പൊതുവിദ്യാഭ്യാസം പ്രചാരണമല്ല: പ്രതിവിധിയാണ് വേണ്ടത്:
കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ്
പൊതുവിദ്യാഭ്യാസം: പ്രചാരണമല്ല: പ്രതിവിധിയാണ് വേണ്ടത്.
കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ്
( KSTM) പ്രക്ഷോഭ പകൽ നില്‍പ് സമരം
കൊടുവള്ളി :
സംസ്ഥാന വ്യാപകമായി നടക്കുന്ന കാമ്പയിന്റെ സമാപന ദിവസമായി KSTM കൊടുവള്ളി സബ്‍ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ് സമരവും നിവേദന സമര്‍പ്പണവും നടന്നു. വിദ്യാഭ്യാസ വർഷം തുടങ്ങി രണ്ട് മാസം പിന്നിട്ടെങ്കിലും പൊതുവിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരങ്ങളില്ലാതെ ഇപ്പോഴും തുടരുകയാണ്. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ധാരാളം സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ക്ലാസ് മുറികളിൽ പ്രൊജക്റ്ററുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഹൈടെക്ക് പ്രചാരണത്തിനപ്പുറം പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ പലതും പരിഹരിക്കപ്പെട്ടിട്ടില്ല. പൊതു വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾ ഹൈടെക് പ്രചാരണത്തിലൂടെ മറികടക്കാനുള്ള ഭരണകൂടനീക്കം പ്രതിഷേധാർഹമാണ്. ഇത്തരം വിഷയങ്ങൾ അധ്യാപകരുടേയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയിൽ പെടുത്താനും പരിഹാരങ്ങൾക്കായ് നിലകൊള്ളാനുമാണ് ഈ സമരത്തിലൂടെ ടീച്ചേഴ്സ് മൂവ്മെന്റ് ലക്ഷ്യം വെക്കുന്നത് . വ്യത്യസ്ത സമരപരിപാടികളുടെ ഭാഗമായി കൊടുവള്ളി AEO ഓഫീസിനു മുന്നില്‍ നില്‍പ് സമരവും AEO ക്ക് നിവേദന സമര്‍പ്പണവും നടന്നു.
ഡിജിറ്റൽ ബോധനത്തിൽ മുഴുവൻ അധ്യാപകരുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തുക, എയ്ഡഡ് നിയമനങ്ങളിൽ സാമൂഹ്യ നിയന്ത്രണം കൊണ്ട് വരിക, മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യവും ഫ്രീ ഡാറ്റയും ഉറപ്പ് വരുത്തുക, മുഴുവൻ അധ്യാപക-പ്രധാനാധ്യാപക തസ്തികകളിലും നിയമനം നടത്തുക, കരിക്കുലം പരിഷ്കരിക്കുക, മൂല്യനിർണ്ണയം ഉടച്ചു വാർക്കുക, പ്രൈമറിക്ക് ഡയറക്ടറേറ്റ് സ്ഥാപിക്കുക, മുഴുവൻ സ്കൂളുകളിലും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറിനെ(SAA) നിയമിക്കുക, വിദ്യാഭ്യാസ സർവ്വകലാശാല സ്ഥാപിക്കുക, സ്കൂൾ മാനേജ്മെന്റ് സിസ്റ്റം(SMS) നടപ്പിലാക്കുക, കേരള എഡ്യൂക്കേഷണൽ സർവ്വീസ്(KES) നടപ്പിലാക്കുക, കായിക സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് കാര്യക്ഷമമാക്കുക, അഞ്ച് വർഷം പൂർത്തിയാക്കിയ ഹയർ സെക്കണ്ടറി അധ്യാപകർക്ക് ഉടൻ സ്ഥാനക്കയറ്റം നൽകുക, ത്രൈമാസ സർവ്വീസ് അദാലത്തുകൾ നടത്തുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് 'പ്രക്ഷോഭപ്പകൽ ' നടന്നത്
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് ജയപ്രകാശൻ മടവൂർ ഉദ്ഘാടനം ചെയ്തു. KSTM സബ് ജില്ല പ്രസിഡണ്ട് സാക്കിയ ടീച്ചർ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ഹസീന എളങ്ങോട്ടിൽ മുഖ്യാതിഥിയായിരുന്നു. KSTM സംസ്ഥാന വൈസ് പ്രസിഡണ്ട് എസ് ഖമറുദ്ദീൻ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സബ് ജില്ല സെക്രട്ടറി എം പി ഫാസിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് വി സി അബ്ദു റഹ്മാൻ നന്ദിയും പറഞ്ഞു.