പള്ളികളിൽ നിയന്ത്രണങ്ങൾ പാലിക്കണം:
ഡോ.ഹുസൈൻ മടവൂർ
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️24-06-2021
നിയന്ത്രണങ്ങൾക്ക് വിധേയമായി ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവാദം ലഭിച്ച സാഹചര്യത്തിൽ പള്ളിയിൽ വരുന്നവർ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.
മാസ്ക് ധരിക്കുക, അകലം പാലിക്കുക, സാനിറ്റെസർ ഉപയോഗിക്കുക, നമസ്കാരത്തിന്നു സ്വന്തം മുസ്വല്ലകൾ ഉപയോഗിക്കുക തുടങ്ങിയവ പാലിച്ചേ മതിയാവൂ.
പ്രായാധിക്യത്താൽ പ്രയാസപ്പെടുന്നവരും രോഗികളും രോഗലക്ഷണമുള്ളവരും ചെറിയ കുട്ടികളും ഇപ്പോൾ പള്ളിയിലേക്ക് വരരുത്. എണ്ണം പരിമിതപ്പെടുത്തണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനായി ആവശ്യമുള്ള സ്ഥലങ്ങളിൽ ഒന്നിലധികം തവണ ജമാഅത്ത് നമസ്കാരം സംഘടിപ്പിക്കാം. ഇപ്പോൾ ജുമുഅ ഇല്ലാത്ത ചെറിയ പള്ളികളിൽ പ്രത്യേക സാഹചര്യത്തിൽ താൽക്കാലികമായി ജുമുഅ നമസ്കാരം നടത്താം. സാധാരണ നമസ്കാരങ്ങൾ പതിനഞ്ച് മിനുട്ട് കൊണ്ടും വെള്ളിയാഴ്ചത്തെ ജുമുഅ ഖുതുബയും നമസ്കാരവും അര മണിക്കൂർ കൊണ്ടും നിർവ്വഹിച്ച് വേഗത്തിൽ പിരിഞ്ഞ് പോവണം. സുന്നത്ത് നമസ്കാരങ്ങൾ വീടുകളിൽ വെച്ച് നിർവ്വഹിക്കലാണ് ഉത്തമം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യവും രോഗംമൂലം കഷ്ടപ്പെടുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും പള്ളിയിൽ വെച്ച് പറഞ്ഞ് കൊടുക്കാൻ ഇമാമുമാർ പ്രത്യേകം ശ്രദ്ധിക്കണം. പള്ളികൾ ഇടക്കിടെ വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.