റേഷൻ വ്യാപാരികൾ ചിങ്ങം ഒന്നിന് പട്ടിണി സമരവും വഞ്ചനാദിനവും നടത്തും
റേഷൻ വ്യാപാരികൾ ചിങ്ങം ഒന്നിന് പട്ടിണി സമരവും വഞ്ചനാദിനവും നടത്തും
മാവൂർ:
ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് റേഷൻ വ്യാപാരികൾ തലസ്ഥാനത്തും ജില്ലാ ആസ്ഥാനത്തും നാലുക്ക് കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പട്ടിണിസമരം നടത്തുമെന്ന് ആൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ഭാരവാഹികൾ മാവൂർ പ്രസ് ഫോറത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. റേഷൻ കടകളിൽ അന്നേ ദിവസം വഞ്ചനാദിനവും ആചരിക്കും.
10 മാസത്തെ കിറ്റിന്റെ കമ്മീഷൻ കുടിശ്ശിക നൽകുക. കോവിഡ് വ്യാപനത്തിൽ മരണപ്പെട്ട 55 റേഷൻ കടക്കാരുടെയും സെയിൽസ്മാൻമാരുടെയും അവകാശികൾക്ക് അർഹമായ നഷ്ട പരിഹാരം നൽകുക, റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ഇൻഷുറൻസ് ഉറപ്പാക്കുകയും ഉടൻ നടപ്പാക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 11 മുതൽ ഉച്ചക്ക് മൂന്ന് വരെയാണ് പട്ടിണി സമരം.
കോവിഡ് കാലത്തെ രണ്ട് കിറ്റുകൾക്ക് മാത്രമാണ് റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ലഭിച്ചത്. ഇത് നാല് മാസത്തെ കമ്മീഷനായി തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ നിയമസഭകളിലെ ഭക്ഷ്യമന്ത്രിയുടെ മറുപടിയിൽ റേഷൻ വ്യാപാരികൾ അർഷമുണ്ട്. 10 മാസത്തെ കമ്മീഷൻ കുടിശ്ശിക ഈ
ഓണക്കാലത്തുപോലും ലഭിക്കാത്തതിൽ വ്യാപാരികൾ നിരാശയിലാണ്. സർക്കാർ ജീവനക്കാർ മുതൽ തൊഴിലുറപ്പ് തൊഴിലാളികൾക്കുവരെ ഈ ഓണക്കാലത്ത് ബോണസും മറ്റു ആനുകൂല്യവും നൽകുമ്പോൾ ഈ കോവിഡ് കാലത്ത് ജീവൻ പണയം വെച്ച് സേവനം ചെയ്ത റേഷൻ വ്യാപാരികളെ സർക്കാർ അഗണിക്കുകയായിരുന്നു. 55ഓളം വ്യാപാരികളും സെയിൽസ്മാൻമാരുമടക്കം കോവിഡ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്. ഇവരുടെ ആശ്രിതർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനോ ഇവരുടെ കുടുംബത്തിലെ ആശ്രിതർക്ക് അർഹതപ്പെട്ട ജോലി സുരക്ഷ ഉറപ്പ് വരുത്താനോ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
റേഷൻ വ്യാപാരികൾക്ക് മാത്രമാണ് കിറ്റിന് കമ്മീഷൻ നൽകുന്നതിൽ വിമുഖത കാണിക്കുന്നത്. റേഷൻ വ്യാപാരികൾക്ക് മാത്രം ഒന്നും നൽകാൻ കഴിയില്ലായെന്ന സർക്കാറിന്റെ നടപടി പുന:പരിശോധിക്കണം. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ സെപ്റ്റംബർ മാസം മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ കലക്ടറേറ്റ്, കൊയിലാണ്ടി, വടകര, താമരശ്ശേരി സപ്ലൈ ഓഫിസുകൾക്ക് മുന്നിലാണ് പട്ടിണിസമരം നടക്കുക.
വാർത്തസമ്മേളനത്തിൽ സംസ്ഥാന ജന. സെക്രട്ടറി
ടി. മുഹമ്മദാലി, ജില്ല ജന. സെക്രട്ടറി കെ.പി. അഷ്റഫ്, സംസ്ഥാന കമ്മിറ്റി അംഗം പി. അരവിന്ദൻ എന്നിവർ പങ്കെടുത്തു.