പെരുവയൽ പഞ്ചായത്തിൽ ജൽ ജീവൻ പ്രവൃത്തി തുടങ്ങി
പെരുവയൽ പഞ്ചായത്തിൽ ജൽ ജീവൻ കുടിവെള്ള പദ്ധതി കണക്ഷൻ നൽകുന്നതിനുള്ള പ്രവൃത്തികൾക്ക് തുടക്കമായി. പെരുമണ്ണ പാറമ്മലിലെ ടാങ്കിൽ നിന്നും പെരുവയൽ പഞ്ചായത്തിലെ വിതരണ ലൈനിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. ഈ പ്രവൃത്തി ഉടൻ പൂർത്തിയാകും. ശേഷം നേരത്തെ സ്ഥാപിച്ച ജപ്പാൻ പദ്ധതി വിതരണ ലൈനിലേക്ക് ജലം ഒഴുക്കി വിടും. ഇതേ തുടർന്ന് ലൈനിൽ കൃത്യമായി ജലം എത്തുന്ന ഭാഗങ്ങളിൽ ഹൗസ് കണക്ഷനും നൽകി തുടങ്ങും.
മെഡിക്കൽ കോളജ് - മാവുർ റോഡിൽ ലൈൻ സ്ഥാപിക്കുന്നതിനെ ചൊല്ലി വാട്ടർ അതോറിറ്റിയും പി.ഡബ്യു.ഡിയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് പെരുവയൽ പഞ്ചായത്തിൽ ജപ്പാൻ പദ്ധതി നേരത്തെ തടസ്സപ്പെട്ടത്. റോഡ് പ്രവൃത്തി സംബന്ധിച്ച് 3 വർഷത്തേക്ക് സ്വകാര്യ കമ്പനിയുമായി പി.ഡബ്യു.ഡി കരാറുണ്ടായിരുന്നു. ഈ കാലയളവ് കഴിയാതെ റോഡ് വിട്ടു നൽകാനാവില്ല എന്ന് പി.ഡബ്യു.ഡി നിലപാടെടുത്തതോടെ വാട്ടർ അതോറിറ്റിക്ക് പ്രവൃത്തി തുടങ്ങാനായില്ല. ഇരു വകുപ്പുകൾ തമ്മിലുള്ള തർക്കം പദ്ധതിക്ക് തടസ്സമാകുന്നത് പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് എം.എൽ.എയോടും വകുപ്പ് മന്ത്രിമാരോടും ആവശ്യപ്പട്ടിട്ടും പരിഹാരമായില്ല. പഞ്ചായത്ത് ആവശ്യപ്രകാരം പി.ടി.എ റഹീം എം.എൽ.എ ഇരു വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ഗ്രാമ പഞ്ചായത്തിലേക്ക് വിളിച്ച് ചേർത്തെങ്കിലും പരിഹാരമായില്ല. മന്ത്രി തലത്തിൽ പരിഹരിക്കേണ്ട വിഷയം എന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കയ്യൊഴിഞ്ഞു. എന്നാൽ ആ നീക്കം വിജയിപ്പിക്കാൻ എം.എൽ.എക്ക് സാധിച്ചില്ല. ഇതേ തുടർന്ന് 3 വർഷം തടസ്സപ്പെട്ട പ്രവൃത്തി കരാർ കാലയളവിന് ശേഷമാണ് പൂർത്തീകരിച്ചത്.
ജപ്പാൻ പദ്ധതി സർക്കാർ ഉപേക്ഷിക്കുകയും ജലജീവൻ പദ്ധതി ആരംഭിക്കുകയും ചെയ്തതോടെ 14 കോടിയുടെ എസ്റ്റിമേറ്റ് വാട്ടർ അതോറിറ്റി തയ്യാറാക്കി. ഇതിലേക്കുള്ള ഗ്രാമ പഞ്ചായത്ത് വിഹിതം നൽകുന്നതിന് പഞ്ചായത്ത് പദ്ധതിയും തയ്യാറാക്കിയതാണ്. എന്നാൽ വാട്ടർ അതോറിറ്റി 2 തവണ ടെണ്ടർ നടത്തിയെങ്കിലും പ്രവൃത്തി എടുക്കാൻ കരാറുകാർ തയ്യാറായില്ല. പൈപ്പിൻ്റെ വിലയിൽ 30 % വർദ്ധനവ് വന്നതാണ് കരാറുകാർ പറയുന്ന തടസ്സം. ഇതേ തുടർന്ന് പ്രവൃത്തികളെ വിഭജിച്ച് ക്വട്ടേഷൻ നൽകിയാണ് പ്രവൃത്തി ആരംഭിച്ചത്. പദ്ധതിക്ക് വിഹിതം നൽകുക മാത്രമാണ് ഗ്രാമപഞ്ചായത്തിനുള്ള ഉത്തരവാദിത്തം.പ്രവൃത്തി നടത്തുന്നത് വാട്ടർ അതോറിറ്റിയാണ്.
ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽ വാട്ടർ അതോറിറ്റിയുമായി ആദ്യമായി കരാറിലേർപ്പെട്ട ഗ്രാമ പഞ്ചായത്താണ് പെരുവയൽ.