Peruvayal News

Peruvayal News

നിങ്ങള്‍ ജീവിതത്തില്‍ സന്തുഷ്ടരാണോ. സന്തോഷമാണോ നിരാശയാണോ നിങ്ങളിൽ കൂടുതൽ പ്രകടം..

ഭാഗം : 1
നിങ്ങള്‍ ജീവിതത്തില്‍ സന്തുഷ്ടരാണോ. സന്തോഷമാണോ നിരാശയാണോ നിങ്ങളിൽ കൂടുതൽ പ്രകടം.. 

ലോകത്തെ സഹജീവികളെക്കുറിച്ചു നിങ്ങൾ ചിന്തിക്കാറുണ്ടോ . നമ്മുടെ സമൂഹത്തിൽ പല തരക്കാരുണ്ട് . അതിൽ സവിശേഷ ശ്രദ്ധ അർഹിക്കുന്ന പാവങ്ങൾ, പട്ടിണിക്കാർ , രോഗികൾ , അഗതികൾ , വൃദ്ധർ , അശരണർ , വീടില്ലാത്തവർ തുടങ്ങിയവരെ നിങ്ങള്‍ കണ്ടിട്ടില്ലേ? . മഹാത്മാഗാന്ധി , മദർ തെരേസ , മാർട്ടിൻ ലൂതർ കിംഗ് , ഫ്ലോറൻസ് നൈറ്റിംഗേൽ തുടങ്ങിയ മഹാത്മാക്കള്‍ ലോകത്തിന് മാർഗ്ഗദീപമാണ് . ഇവരുടെ ജീവിതം നമുക്ക് പ്രചോദനമാകണം . ഇവര്‍ സ്വജീവിതം സഹജീവികള്‍ക്ക് വേണ്ടി സമര്‍പ്പിച്ചവര്‍ ആണ്. സുഖവും ആഢംബരങ്ങളും ഉപേക്ഷിച്ച് പാവങ്ങള്‍ക്ക് വേണ്ടി ജീവിച്ചവര്‍.


നമുക്ക് ശക്തമായ ശരീരം ഉണ്ടായാൽ മാത്രം പോരാ കരുത്തുറ്റ മനസ്സും കൂടി വേണം. ശക്തമായ മനസ്സ് ഉണ്ടാകാന്‍ ശക്തമായ ശരീരവും ആവശ്യമാണ് . നമ്മുടെ നാട്ടിൽ ഒരുപാട് ആതുരാലയങ്ങളുണ്ട് . അവര്‍ ഒരുപാട് പരിശോധനകൾ നടത്തുന്നു, മരുന്നുകൾ നല്‍കുന്നു, ശസ്ത്രക്രിയകള്‍ നടത്തുന്നു. പക്ഷേ ഇതെല്ലാം ശരീരത്തിനു വേണ്ടിയും ശാരീരികമായ അസ്വസ്ഥതകൾക്കും അസുഖങ്ങൾക്കും വേണ്ടിയാണ്. എന്നാൽ നമ്മുടെ മനസ്സിനു വേണ്ടി നാം പരിശോധനകള്‍ നടത്താറുണ്ടോ. മനസ്സിന് ശക്തി പകരാന്‍ വ്യായാമങ്ങള്‍ ചെയ്യാറുണ്ടോ. ശരീരത്തെ പരിപാലിക്കുന്ന പോലെ മനസ്സിനെ സൂക്ഷിക്കാറുണ്ടോ. ശരീരത്തിന് അനുയോജ്യമല്ലാത്ത കാര്യങ്ങള്‍ നാം ബോധപൂര്‍വ്വം ഉപേക്ഷിക്കുന്നു. എന്നാല്‍ നമ്മുടെ മനസ്സിനെ നാം തന്നെ ദ്രോഹിക്കാറില്ലേ. കൗണ്‍സലിംഗ് , മന:ശാസ്ത്ര വിദഗ്ധര്‍, മോട്ടിവേഷനല്‍ പരിശീലകര്‍ ഇന്ന് സര്‍വ്വസാധാരണമാണ്.


