കിട്ടിയത് ഇടിച്ചിട്ട കാറിന്റെ ബംബര്‍ ഭാഗം. അപകടത്തിന് തുമ്പുണ്ടാക്കാന്‍ സഹായം തേടി പോലിസ്
പന്തീരങ്കാവ്:
കൊടൽ നടക്കാവിൽ പത്തൊമ്പതുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കി, നിർത്താതെ പോയ വാഹനം കണ്ടെത്തുന്നതിന് സഹായം അഭ്യർഥിച്ച് പന്തീരങ്കാവ് പോലീസ്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് ഇടിച്ച് നിർത്താതെ പോയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുള്ളത്. ഫെബ്രുവരി 24-ാം തീയതിയാണ് അപകടമുണ്ടായത്.
അപകട സ്ഥലത്ത് നിന്ന് ലഭിച്ച വാഹനത്തിന്റെ പാർട്സുകൾ പരിശോധിച്ചതിൽനിന്ന് ഇടിച്ച വാഹനം വെള്ള നിറത്തിലുള്ള മാരുതിയുടെ എർട്ടിഗയാണെന്ന് ഡീലർഷിപ്പിലെ ജീവനക്കാർ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളുടെ ഫോട്ടോയും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഫോട്ടോയിൽ കാണുന്ന ഭാഗങ്ങൾ നന്നാക്കാനെത്തിയ വാഹനങ്ങളുടെ വിവരമാണ് പോലീസ് തേടുന്നത്.
അപകടത്തിൽ കാറിന്റെ ഡ്രൈവർ സൈഡിന് കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ ഇത്തരം വാഹനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുള്ളവരോ, റിപ്പയർ ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുള്ളവരോ പന്തീരങ്കാവ് പോലീസിനെ വിവരം അറിയിക്കണമെന്നാണ് പോലീസ് അഭ്യർഥിച്ചിരിക്കുന്നത്. വിവരം ലഭിക്കുന്നവർക്ക്
0495 2437300, 9947711502, 8281773412, 9495083960 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഈ വാഹനം സംബന്ധിച്ച വിവരങ്ങൾ നൽകുന്ന ആളുകളെ പറ്റിയുള്ള വിവരങ്ങൾ അവരുടെ താത്പര്യത്തിന് അനുസരിച്ച് രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. പൾസർ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു 19-കാരനായി ആദിൽ എന്ന യുവാവാണ് അപകടത്തിൽ മരിച്ചത്. ഈ അപകടത്തിൽ പന്തീരങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.