വെളിച്ചം സൗദി ഓൺലൈൻ മൂന്നാം ഘട്ടത്തിനു പ്രൗഢമായ തുടക്കം
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️25-06-2021
ദമ്മാം:
ഖുർആൻ പഠനം സാർവ്വത്രികമായി സമൂഹം ഏറ്റെടുക്കുമ്പോൾ പുനരാലോചനയിലൂടെയും പുതു ചിന്തയിലൂടെയും പ്രമാണബദ്ധമായി പുതു വഴികൾ തേടേണ്ടത് നവലോക ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ പണ്ഡിത സമൂഹത്തെ പ്രാപ്തമാക്കുമെന്നും, അക്ഷര വായനയിൽ മാത്രം ഒതുക്കി നിർത്താതെ ഖുർആനിക ദൃഷ്ടാന്തങ്ങളെ പഠനവിധേയമാക്കി അനിവാര്യമായ ഗവേഷണങ്ങളിലൂടെ ഖുർആൻ വിശദീകരിക്കുന്ന മഹാത്ഭുതങ്ങളും യാഥാർഥ്യങ്ങളും കണ്ടെത്താൻ മത പണ്ഡിതർ ഉണർന്നു പ്രവർത്തിക്കണമെന്നും വെളിച്ചം സൗദി ഓൺ ലൈൻ പഠന പദ്ധതി മൂന്നാം ഘട്ടം ഉദ്‌ഘാടന സംഗമം അഭിപ്രായപ്പെട്ടു .
സൂം പ്ലാറ്റ് ഫോമിൽ നടന്ന സംഗമം കെ ജെ യു സംസ്ഥാന പ്രസിഡന്റ് എ . അബ്ദുൽ ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു .
ഖുർആനിക അർത്ഥങ്ങളും ആശയങ്ങളും പരിഭാഷപ്പെടുത്തുന്ന ഭാഷകളുടെ പരിമിതിയിൽ തളച്ചിടാതെ, ദൈവിക വചനങ്ങളുടെ പൊരുളുകൾ അറബിഭാഷാ സാഹിത്യ പഠനത്തിലൂടെ സാധ്യമാക്കി ഖുർആനിന്റെ മാധുര്യം വരും തലമുറയ്ക്ക് കൈമാറാൻ വെളിച്ചം ഖുർആൻ പഠന പദ്ധതിക്ക് സാധിക്കണമെന്ന് കെ എൻ എം മാർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് കരിമ്പുലാക്കൽ അഭിപ്രായപ്പെട്ടു .
മുഖ്യ പ്രഭാണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജി സി സി ഇസ്‌ലാഹി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ ആശംസകൾ നേർന്നു .
സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ ദേശീയ സമിതിയുടെ കീഴിൽ നടക്കുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ മൂന്നാം ഘട്ടം
വെളിച്ചം സൗദി ചീഫ് കോ ഓർഡിനേറ്റർ ഹാരിസ് കടലുണ്ടി പരിചയപ്പെടുത്തി. വെളിച്ചം സൗദി വെബ്‌സൈറ്റ് ( www.velichamonline.islahiweb.org) വഴിയോ വെളിച്ചം ഓൺലൈൻ ആപ്ലിക്കേഷൻ (Velicham Online) വഴിയോ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഈ പഠന-മത്സര പദ്ധതിയുടെ ഭാഗാമാകാവുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ ഖുർആനിലെ സൂറതുൽ മുഅ്മിനൂൻ, സൂറതുന്നൂർ എന്നീ അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ആസ്‌പദമാക്കിയിട്ടാണ് പഠന-മത്സര പദ്ധതി.
അഫ്രിൻ അഷ്‌റഫ് അലിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഫാറൂഖ് സ്വലാഹി എടത്തനാട്ടുകര അധ്യക്ഷത വഹിച്ചു.
ഷാജഹാൻ ചളവറ സ്വാഗതവും ജരീർ വേങ്ങര നന്ദിയും പറഞ്ഞു.