Peruvayal News

Peruvayal News

ഡോ.ഹുസൈൻ മടവൂരിന്റെ പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്യും

ഡോ.ഹുസൈൻ മടവൂരിന്റെ പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്യും

ഡോ.ഹുസൈൻ മടവൂരിന്റെ പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്യും
പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് മുഖ്യ ഇമാമുമായ ഡോ.ഹുസൈൻ മടവൂർ രചിച്ച വെള്ളി വെളിച്ചം എന്ന പുസ്തകം നവംബർ മൂന്നിന്ന് ഷാർജാ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യും. പ്രമുഖ സാംസ്കാരിക നായകന്മാരും സാഹിത്യ  പ്രവർത്തകരും പങ്കെടുക്കും.
കഴിഞ്ഞ നാൽപത് വർഷമായി കോഴിക്കോട് പാളയം ജുമാ മസ്ജിദിൽ  വെളിയാഴ്ച പ്രഭാഷണം (ഖുതുബ ) നടത്തുന്ന ഹുസൈൻ മടവൂർ കൊറോണക്കാലത്ത് ലോക് ഡൗൺ കാരണം പള്ളി അടഞ്ഞ് കിടന്ന ആറ് മാസക്കാലം വിശ്വാസികൾക്ക് വേണ്ടി വെള്ളിയാഴ്ചകളിൽ ഓൺലൈൻ ആയി നടത്തിയ  സാരോപദേശങ്ങളുടെ സമാഹാരമാണീ ഗ്രന്ഥം. സാമൂഹിക മാധ്യമങ്ങൾ വഴിയായി തൽസമയം സംപ്രക്ഷേപണം ചെയ്യുന്ന പാളയം ജുമാ മസ്ജിദിലെ ഖുതുബകൾക്ക് ലോക രാഷ്ട്രങ്ങളിലായി പതിനായിരക്കണക്കിന്ന് ശ്രോതാക്കളുണ്ട്. മലബാറിൽ ഏറ്റവും കൂടുതൽ പേർ നമസ്കാരത്തിന്നെത്തുന്ന ഈ പള്ളിയിൽ സ്ത്രീകൾക്കും ആരാധനാ സൗകര്യമുണ്ടെന്ന പ്രത്യേതയുമുണ്ട്. ഭിന്നശേഷിക്കാർക്ക് പള്ളിയുടെ അകത്തേക്ക് വീൽ ചെയറിൽ തന്നെ എത്താനുള്ള സൗകര്യവുമുണ്ട്. ബധിരർക്ക് വേണ്ടി ഖുതുബകൾ ആംഗ്യ ഭാഷയിലേക്ക് തർജ്ജമ ചെയ്യുന്നുണ്ട്. മതവിഷയങ്ങൾക്ക് പുറമെ ആനുകാലിക സംഭവ വികാസങ്ങളും ഇവിടെ പ്രഭാഷണ വിഷയങ്ങളാണ്. വിവിധ മത നേതാക്കൾ പങ്കെടുക്കുന്ന സൗഹാർദ്ദ സമ്മേളനങ്ങൾക്കും പാളയം മസ്ജിദ് വേദിയായിട്ടുണ്ട്.  ആരോഗ്യ സംരക്ഷണത്തിന്നായി സർക്കാറും ബന്ധപ്പെട്ട വകുപ്പുകളും നൽകുന്ന നിർദ്ദേശങ്ങളും വെള്ളി വെളിച്ചത്തിൽ ഇമാം ചർച്ച ചെയ്തിട്ടുണ്ട്. പ്രളയക്കെടുതി, കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള ദുരിതങ്ങളിൽ കഷ്ടപ്പെടുന്നവർക്കായി സർക്കാറുമായി സഹകരിച്ചും നേരിട്ടും നിരവധി സേവന പ്രവർത്തനങ്ങൾ നടത്താനും സാധിച്ചിട്ടുണ്ട്.   വിശുദ്ധ മക്കയിലെ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയിലെ തന്റെ പഠനകാലത്ത് ലഭിച്ച അറിവുകളും അനുഭവങ്ങളുമാണ് ഇത്തരത്തിൽ പ്രഭാഷണങ്ങൾ നടത്താനും പള്ളിയെ സാംസ്കാരിക കേന്ദ്രമാക്കി പരിവർത്തിപ്പിക്കാനും സാധ്യമാക്കിയതെന്ന് ഇമാം ഹുസൈൻ   
 മടവൂർ പറഞ്ഞു. 
ഈ ഓൺലൈൻ പ്രഭാഷണങ്ങൾ  പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്
മലയാളത്തിലെ പ്രമുഖ പ്രസാധകരായ ലിപി പബ്ലിക്കേഷൻസ് ആണ്.
നവംബർ മൂന്ന് മുതൽ പതിമൂന്ന് വരെ നടക്കുന്ന ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എൻപത്തിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറിലേറെ പ്രസിദ്ധീകരണ ശാലകൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വിവിധ ഭാഷകളിലെ  എൺപത്തി ഏഴ് പ്രസാധകരെത്തും. ഈ പുസ്തകോൽസവത്തോടനുബന്ധിച്ച് വിവിധ ഭാഷകളിലെ സാഹിത്യ സംവാദങ്ങളും സാംസ്കാരിക സംഗമങ്ങളും നടക്കും. ഇരുപത് ലക്ഷത്തിലേറെ പേർ മേള സന്ദർശിക്കും. ഷാർജാ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഷാർജാ ബുക് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ ആഗോള പുസ്തക വിരുന്നിൽ വെച്ച് തന്റെ ആറാമത്തെ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും  പ്രകാശന ചടങ്ങിൽ നേരിട്ട് പങ്കെടുക്കുമെന്നും ഗ്രന്ഥകാരൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live