മാമ്പുഴയെ സുന്ദരിയാക്കാൻ ജെ.ഡി.റ്റി വിദ്യാർത്ഥികളെത്തി
പെരുമണ്ണ:
മനുഷ്യൻ്റെ വലിച്ചെറിയൽ സംസ്ക്കാരം വീണ്ടും ആരംഭിച്ചപ്പോൾ പുഴ ശുചീകരിക്കാൻ പുഴയുടെ അയൽക്കാരല്ലാത്തവർ എത്തി ശുചീകരണം ആരംഭിച്ചു.വെള്ളിമാട് കുന്ന് ജെ.ഡി.റ്റി ഇസ്‌ലാം ഫാർമസി കോളജ് എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളാണ് വെള്ളിയാഴ്ച കാലത്ത് തന്നെ കീഴ്മാട് പ്രദേശത്ത് എത്തിച്ചേർന്നത്.2009-2010 കാലഘട്ടങ്ങളിൽ മാലിന്യം കുന്ന് കൂടി ഒഴുക്ക് നിലച്ച മാമ്പുഴയെ വീണ്ടെടുക്കുന്നതിന് കുറ്റിക്കാട്ടൂർ കുന്നത്തു പാലം വരെയുള്ള പുഴയുടെ ഇരുഭാഗത്തുമുള്ള പ്രദേശങ്ങളിലെ ജനങ്ങളെ കോർത്തിണക്കി മാമ്പുഴ സംരക്ഷണ സമിതി രൂപീകരിച്ച് ജനകീയ ക്യാമ്പയിനുകളും ശുചീകരണ പ്രവർത്തനങ്ങളും നടത്തിയതിൻ്റെ ഭാഗമായി മാലിന്യ നിക്ഷേപം ഒരു പരിധി വരെ ഇല്ലാതായിരുന്നു.എന്നാൽ പത്ത് വർഷങ്ങൾക്ക് ശേഷം മദ്യക്കുപ്പികളുൾപ്പടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വീണ്ടും പുഴയിലേക്ക് വലിച്ചെറിയുന്ന പ്രവണത തുടങ്ങിയതിനെ തുടർന്നാണ് പുഴ മലിനമാകാൻ തുടങ്ങിയത്.എൻ.എസ്.എസ് കോഡിനേറ്റർ പി.സജിത്തിൻ്റെ നേതൃത്വത്തിൽ എത്തിയ 27 വിദ്യാർത്ഥികളും നാട്ടുകാരായ പാണ്ട്യാടത്ത് ഹനീഫ, പുനത്തിൽ സക്കരിയ്യ, കൊയമ്പുറത്ത് ഷാഫി എന്നിവരുടെ നേതൃത്വത്തിൽ ഏതാനും ചെറുപ്പക്കാർ തോണിയുമായി സഹായിക്കാനുമുണ്ട്.പെരുവയൽ - പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അതിർത്തികൾ പങ്കിടുന്ന പയ്യടിത്താഴം കോടിച്ചിറ പടിഞ്ഞാറയിൽ കടവിൽ നിന്നാണ് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ശുചീകരണ പ്രവൃത്തി ആരംഭിച്ചത്.പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.സുഹറ ഉദ്ഘാടനം ചെയ്തു.മാമ്പുഴ സംരക്ഷണ സമിതി പ്രവർത്തകരായ ടി.കെ.എ.അസീസ്, പി.കോയ, മുസ്തജാബ്, പ്രസ് ക്ലബ്ബ് പെരുമണ്ണ ജനറൽ സെക്രട്ടറി കെ.പി.അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു