80,000 രൂപയുടെ സ്‌കോളര്‍ഷിപ്പോടെ സയന്‍സ് ബിരുദ പഠനം:
inspire സ്‌കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം
ബിരുദതലത്തിൽ ശാസ്ത്രവിഷയമെടുത്ത് പരമാവധി അഞ്ചുവർഷംവരെ 80,000 രൂപ വാർഷികസ്കോളർഷിപ്പോടെ പഠിക്കാൻ അവസരം. 60,000 രൂപ പണമായും 20,000 രൂപ സമ്മർ ടൈം അറ്റാച്ച്മെന്റ് ഫീയായും (സമ്മർ ടൈം റിസർച്ച് പ്രോജക്ടിലേക്ക്) അനുവദിക്കും.
കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റേതാണ് സ്കോളർഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ (ഷീ).
പഠനം റെഗുലർ ത്രിവത്സര ബി.എസ്സി./ബി.എസ്സി. (ഓണേഴ്സ്), നാലുവർഷ ബി.എസ്., അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം. എസ്സി./എം.എസ്. പ്രോഗ്രാമുകളിലൊന്നിൽ ആദ്യവർഷത്തിൽ ഇന്ത്യയിലെ അംഗീകൃത കോളേജിൽ/സർവകലാശാലയിൽ/സ്ഥാപനത്തിൽ ആയിരിക്കണം.
2019-20ൽ സ്റ്റേറ്റ്/സെൻട്രൽ ബോർഡിൽ നിന്ന് പ്ലസ്ടു ജയിച്ച 17-22 പ്രായപരിധിയിൽ ഉള്ള വിദ്യാർഥിയായിരിക്കണം. 2020-ലെ പ്ലസ്ടു പരീക്ഷയിൽ തന്റെ ബോർഡിൽ മുന്നിലെത്തിയ ഒരു ശതമാനം വിദ്യാർഥികളിൽ ഉൾപ്പെട്ടവരാവണം.
2020-ലെ ജെ.ഇ.ഇ. മെയിൻ/അഡ്വാൻസ്ഡ്, നീറ്റ് എന്നിവയിലൊന്നിൽ കോമൺ മെറിറ്റ് പട്ടികയിൽ 10,000നുള്ളിൽ റാങ്ക് നേടിയവർ, കെ.വി.പി.വൈ. ഫെലോകൾ, എൻ.ടി.എസ്.ഇ. സ്കോളർമാർ, ഇന്റർനാഷണൽ ഒളിമ്പ്യാഡ് മെഡലിസ്റ്റുകൾ, ജഗദീശ് ബോസ് നാഷണൽ സയൻസ് ടാലന്റ് സർച്ച് സ്കോളർമാർ എന്നിവർക്കും അപേക്ഷിക്കാം.
ചില ദേശീയതല പ്രവേശനപരീക്ഷകൾ വഴി, സൂചിപ്പിച്ച കോഴ്സിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ്, യൂണിവേഴ്സിറ്റികൾ എന്നിവയിൽ പ്രവേശനം നേടിയവർക്കും അപേക്ഷിക്കാം.
പഠന വിഷയങ്ങൾ
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ആസ്ട്രോഫിസിക്സ്, ആസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രോപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്ഫറിക് സയൻസസ്, ഓഷ്യാനിക് സയൻസസ്.
അപേക്ഷ ഓൺലൈനായി //online-inspire.gov.in/ എന്ന വെബ്സൈറ്റുവഴി ഡിസംബർ 31നകം നൽകണം. ആകെ 10,000 സ്കോളർഷിപ്പ് അനുവദിക്കും. സ്കോളർഷിപ്പ് തുടർവർഷങ്ങളിൽ ലഭിക്കാൻ വാർഷിക പരീക്ഷയിൽ അക്കാദമിക് മികവ് തെളിയിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.