നാം ജീവിതത്തില്‍ വളര്‍ത്തിയെടുക്കേണ്ട ഒന്നാണ് ക്രിയാത്മക ചിന്ത( Positive Thinking) . പോസിറ്റീവ് മനോഭാവം (Attitude) ഉള്ളവര്‍ക്ക് മാത്രമേ പോസിറ്റീവ് ചിന്താഗതി രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ. സ്വയം പഠനത്തിലൂടെയും പരിശീലനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ആണ് ഇത് വികസിപ്പിക്കേണ്ടത്. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് സന്തോഷം പകരുകയും പടര്‍ത്തുകയും ചെയ്യുന്ന സന്തോഷത്തിന്‍റെ പ്രചാരകരായി നാം മാറണം. ജീവിതവിജയം നേടിയെടുക്കാന്‍ പോസിറ്റീവ് ചിന്ത അത്യന്താപേക്ഷിതമാണ്. സമൃദ്ധി, പ്രശംസ, നേതൃത്വം, സ്വാതന്ത്ര്യം, ആത്മാഭിമാനം, സന്തോഷം, സംതൃപ്തി എന്നിവയൊക്കെ നേടുമ്പോഴാണ് ജീവിത വിജയം നേടി എന്ന് നമുക്ക് പറയാൻ കഴിയുക . നിശ്ചയദാർഢ്യമുണ്ടെങ്കിൽ പർവ്വതങ്ങളെ വരെ ചലിപ്പിക്കാൻ കഴിയും എന്നാണ് ചിന്തകന്മാർ പറഞ്ഞിട്ടുള്ളത് . 'എനിക്ക് സാധിക്കും' എന്ന ദൃഢ വിശ്വാസം ഉണ്ടെങ്കിൽ ആർക്കും നമ്മെ പരാജയപ്പെടുത്താൻ കഴിയില്ല . വിശ്വാസമില്ലായ്മ നിഷേധാത്മകം ആണ് . അതിനെ സാധൂകരിക്കാൻ നമ്മുടെ മനസ്സ് ആയിരം കാരണങ്ങള്‍ തേടിക്കൊണ്ടിരിക്കും . അത് നമ്മെ പരാജയത്തിലേക്ക് നയിക്കും . വിജയിക്കണം എന്നുണ്ടെങ്കിൽ ഉറച്ച വിശ്വാസം വേണം .

തന്റെ സ്വന്തം ചിന്തകളുടെ ഉല്പന്നമാണ് ഒരാളുടെ വ്യക്തിത്വം . നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ മികച്ച ആളാണ് എന്ന് നിത്യവും സ്വയം ഓർമ്മിപ്പിക്കുക. ഉയർന്നു ചിന്തിക്കുക , ആത്മ വിശ്വാസം വർധിപ്പിക്കുക , ജീവിതത്തിൽ വൻ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും . എത്ര ഉന്നതിയിലേക്ക് നമ്മുടെ ചിന്താഗതിയെ നാം ഉയർത്തുന്നുവോ , നമ്മുടെ ജീവിത നിലവാരവും അത്രമേല്‍ ഉന്നതമാകും . നമ്മുടെ ചിന്തകൾ തന്നെയാണ് ജീവിത വിജയത്തിന്റെ അടിസ്ഥാന ശില . അവസരങ്ങൾ തേടി ജനങ്ങൾ സദാ അലഞ്ഞു കൊണ്ടേയിരിക്കുന്നു . എന്നാൽ സ്വന്തം കാൽക്കീഴിൽ തന്നെ അവസരങ്ങൾ കാത്തിരിക്കുന്നുണ്ടാകും. പലപ്പോഴും അത് തിരിച്ചറിയാൻ നമുക്ക് കഴിയാതെ പോകുന്നു .

