പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും കോടതിയില്‍ ഹാജരായി.
പൗരത്വ ബില്‍ പ്രക്ഷോഭ സമരത്തില്‍ പങ്കെടുത്തതില്‍ 57 കോണ്‍ഗ്രസ് നേതാക്കള്‍ക്കും, പ്രവര്‍ത്തവര്‍ക്കുമെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 16 പേര്‍ ഇന്ന് കോഴിക്കോട് സി.ജെ.എം കോടതിയില്‍ ഹാജരായി. ഡി സി സി സെക്രട്ടറി ദിനേശ് പെരുമണ്ണ, യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍, കെ എസ് യു ജില്ലാ പ്രസിഡന്‍റ് വി ടി നിഹാല്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ജൗഹര്‍ പൂമംഗലം, മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ടി സഫ്നാസ് അലി ഉള്‍പ്പടെയുള്ളരാണ് കേസില്‍ ഹാജരായത്. അഡ്വക്കേറ്റ് പി രാജേഷ് കുമാര്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായി. പൗരത്വ ബില്‍ പ്രക്ഷോഭ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കള്ളം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളമൊട്ടാകെയുള്ള കോടതികളില്‍ ഇത്തരം കേസുകളില്‍ ഹാജരായി കൊണ്ടിരിക്കുന്ന ജനാധിപത്യ വിശ്വാസികളായ പൗരന്മാരെ കാണുന്നില്ലേയെന്ന് കേസില്‍ ഹാജരായ ഡി സി സി സെക്രട്ടറി ദിനേശ് പെരുമണ്ണ ചോദിച്ചു. മതേതരത്വത്തിന് വേണ്ടി പോരാടിയതിന് കപടമതേതരവാദികളുടെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അലങ്കാരമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.