വയലാലിൻ മുറ്റത്ത് അപൂർവ കാഴ്ചയായി ഐ എസ് എം ഖുർആൻ സംഗമം
കോഴിക്കോട്:
മത ചിഹ്നങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് അപകടകരമാണെന്ന് ഐ എസ് എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി നടന്ന ഖുർആൻ സംഗമം അഭിപ്രായപ്പെട്ടു. 'ഖുർആൻ; വായിക്കാം അടുത്തറിയാം' എന്ന പ്രമേയത്തിൽ ഐ.എസ് എം സംഘടിപ്പിച്ചുവരുന്ന കാമ്പയിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂരിലെ വയലാലിൻ വീട്ടുമുറ്റത്തെ മാങ്കോസ്റ്റിൻചുവട്ടിൽ നടന്ന ഹൃസ്വമായ സംഗമം അപൂർവ കൂടിച്ചേരലായി.
മത ചിഹ്നങ്ങൾ പലപ്പോഴും തെറ്റിദ്ധാരണക്ക് വിധേയമാകാറുണ്ട്. കാര്യങ്ങൾ വകതിരിച്ചു മനസ്സിലാക്കുന്നതിലെ വീഴ്ചയാണ് ഇതിന് കാരണം. തെറ്റിദ്ധാരണ പരത്തി ഇതുവഴി നേട്ടമുണ്ടാക്കാനുള്ള ശ്രമവുംമറുവശത്തുണ്ട്. സംഗമം ചൂണ്ടിക്കാട്ടി.
ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണ ഖുർആൻ പരിഭാഷയുടെ പ്രതി, വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീറിന് സമ്മാനിച് സംഗമം ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാർജ ഇന്റർനാഷണൽ ബുക്‌ഫെയറിൽ വെച്ചാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന് ഐ.എസ്.എം തുടക്കം കുറിച്ചത്.
ഖുർആൻ ആശയങ്ങൾ വായിച്ചറിയാൻ താൽപര്യമുള്ള പതിനായിരക്കണക്കിനാളുകളെ ഈ പദ്ധതിയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
ഐ എസ് എം മേഖല പ്രസിഡന്റ് എം കെ നിയാസ് അധ്യക്ഷത വഹിച്ചു. ബി കുഞ്ഞാമുകോയ, എം അലി, വി വി ഫെബീഷ്, സിടി മഷ്ഹൂറലി, കെ പി അബ്ദുൽ മുനീർ, ഒ കെ മൻസൂർ പ്രസംഗിച്ചു.