കാൽഗരി ടവറിനെക്കുറിച്ചു കേട്ടിട്ടുണ്ടോ. കാനഡയിലെ ആൽബെർട്ടയിൽ ഉള്ള 190.8 മീറ്റർ (626 അടി)നീളമുള്ള നിരീക്ഷണ ഗോപുരമാണ് . 1967 ലെ കാനഡയുടെ ശതാബ്ദി ആഘോഷിക്കുന്നതിനായി , നഗര നവീകരണ പദ്ധതിയുടെ ഭാഗമായിട്ടാണ് മാരത്തൺ റിയൽറ്റി കമ്പനി ലിമിറ്റഡും ഹസ്കി ഓയിലും സംയുക്ത സംരംഭമായി ഹസ്കി ടവർ എന്ന പേരിൽ ഇത് നിർമ്മിച്ചത് . ഇതിന് ഏകദേശം 10,884 ടൺ ഭാരം ഉണ്ട് . അതിൽ 60% ഭൂമിക്ക് അടിയിലാണ് . വിജയികളായ വ്യക്തികെളെയും സ്ഥാപനങ്ങളെയും പറ്റി നാം പഠിച്ചാല്‍ മനസ്സിലാകും, ശക്തമായ അടിത്തറയുടെ പിന്‍ബലത്തിലാണ് അവര്‍ വിജയിച്ചിട്ടുള്ളത് എന്ന്.

പോസിറ്റീവ് ചിന്ത കൊണ്ട് നമുക്ക് ലഭിക്കുന്ന നേട്ടങ്ങൾ അനവധിയാണ് . പ്രസാദാത്മകമായ വ്യക്തിത്വം, ഊർജ്ജസ്വലത, ആസ്വാദനം , പ്രചോദനം, ഉൽ‌പാദനക്ഷമത, സംഘടിത പ്രവര്‍ത്തനം, പ്രശ്‌ന പരിഹാര നിപുണത, വിശ്വസ്തത, മെച്ചപ്പെട്ട ഗുണനിലവാരം , ലാഭം, ഊഷ്മളമായ ബന്ധം, സമ്മർദ്ദം ലഘൂകരിക്കുക എന്നിവ അതിൽ ചിലതാണ് . ഏതു കാര്യത്തിലും നന്മ കാണുക . ഇരുട്ടിനെ പഴിക്കുന്നതിലും നല്ലത് വിളക്ക് തെളിക്കൽ ആണല്ലോ . ജീവിതത്തിൽ ശുഭാപ്തി വിശ്വാസി ആവുക . നിഷേധാത്മകമായ വിമർശനങ്ങൾ ഒഴിവാക്കുക . അനുദിനം ചെയ്യേണ്ട കർമ്മങ്ങൾ മാറ്റി വെക്കാതിരിക്കുക. അത്യാവശ്യ കാര്യങ്ങൾ ആദ്യം ചെയ്യുക , സാധ്യമായത് അടുത്തതായി . ഇങ്ങനെ തുടരുമ്പോൾ അസാധ്യം എന്ന് കരുതിയ കാര്യങ്ങൾ പൊടുന്നനെ ചെയ്തു തീർക്കുന്നത് കാണാം . അസുഖങ്ങളെ പറ്റിയും മോശം ആരോഗ്യ സ്ഥിതിയെ പറ്റിയും ഏറെ പറയാതിരിക്കുക . ഒരു പക്ഷെ നിങ്ങൾക്ക് സഹതാപം ലഭിച്ചേക്കാം. എന്നാൽ, നിങ്ങളിലുള്ള വിശ്വാസ്യതയും ബഹുമാനവും കുറഞ്ഞേക്കാം . ആരോഗ്യത്തെ പറ്റിയും വ്യാധികളെ പറ്റിയും ആകുലപ്പെടാതിരിക്കുക . നല്ല ആരോഗ്യം ഉള്ള അവസ്ഥയെപ്പറ്റി ആഹ്ലാദവും നന്ദിയും ഉള്ളവരാവുക . ഒരു കവി പാടിയത് പോലെ, "പരുക്കനായ എന്റെ പാദുകം ഓർത്തു ഞാൻ ദുഃഖിച്ചു ,പാദമില്ലാത്തൊരാളെ കാണുന്നത് വരെ".

