പെരുമണ്ണയിലെ കാളപൂട്ട് മത്സരം നാടിൻ്റെ ഉത്സവമായി
പെരുമണ്ണ:
വയലേലകളും തണ്ണീർത്തടങ്ങളും നാമവശേഷമായികൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ കാർഷിക സംസ്കാരം വിളിച്ചോതി പെരുമണ്ണയിൽ കാളപൂട്ട് മത്സരം അരങ്ങേറി. പെരുമണ്ണയിലെ പഴയ കാല മുസ്ലീം തറവാടുകളിൽ ഒന്നായ മുല്ലമണ്ണ പരേതനായ കോയസ്സൻ ഹാജിയുടെ കുടുംബവകയായുള്ളതും അരനൂറ്റാണ്ടോളം കാളപൂട്ട് മത്സരത്തിന് വേദിയൊരുക്കിയതുമായ മുല്ലമണ്ണ കാളപൂട്ട് നിലത്തു തന്നെയാണ് പതിവ് പോലെ ഇത്തവണയും കാളപൂട്ട് മത്സരം നടന്നത്. മുല്ല മണ്ണ കുടുംബം കാളപൂട്ട് സംഘടിപ്പിക്കുന്നതിനായി മാറ്റി വെച്ച അര ഏക്കറിലധികം വരുന്ന നിലം മൂന്ന് ദിവസങ്ങൾക്ക് മുമ്പെ തന്നെ ഉഴുത് മറിച്ച് വൃത്തിയാക്കി ആവശ്യത്തിനുള്ള വെള്ളവും സംഭരിച്ച് ശരിയാക്കിയിരുന്നു. കേരള സംസ്ഥാന കാളപൂട്ട് കമ്മറ്റിയുടെ മേൽനോട്ടത്തിൽ കോഴിക്കോട് ജില്ലാ കാളപൂട്ട് കമ്മറ്റിയാണ് മത്സരം സംഘടിപ്പിച്ചത്.പെരുമണ്ണ അഞ്ചാം വാർഡ് അംഗം കെ.കെ.ഷമീറിൻ്റെ നേതൃത്വത്തിൽ കാളപൂട്ട് നിലത്തിനു സമീപത്തുള്ള ജനങ്ങൾ സഹായ സഹകരങ്ങൾ ചെയ്തു. ജില്ലയിൽ നിന്നും അയൽ ജില്ലകളിൽ നിന്നുമായി 64 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.അതിരാവിലെ തന്നെ ട്രയൽപൂട്ട് ആരംഭിച്ചിരുന്നു. സന്ധ്യയോടെയാണ് മത്സരം അവസാനിച്ചത്.പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം കെ.കെ.ഷമീർ അധ്യക്ഷനായി. കറുത്ത മൊകായ എന്ന പേരിലറിയപ്പെടുന്ന മലപ്പുറം ഒതുക്കുങ്ങൽ കുരുണിയൻ മോൻ ബ്രദേഴ്സിൻ്റെ കാളകളാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.മലപ്പുറം കാവന്നൂർ ചിറ്റ ങ്ങാടൻ കുട്ടിമോൻ ടീമിൻ്റെ മൈലൻ എന്ന പേരിലറിയപ്പെടുന്ന കാളകൾ രണ്ടാം സ്ഥാനവും തിരൂർ കൈമലശ്ശേരി റഹീം ടീമിൻ്റെ മട്ട എന്ന പേരിലറിയപ്പെടുന്ന കാളകൾ മൂന്നാം സ്ഥാനവും നേടി. കേരള മദ്രസ്സാ ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ, പാലക്കാട് ജില്ലാ നീളപ്പുട്ട് കമ്മറ്റി ചെയർമാൻ വിപിൻ യാക്കര, സംസ്ഥാന കാളപൂട്ട് കമ്മറ്റി സെക്രട്ടറി നാസർ കൊളക്കാടൻ എന്നിവർ ട്രോഫികൾ കൈമാറി. ജില്ലയിൽ നിന്നും അയൽ ജില്ലകളിൽ നിന്നും സ്ത്രീകളും കുട്ടികളുമുൾപ്പടെ നൂറ് കണക്കിനാളുകളാണ് കാളപൂട്ട് മത്സരം കാണുന്നതിന് പെരുമണ്ണയിലെത്തിയത്.