ചാലിയാർ സംരക്ഷിക്കണമെന്ന ആവശ്യം: നിലമ്പൂർ മുതൽ ബേപ്പൂർ വരെയുള്ള പരിസ്ഥിതി പ്രവർത്തകർ ഒത്തുചേർന്നു.
കീഴുപറമ്പ്:
കയ്യേറ്റത്താലും മാലിന്യ നിക്ഷേപം കൊണ്ടും ദിനംപ്രതി നാശോന്മുഖമായി കൊണ്ടിരിക്കുന്ന ചാലിയാറിൻ്റെ വീണ്ടെടുപ്പ് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി നിലമ്പൂർ മുതൽ ബേപ്പൂർ വരെയുള്ള അൻപതിൽപരം പരിസ്ഥിതി പ്രവർത്തകർ ഒത്തുചേർന്നു. ഒരു മാസം മുമ്പെ അരീക്കോട് വെച്ച് ചേർന്ന ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് 4.30നാണ് കീഴുപറമ്പ് പഞ്ചായത്തിലെ ചാലിയാറിൻ്റെ ഓരത്ത് മുറിഞ്ഞമാടിൽ പരിസ്ഥിതി പ്രവർത്തകർ ഒത്തുകൂടിയത്.ചാലിയാറിൻ്റെ ഇരുകരകളിലുമുള്ള 34 പഞ്ചായത്തുകളിലും പ്രാദേശിക സമിതികൾ രൂപീകരിക്കാനും ശേഷം എല്ലാ പ്രാദേശിക കമ്മറ്റികളെയും അതത് സ്ഥലത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും കോർത്തിണക്കി ചാലിയാർ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ഹാമിദലി വാഴക്കാട് ഉദ്ഘാടനം ചെയ്തു.ജയപ്രകാശ് നിലമ്പൂർ അധ്യക്ഷനായി.കെ.എ. ശുക്കൂർ, എം.പി.ചന്ദ്രൻ ,കെ.പി.യു അലി, മുരളീധരൻ മംഗലോളി, കെ.പി.അബ്ദുൽ ലത്തീഫ് ,ബഷീർമണക്കടവ് എന്നിവർ സംസാരിച്ചു