ചീക്കോട് ഇനി ഡിജിറ്റൽ പഞ്ചായത്ത്
ഗ്രാമപ്പഞ്ചായത്തിന്റെ സേവനങ്ങൾ വേഗത്തിൽ....
ചീക്കോട് ഇനി ഡിജിറ്റൽ പഞ്ചായത്ത്
ഗ്രാമപ്പഞ്ചായത്തിന്റെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ഫയലുകൾ സുതാര്യമായരീതിയിലും സമയബന്ധിതമായും തീർപ്പാക്കുന്നതിനും സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെൻറ്് സിസ്റ്റം (ഐ.എൽ.ജി.എം.എസ്.) ചീക്കോട് പഞ്ചായത്തിലും നടപ്പാക്കി.
ആദ്യ അപേക്ഷയുടെ രസീത് നൽകി പ്രസിഡൻറ്് എളങ്കയിൽ മുംതാസ് ഉദ്ഘാടനംചെയ്തു.
ഇവയാണ് ഗുണങ്ങൾ
പഞ്ചായത്തിലെ ജനങ്ങൾക്ക് അവധിദിവസങ്ങളിലും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഫീസുകൾ, നികുതികൾ എന്നിവ അടയ്ക്കാം. നൽകിയ അപേക്ഷകളുടെ വിവരങ്ങൾ മനസ്സിലാക്കാം. പഞ്ചായത്തുകളിൽനിന്നു ലഭ്യമാകുന്ന സേവനങ്ങൾക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിർദേശങ്ങളും ഓൺലൈനായി ഒറ്റ പ്ലാറ്റ്‌ഫോമിൽനിന്ന് അയക്കുന്നതിനുള്ള സൗകര്യമാണ് ഈ സംവിധാനത്തിലൂടെ ലഭ്യമാകുന്നത്.
അപേക്ഷയോടൊപ്പം നൽകുന്ന ഇ-മെയിൽ ഐ.ഡി.യിൽ അപേക്ഷകന്റെ യൂസർ ലോഗിൻ വിവരങ്ങളും സേവനങ്ങളും ലഭ്യമാകും.
നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ എസ്.എം.എസ്. ആയി അപേക്ഷകന് വിവരം ലഭിക്കും.
ഒട്ടും കാലതാമസമില്ലാതെ സുതാര്യവും ലളിതവുമായ നടപടിക്രമത്തിലൂടെ എല്ലാവർക്കും വീട്ടിലിരുന്നും അക്ഷയകേന്ദ്രങ്ങൾ വഴിയും ഇ-സേവനങ്ങൾ നേടിയെടുക്കാനാകും.
ജീവനക്കാർക്ക് ആവശ്യമെങ്കിൽ വീട്ടിലിരുന്ന് ഓഫീസ് പ്രവർത്തനങ്ങൾ നിർവഹിക്കാനും കഴിയും.
https://erp.lsgkerala.gov.in/ എന്നതാണ് വെബ്‌സൈറ്റ്. എല്ലാ അപേക്ഷകരും ഓൺലൈൻസേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
എളങ്കയിൽ മുംതാസ് അറിയിച്ചു.