റോഡില്ല: പ്രദേശവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു
പെരുമണ്ണ :
പെരുമണ്ണ അറത്തിൽ പറമ്പ് ഭാഗത്തെ കമ്മനമേത്തൽ - മാവൂര്‍പറമ്പ എടവഴി റോഡാക്കുന്നതിൽ അധികൃതരുടെ ദീര്‍ഘകാലമായുള്ള അനാസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് പ്രദേശവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു. മൂന്ന് വര്‍ഷത്തോളമായി പ്രദേശവാസികൾ റോഡിനായി പരിശ്രമിക്കുന്നു. ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നോ, ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നോയാതൊരു സമീപനവും തങ്ങൾക്ക് കിട്ടിയില്ല എന്ന് ഇവർ പറയുന്നു. പ്രായമായവരും ശാരീരികമായും മറ്റും അസുഖങ്ങൾ നേരിടുന്നവരും അടങ്ങിയ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ ഈ പ്രദേശത്ത് ഉണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ട് പോകാൻ പോലും കഷ്ട്ടത നേരിടുന്നു. കൂടാതെ വേനല്‍ കാലങ്ങളില്‍ കുടിവെള്ളക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് വാഹനം കടക്കാത്തതിനാൽ വെള്ളം എത്തിക്കാനും ബുദ്ധിമുട്ട് നേരിടുന്നു. ഈ പ്രദേശങ്ങളില്‍ വീട് പണി നടക്കുന്നതിനാല്‍ ആവിശമായ വസ്തുക്കള്‍ സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെയാണ് എത്തിക്കുന്നത്. ചികിത്സക്കായി പോവാന്‍ യാത്ര അസൗകര്യം നേരിടുന്നത് കാരണം രണ്ടോളം കുടുംബങ്ങള്‍ ഇവിടം വിട്ട് പോയതായും പ്രദേശവാസികൾ പറയുന്നു.
തിരഞ്ഞെടുപ്പ് കാലം ആയതിനാൽ തങ്ങളുടെ ആവശ്യം ഉന്നയിച്ച് വരും ദിവസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് പ്രദേശവാസികൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പ്രദേശത്തെ ആളുകള്‍ ചേര്‍ന്ന് കമ്മറ്റി രൂപീകരിക്കുകയും യോഗം കൂടുകയും ചെയതു. ഈ പ്രാവശ്യത്തെ തിരഞ്ഞെടുപ്പ് മാത്രമല്ല തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളും ബഹിഷ്കരിക്കാനാണ് തീരുമാനിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.