്ചു ബോറടിപ്പിക്കരുത് .പല സന്ദർഭങ്ങളിലും മൗനം പാലിക്കുക മൗനം പലപ്പോഴും തന്ത്രമായി മാറുന്നു .കള കള സംസാരം എല്ലാവർക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല ആളെ നോക്കി ,സമയവും സന്ദർഭവും നോക്കി സംസാരിക്കുക വശ്യമായ സംസാരം ശീലിക്കുക .
എ.ആർ കൊടിയത്തൂർ .
GHSS PERINGOLAM