തെരുവുകളെ ഇരുട്ടിലാക്കി സര്‍ക്കാറിന്‍റെ നിലാവ് പദ്ധതി. കെഎസ്.ഇ.ബിക്ക് മുമ്പില്‍ പെരുവയൽ പഞ്ചായത്ത് ജനപ്രതിനിധികളുടെ പ്രതിഷേധം
തെരുവുകളെ ഇരുട്ടിലാക്കി സര്‍ക്കാറിന്‍റെ നിലാവ് പദ്ധതി. കെഎസ്.ഇ.ബിക്ക് മുമ്പില്‍ പെരുവയൽ പഞ്ചായത്ത് ജനപ്രതിനിധികളുടെ പ്രതിഷേധം
മാവൂർ:
നിലവിലുള്ള തെരുവ് വിളക്കുകള്‍ക്ക് പകരമായി എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയ "നിലാവ് " പദ്ധതി താളംതെറ്റിയതിൽ പ്രതിഷേധവുമായി ജനപ്രതിനിധികള്‍ രംഗത്ത്. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ യു,ഡി.എഫ് ജനപ്രതിനിധികളാണ് കെ.എസ്.ഇ.ബി മാവൂര്‍ സെക്ഷന്‍ ഓഫീസിന് മുമ്പില്‍ നില്‍പ്പ് സമരം നടത്തിയത്.
തെരുവ് വിളക്കുകള്‍ സ്ഥാപിക്കലും പരിപാലിക്കലും തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തി വന്നതാണ്. ടെണ്ടര്‍ ക്ഷണിച്ചാണ് ഈ പ്രവര്‍ത്തനം നടത്തി വന്നത്. എന്നാല്‍ നിലാവ് പദ്ധതിയിലൂടെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ഇരട്ടിയിലേറെ തുക ഈടാക്കിയാണ് സര്‍ക്കാര്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്. എന്നാല്‍ ഇത് വരെ പദ്ധതി പ്രകാരം പാതി വിളക്കുകൾ പോലും സ്ഥാപിച്ചിട്ടില്ല. പദ്ധതിയില്‍ ഉള്‍പ്പെട്ടതോടെ അണഞ്ഞുകിടക്കുന്ന വിളക്കുകള്‍ പഞ്ചായത്തുകള്‍ക്ക് സ്വന്തമായി അറ്റകുറ്റ പണി നടത്താനും സാധിക്കില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ 500 വിളക്കുകളാണ് മാറ്റി സ്ഥാപിക്കാനുള്ളത്. 14.22 ലക്ഷം രൂപ ഇതിനായി പഞ്ചായത്ത് കെ.എസ്.ഇ.ബിക്ക് നല്‍കണം. ഈ വര്‍ഷം മാത്രം 2,64,000 രൂപ പദ്ധതി വിഹിതത്തില്‍ നിന്നും സര്‍ക്കാര്‍ പിടിക്കുന്നുണ്ട്. എന്നാല്‍ ഇതിനകം 297 വിളക്കുകള്‍ മാത്രമാണ് സ്ഥാപിച്ചത്. അവശേഷിക്കുന്നവ എന്ന് സ്ഥാപിക്കുമെന്നതില്‍ വ്യക്തമായ മറുപടി നല്‍കാന്‍ പോലും കെ.എസ്.ഇ.ബിക്ക് സാധിക്കുന്നില്ല.70 വാട്സ് ,110 വാട്സ് എല്‍.ഇ.ഡിയുടെ നിര്‍മ്മാണം പോലും ആരംഭിച്ചില്ല എന്നാണ് വിവരം.
തദ്ദേശസ്ഥാപനങ്ങളുടെ അധികാരം ഓരോന്നോയി കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ സമീപനത്തിന്‍റെ തുടര്‍ച്ചയാണ് നിലാവ് പദ്ധതിയെന്ന് സമരം ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എം.എ.റസാഖ് മാസ്റ്റര്‍ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പണം പിടിച്ചെടുത്ത് പുതിയ പേര് നല്‍കി മേനി നടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇവ കൃത്യമായി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. അധികാരം വികേന്ദ്രീകരണം തകര്‍ക്കുന്ന സമീപനത്തിന്‍റെ ദുരന്തചിത്രമാണ് അണഞ്ഞുകിടക്കുന്ന വിളക്കുകള്‍. പണം പിടിച്ചെടുത്ത ശേഷം പദ്ധതിയില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സര്‍ക്കാര്‍ നയം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി വിനോദ് പടനിലം, മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ, യു.ഡി.എഫ് പെരുവയൽ പഞ്ചായത്ത് ചെയർമാൻ പേങ്കാട്ടിൽ അഹമ്മദ്, കൺവീനർ സി.എം. സദാശിവൻ, മുസ്ലിം ലീഗ് പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. മുഹമ്മദ് , ജനറൽ സെക്രട്ടറി പൊതാത്ത് മുഹമ്മദ് ഹാജി, കോൺഗ്രസ് മാവൂർ മണ്ഡലം പ്രസിഡണ്ട് വി.എസ് രഞ്ജിത് , സുധാകരൻ കൊളക്കാടത്ത് ,പി.കെ.ഷറഫുദ്ദീൻ, സീമ ഹരീഷ് പ്രസംഗിച്ചു