ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
പൂനൂർ:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായി ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി. 2021 ഫെബ്രുവരി 24 ബുധനാഴ്ച കാരുണ്യതീരം ക്യാമ്പസ്സിൽ വെച്ചാണ് പരിപാടി നടന്നത്. ഹെൽത്ത്കെയർ ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് രവീന്ദ്രൻ ഒ.കെയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു.
ഹെൽത്ത്‌കെയർ ഫൗണ്ടേഷനെയും കാരുണ്യതീരത്തെയും പുതിയ ജനപ്രധിനിധികൾക്ക് പരിചയപ്പെടുത്താനും ഭിന്നശേഷിക്കാർക്കായി ചെയ്ത് കൊടുക്കാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ച് പരസ്പരം അറിവ് പങ്ക് വെക്കാനുമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനായി അടുത്ത 5 വർഷത്തിനിടയിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ ഭിന്നശേഷിക്കാർക്കായി എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നതിനെ കുറിച്ചുള്ള മാർഗരേഖ ഓരോ പഞ്ചായത്ത് പ്രതിനിധിക്കും കൈമാറി.
പരിപാടിയിൽ കട്ടിപ്പാറ, താമരശ്ശേരി, ബാലുശ്ശേരി, കിഴക്കോത്ത്, പനങ്ങാട്, നരിക്കുനി, ഉണ്ണികുളം, കിഴക്കോത്ത് പഞ്ചായത്തുകളുടെയും കൊടുവള്ളി മുൻസിപ്പാലിറ്റി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിളെ ജനപ്രതിനിധികൾ പങ്കെടുത്തു. ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ ദുബൈ ചാപ്റ്റർ പ്രതിനിധി സലീം വാടിക്കൽ, കട്ടിപ്പാറ ആയുർവേദ മെഡിക്കൽ ഓഫീസർ Dr. പ്രവീൺ, കാരുണ്യതീരം കൈത്തിരി മെഡിക്കൽ ഓഫീസർ Dr. സഫ്ന എന്നിവരും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ഹെൽത്ത്കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി. കെ. എ ഷമീർ ബാവ സ്വാഗതവും സൈക്കാട്രിക് ക്ലിനിക് ചെയർമാൻ സാലിഹ്. എ നന്ദിയും പറഞ്ഞു.