അവകാശ പോരാട്ടത്തിന് നേതൃത്വം നല്‍കും :
പി.കെ ഫിറോസ്
മുസ്‌ലിം യൂത്ത് കോര്‍ഡിനേഷൻ
യുവജന പ്രതിഷേധം
പെരുവയൽ:
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ വസ്തുതകള്‍ മറച്ചുവെച്ച് വൈകാരികതയെ മുതലെടുക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കുറ്റപ്പെടുത്തി. മുസ് ലിം യൂത്ത് കോര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ പെരുവയല്‍ പഞ്ചായത്ത് കമ്മറ്റി കുറ്റിക്കാട്ടൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സച്ചാര്‍ സമിതി ശുപാര്‍ശകളുടെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍ പൂര്‍ണമായും ആ സമിതി ലക്ഷ്യമിട്ട സമുദായത്തിന് നല്‍കണം എന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. ഇതു മാത്രമാണ് കേരളത്തിലെ മുസ്ലിം സംഘടനകള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നതും. തീര്‍ത്തും ന്യായമായ ആവശ്യത്തോട് പുച്ഛമനോഭാവമാണ് സര്‍ക്കാര്‍ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കുന്നതിനു വേണ്ടി ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍നിന്ന് മുസ്ലിംകള്‍ 80 ശതമാനം തട്ടിയെടുക്കുന്നു എന്ന സംഘപരിവാര്‍ പ്രചാരണമുണ്ടായി. ഇത് ഒരു വിഭാഗം ഏറ്റെടുക്കുകയും കോടതിയില്‍ പോവുകയും ചെയ്തു. കോടതിയില്‍ സത്യാവസ്ഥ ബോധിപ്പിക്കേണ്ട ഇടതു സര്‍ക്കാര്‍ മുസ്ലിം ന്യൂനപക്ഷത്തെ വഞ്ചികുകയാണ് ഉണ്ടായത്. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട കേസുകളില്‍ പോലും പാര്‍ട്ടിക്കാരായ കൊലയാളികളെ രക്ഷിക്കാനായി കോടികള്‍ മുടക്കി സുപ്രിംകോടതിയില്‍ പോകുന്ന സര്‍ക്കാറിന് ഈ കേസില്‍ ഹൈക്കോടതി വിധി വേദവാക്യമായി. അപ്പീല്‍ പോകണമെന്നും സച്ചാര്‍ സ്‌കീമുകള്‍ പ്രത്യേകമായി നടപ്പാക്കണമെന്നുമുള്ള മുസ്ലിം സംഘടനകളുടെ നിരന്തരമായ ആവശ്യം പിണറായി സര്‍ക്കാര്‍ ചവറ്റുകൊട്ടയിലെറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവകാശങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍ സമുദായം അത് ചോദ്യം ചെയ്യും. മുറിവേല്‍ക്കുന്നവര്‍ ശബ്ദമുയര്‍ത്തും. ഒരു സമുദായത്തെ തലങ്ങും വിലങ്ങും ചാട്ടകൊണ്ട് പ്രഹരിക്കുന്നവരൊക്കെ മതേതരന്മാരും അടികൊണ്ട് ശബ്ദുമുയര്‍ത്തുന്നവര്‍ വര്‍ഗ്ഗീയവാദികളുമാകുന്നത് ഫാഷിസ്റ്റ് യുക്തിയാണ്. വര്‍ഗീയതയുടെ ചാപ്പകുത്തി എല്ലാ താന്തോന്നിത്തങ്ങളില്‍നിന്നും രക്ഷപ്പെടാമെന്നുള്ള ഇടത്പക്ഷത്തിന്റെ വ്യാമോഹം മാത്രമാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
എസ് കെ എസ് എസ് എഫ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഒപിഎം അഷ്‌റഫ്, സോളിഡാരിറ്റി ജില്ല സെക്രട്ടറി സ്വാബിര്‍ മുനഫര്‍ തങ്ങള്‍, മുഫീദ് ബിന്‍ മുസ്തഫ തങ്ങള്‍ (വിസ്ഡം ഇസ്ലാമിക് യൂത്ത്) പ്രസംഗിച്ചു, പികെ ഷറഫുദ്ധീന്‍, ടിപി മുഹമ്മദ്, എം.പി സലീം, വാരിസ് , അനസ് എന്‍കെ സംബന്ധിച്ചു. യാസര്‍ അറഫാത്ത് അധ്യക്ഷത വഹിച്ച യോത്തില്‍ ഹാരിസ് വി സ്വാഗതവും മുസ് ലിഹ് പെരിങ്ങോളം നന്ദിയും പറഞ്ഞു.