ഉപയോഗിക്കാതെ തുരുമ്പെടുക്കുന്നതിലും നല്ലത് തേഞ്ഞു തീരലാണ് . സ്വന്തം ബുദ്ധിയെ ചിലർ വില കുറച്ചു കാണുന്നു . മറ്റുള്ളവരുടെ ബുദ്ധിയെ പറ്റി അസൂയപ്പെടുന്നു . എന്നാൽ സ്വന്തം ബുദ്ധിശക്തി എത്ര ഉപയോഗപ്പെടുത്തി എന്ന് വിലയിരുത്തണം. എന്നിട്ട് മാത്രമെ നിരാശനാകാവൂ . നിങ്ങളുടെ ബുദ്ധിയെ നയിക്കുന്ന ചിന്തകളാണ് നിങ്ങളുടെ ബുദ്ധിയുടെ അളവിനേക്കാൾ പ്രധാനം . കനത്ത തലച്ചോറുകളും , ഉയർന്ന ബിരുദങ്ങളും , അത്ഭുതകരമായ ഓർമ്മശക്തിയും , ശാസ്ത്രത്തിലെ അമിത താല്പര്യവും മാത്രമല്ല വിജയികളെ നിശ്ചയിക്കുന്നത്. ക്രിയാത്മക ചിന്തയും ശുഭാപ്തി വിശ്വാസവും സഹകരണ മനോഭാവവും ഉള്ള വ്യക്തി ആയിരിക്കും 'നിഷേധാത്മക ചിന്തയും, ദോഷൈകദൃഷ്ടിയും, നിസ്സഹകരണവും' ഉള്ള ബുദ്ധി രാക്ഷസനെക്കാൾ ജീവിത വിജയവും സമ്പാദ്യവും ആദരവും നേടുക . ഒരു കർമ്മ പദ്ധതിയുടെ ആസൂത്രണ വേള മുതൽ പരിസമാപ്തി വരെ അതിന്റെ ഭാഗമാവുക എന്നതാണ് 'നിഷ്ക്രിയമായ ബുദ്ധിയെക്കാളും, പ്രതിഭയെക്കാളും' പ്രധാനം . ചേർന്ന് നിൽക്കാനുള്ള കഴിവ് തന്നെയാണ് ഏറ്റവും വലിയ കഴിവ് . ബിസിനസ്സിൽ ഉന്നത യോഗ്യത നേടിയ വിദ്യാർത്ഥിയെ ആണോ ബിസിനസ്സ് സംരംഭം സ്വന്തമാക്കിയ വ്യക്തിയെ ആണോ നാം സമർത്ഥൻ എന്ന് വിളിക്കുക . ഒരു ബിസിനസ്സ് ആശയം എന്ത് കൊണ്ട് പരാജയപ്പെടുന്നു എന്ന് നാം ഗവേഷണം നടത്തുന്നു. എന്നാൽ ഓരോ പരാജയവും അബദ്ധവും വിജയത്തിലേക്കുള്ള മുതൽക്കൂട്ട് ആക്കാൻ കഴിയണം . ചിന്താശേഷി ബുദ്ധിയേക്കാൾ പ്രധാനമാണ് . നേരിട്ട് വിജയത്തെ അന്വേഷിക്കുന്നതിലും മുഖ്യമാണ് പരാജയ സാധ്യതകൾ വിശകലനം ചെയ്യുക എന്നത് . നിഷേധാത്മക ചിന്ത ഒരാളുടെ അറിവിന്റെ വിശാലമായ ശേഖരം ഉപയോഗ ശൂന്യമാവാൻ കാരണമാകും .

(തുടരും )
Don't Miss
© all rights reserved and made with by pkv24live