പെരുമണ്ണയിൽ ബസ്സുകളുടെ ഗ്ലാസ്സുകൾ ബസ് തൊഴിലാളികൾ പരസ്പരം അടിച്ചു തകർത്തു
ബസ്സുകൾ തമ്മിലുള്ള മത്സര ഓട്ടം:
പെരുമണ്ണയിൽ ബസ്സുകളുടെ ഗ്ലാസ്സുകൾ ബസ് തൊഴിലാളികൾ പരസ്പരം അടിച്ചു തകർത്തു
പെരുമണ്ണ :
ബസ്സുകളുടെ മത്സര ഓട്ടം ബസ്സിന്റെ ഗ്ളാസ്സുകൾ അടിച്ചു തകർക്കലിൽ കലാശിച്ചു.
പെരുമണ്ണ ബസ്റ്റാന്റിലാണ് ഇന്നലെ രാത്രി എട്ട് മണിയോടെ ബസ്സിന്റെ ഗ്ളാസ്സുകൾ പരസ്പരം അടിച്ചു തകർക്കുന്നതിൽ കലാശിച്ചത്.
പെരുമണ്ണ മാങ്കാവ് സിറ്റി റൂട്ടിലോടുന്ന കെ എൽ 11 ടി 9333 രാഗം ബസ്സിലെയും ഇതേ റൂട്ടിൽ ഓടുന്ന കെ എൽ 11 എ ഇ 4713 അൽ സബ ബസ്സിലെയും ജീവനക്കാരാണ് പരസ്പരം ഗ്ളാസ്സുകൾ അടിച്ചു തകർത്തത്.
ഒരാഴ്ചയായി ഇരു ബസ്സുകളും രാത്രി ട്രിപ്പ് മത്സര ഓട്ടമാണ്.
മാത്തറ മുതൽ ഇരു ബസ്സുകളും മത്സര ഓട്ടമായിരുന്നെന്ന് ദൃക്ഷാഷികൾ പറയുന്നു.
ആദ്യം പെരുമണ്ണ ബസ്റ്റാൻറ്റിൽ എത്തിയ രാഗം ബസ്സിന്റെ സൈഡ് ഗ്ലാസ് അൽ സബ ബസ്സിലെ ജീവനക്കാരൻ അടിച്ചു തകർക്കുകയായിരുന്നെന്ന് കണ്ടു നിന്നവർ പറയുന്നു. തുടർന്നാണ് രാഗത്തിലെ ജീവനക്കാരൻ അൽ സബ യുടെ സൈഡ് ഗ്ലാസ് തകർത്തത്. തുടർന്ന് ഇരു ബസ്സിലെയും ജീവനക്കാർ പരസ്പരം ബസ്സുകളുടെ മുൻ വശത്തേയും പിൻ വശത്തേയും ഗ്ളാസ്സുകൾ അടിച്ചു തകർക്കുകയാതിരുന്നു. ബസ്റ്റാന്റ് മുഴുവനും ബസ്സിന്റെ ഗ്ളാസ്സുകൾ ചിന്നി ചിതറി കിടക്കുന്ന നിലയിലായിരുന്നു.
ഇതിനിടെ അൽ സബ ബസ്സ് സ്റ്റാന്റിൽ നിന്നും എടുത്തു പോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ബസ്സ് തടഞ്ഞത് ബഹളത്തിനിടയാക്കി.
ബസ്റ്റാന്റിലും റോഡിലും ചിന്നി ചിതറിയ ഗ്ളാസ് ചില്ലുകൾ വൃത്തിയാക്കിയതിന്ന് ശേഷമേ ബസ്സുകൾ എടുക്കാൻ അനുവദിക്കൂ എന്നുള്ള തീരുമാനത്തിലായിരുന്നു നാട്ടുകാർ ബസ്സുകൾ തടഞ്ഞു വെച്ചത്.
പന്തീരാങ്കാവ് പോലീസും കൺഡ്രോൾ റൂം പോലീസും സംഭവ സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു.
റോഡിലും ബസ്റ്റാന്റിലും ചിതറി വീണ ഗ്ലാസ് ചില്ലുകൾ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പോലീസ് ബസ് ജീവനക്കാരെ കൊണ്ട് വൃത്തിയാക്കിച്ചതിന് ശേഷമാണ് നാട്ടുകാർ പിരിഞ്ഞു പോയത്.