Peruvayal News

Peruvayal News

കുന്ദമംഗലം ജി.ഐ.എസ് സബ് സ്റ്റേഷന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി ആഗസ്ത് 16 ന് ഉദ്ഘാടനം ചെയ്യും

കുന്ദമംഗലം ജി.ഐ.എസ് സബ് സ്റ്റേഷന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി ആഗസ്ത് 16 ന് ഉദ്ഘാടനം ചെയ്യും
        

കുന്ദമംഗലം ജി.ഐ.എസ് സബ് സ്റ്റേഷന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി ആഗസ്ത് 16 ന് ഉദ്ഘാടനം ചെയ്യും
        
കുന്ദമംഗലത്ത് 90 കോടി രൂപ  ചെലവില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച 220 കെ.വി ജി.ഐ.എസ് സബ് സ്റ്റേഷന്‍ ആഗസ്ത് 16 ന് ഉച്ചക്ക് 2 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
        
മലബാറിലെ ആദ്യത്തെ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷനാണ് കുന്ദമംഗലത്ത് നിര്‍മ്മിച്ചിട്ടുള്ളത്. അത്യാധുനിക രീതിയില്‍ പൂര്‍ണ്ണമായും ഓട്ടോമാറ്റിക് സംവിധാനങ്ങളോടെ പ്രവര്‍ത്തിച്ചുവരുന്ന ഇത്തരം സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് പരമ്പരാഗത സബ് സ്റ്റേഷനുകളെ അപേക്ഷിച്ച് വളരെക്കുറഞ്ഞ സ്ഥലം മാത്രമേ ആവശ്യമുള്ളൂ.
        
ഐ.ഐ.എം, എന്‍.ഐ.ടി കലിക്കറ്റ്, സി.ഡബ്ല്യു.ആര്‍.ഡി.എം, സ്കൂള്‍ ഓഫ് മാതമാറ്റിക്സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച്, മില്‍മ തുടങ്ങി നിരവധി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കുന്ദമംഗലത്ത് നിലവിലുള്ള 110 കെ.വി സബ് സ്റ്റേഷന്‍ അപര്യാപ്തമാണെന്നും ശേഷി കൂടിയതും ആധുനിക സംവിധാനങ്ങളോട് കൂടിയതുമായ ഒരു സബ് സ്റ്റേഷന്‍ വേണമെന്നുമുള്ള ആവശ്യമാണ് പുതിയ സബ് സ്റ്റേഷന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചതോടെ സാധ്യമായത്. നല്ലളം 220 കെ.വി സബ് സ്റ്റേഷന്‍ വഴി അരീക്കോട് നിന്ന് ലഭിക്കുന്ന വൈദ്യുതിയും കക്കയത്ത് നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുമായിരുന്നു ഇതുവരെ ഈ പ്രദേശങ്ങളിലെ ആവശ്യകത നിറവേറ്റിയിരുന്നത്.
        
കുന്ദമംഗലത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള 110 കെ.വി സബ് സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് പുതിയ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുള്ളത്. നിലവിലുള്ള 7.66 കി.മീ 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് സ്ഥിതി ചെയ്യുന്ന അതേ റൂട്ടിലൂടെ ഇപ്പോഴുള്ള പ്രസരണ ടവറുകള്‍ മാറ്റി 220/110 കെ.വി മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ടവറുകള്‍ സ്ഥാപിച്ച് അതില്‍ 220 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ പുതുതായി സംവിധാനിച്ചാണ് ഈ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 100 മെഗാവാട്ട് ശേഷിയുള്ള രണ്ട് പുതിയ ട്രാന്‍സ്ഫോര്‍മറുകളും ഈ പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ളത്.
        
ഈ പദ്ധതി കുന്ദമംഗലം നിയോജക മണ്ഡലത്തിലും കോഴിക്കോട് നഗര പരിധിയിലും ഗുണമേന്‍മയുള്ള വൈദ്യുതി എല്ലായ്പ്പോഴും ലഭ്യമാക്കുന്നതിനും മലയോര മേഖലയിലെ ചെറുകിട ജലവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനം പരാമാവധി പ്രയോജനപ്പെടുത്തുന്നതിനും സഹായകമാവും.
        
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന പരിപാടിയില്‍ എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായിരിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയരക്ടര്‍ ഡോ. ബി അശോക് ഐ.എ.എസ് സ്വാഗതവും ചീഫ് എഞ്ചിനീയര്‍ ട്രാന്‍സ്ഗ്രിഡ് വി രാധാകൃഷ്ണന്‍ നന്ദിയും പറയും.
Don't Miss
© all rights reserved and made with by pkv24live