കുറ്റിക്കാട്ടൂരില്‍ കെ.എസ്.ഇ.ബിയുടെ പുതിയ സബ് സെന്ററിന് അനുമതിയായി
കുറ്റിക്കാട്ടൂരില്‍ കെ.എസ്.ഇ.ബിയുടെ പുതിയ സബ് സെന്ററിന് അനുമതിയായി
കുന്ദമംഗലം മണ്ഡലത്തിലെ കുറ്റിക്കാട്ടൂരില്‍ കെ.എസ്.ഇ.ബിയുടെ പുതിയ സബ് സെന്റര്‍ അനുവദിച്ചുകൊണ്ട് ഉത്തരവായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കോഴിക്കോട് ഇലക്ട്രിക്കല്‍ സര്‍ക്കിളിന് കീഴിലുള്ള കോവൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് പരിധിയില്‍ ഉപയോക്താക്കളുടെ ആധിക്യം കാരണം സേവനം ലഭിക്കുന്നതിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഒരു സബ് സെന്റര്‍ അനുവദിച്ചുകൊണ്ട് തീരുമാനമുണ്ടായത്.
പുതുതായി ആരംഭിക്കുന്ന സബ് സെന്ററില്‍ ഒരു ഓവര്‍സിയര്‍, രണ്ട് ലൈന്‍മാന്‍മാര്‍, ഒരു ഇലക്ട്രിസിറ്റി വര്‍ക്കര്‍ എന്നീ ജീവനക്കാരാണ് ഉണ്ടാവുക. ഈ മേഖലയിലെ വൈദ്യുതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേഗത്തില്‍ ഇടപെടാന്‍ സബ് സെന്ററിലേക്ക് പ്രത്യേക വാഹനവും സി.യു.ജി നമ്പറും നല്‍കും. വൈദ്യുതി ഉപയോക്താക്കള്‍ക്ക് കൃത്യസമയത്ത് സേവനമെത്തിക്കുന്നതിനും വൈദ്യുതി തടസ്സങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനും ഈ സബ് സെന്റര്‍ സഹായകമാവും.
സബ് സെന്റര്‍ തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കേണ്ടത് ഗ്രാമപഞ്ചായത്താണ്. ആയത് ലഭിക്കുന്ന മുറക്ക് സബ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.