കോഴിക്കോട് കോർപ്പറേഷന് ഒഡിഎഫ് പ്ലസ് പദവി.
സംസ്ഥാനത്തെ ആദ്യ കോർപ്പറേഷനായി കോഴിക്കോട് കോർപ്പറേഷൻ
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️25-06-2021
കോഴിക്കോട്:
വെളിയിട വിസർജ്‌ജന വിമുക്ത നഗരമായി പ്രഖ്യാപിക്കപ്പെട്ടവയിൽ കൂടുതൽ മികവുള്ള നഗരസഭയായി തെരഞ്ഞെടുത്ത കോഴിക്കോട് കോർപ്പറേഷന് ഒ.ഡി.എഫ് പ്ലസ് പദവി. കോർപ്പറേഷൻ ഓഫീസ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് ഉപഹാരം ഏറ്റുവാങ്ങി. ഈ പദവി നേടുന്ന സംസ്ഥാനത്തെ ആദ്യത്തെ കോർപ്പറേഷനാണ് കോഴിക്കോട് കോർപ്പറേഷൻ.
വെളിയിട വിമുക്തനഗരം എന്നതിനൊപ്പം പൊതുശുചിത്വം, പൊതു ശൗചാലയങ്ങളുടെ പരിപാലനം, ആവശ്യത്തിന് പൊതു ശൗചാലയങ്ങൾ ഏർപ്പെടുത്തൽ എന്നീ നേട്ടങ്ങൾ കൈവരിക്കുന്ന നഗരങ്ങളെയാണ്
ഒ.ഡി.എഫ് പ്ലസ് നഗരങ്ങളായി സ്വച്ഛ് ഭാരത് മിഷൻ തെരെഞ്ഞെടുക്കുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി ക്വാളിറ്റി കൺസിൽ ഓഫ് ഇന്ത്യയാണ് സർവ്വേ നടത്തിയിട്ടുള്ളത്. 2016 ൽ വെളിയിട വിസർജ്ജ്യവിമുക്ത നഗരമായി കോഴിക്കോട് കോർപ്പറേഷനെ തെരഞ്ഞെടുത്തിരുന്നു. ആ പദവി നിലനിർത്തുകയും കൂടുതൽ സൗകര്യം ഒരുക്കുകയും ചെയ്തതുകൊണ്ടാണ് ഒഡിഎഫ് പ്ലസ് പദവി കോർപ്പറേഷന് ലഭിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവ്വേ ആയ 'സ്വച്ഛ് സർവ്വേക്ഷൺ ' 2021-ൽ കേരളത്തിൽ നടത്തിയ സർവ്വേയിൽ ഏറ്റവും കൂടുതൽ സിറ്റിസൺ ഫീഡ് ബാക്ക് നേടിയ കോഴിക്കോട് കോർപ്പറേഷനെ അനുമോദിച്ചു. ജില്ലാ ശുചിത്വ മിഷൻ കോഡിനേറ്റർ എം.മിനി ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ.എസ്.ജയശ്രീക്ക് ഉപഹാരം നൽകി.
ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഒ.പി.ഷിജിന, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ.എസ്.ജയശ്രീ, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി.രാജൻ, കൗൺസിലർ എൻ.സി.മോയിൻകുട്ടി, കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ.ആർ.എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു.