ഡോ. ഹുസൈൻ മടവൂരിന്ന് ദേശീയ അവാർഡ്.
ഡോ. ഹുസൈൻ മടവൂരിന്ന് ദേശീയ അവാർഡ്.
ഡൽഹിയിലെ അൽ ഖൈർ ഫൗണ്ടേഷൻ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ മികച്ച സാമൂഹിക ക്ഷേമ പ്രവർത്തകന്നുള്ള ദേശീയ അവാർഡ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യാ ഹാളിൽ നടന്ന ചടങ്ങിൽ ഡോ.ഹുസൈൻ മടവൂരിന്ന് സമ്മാനിച്ചു. ഡൽഹി കേന്ദ്രീകരിച്ച് ഇരുപതോളം സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന
ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ( HRDF ) ചെയർമാൻ എന്ന നിലയിലാണ് ദേശീയ അവാർഡിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിൽ സംസ്ഥാന തല കോ-ഓഡിനേറ്റർ ആയി പ്രവർത്തിച്ചിട്ടുള്ള ഹുസൈൻ മടവൂർ രണ്ട് പതിറ്റാണ്ടിലേറെയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമാണ്. ഡൽഹിയിലെ പാർലിമെന്റ് ഓഫ് ഓൾ റിലിജ്യൻസ്, ഇന്ത്യാ ഇസ്ലാമിക് കൾചറൽ സെന്റർ, ഇന്ത്യാ ഇന്റർഫെയ്ത്ത് മൂവ്മെന്റ് എന്നിവയിൽ സജീവ അംഗമായി പ്രവർത്തിച്ച് വരുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്ന് കീഴിലുള്ള അറബി ഭാഷാ വിഗദ്ധ സമിതിയിൽ അംഗമായ മടവൂർ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അറബിക് അക്കാദമിക് കമ്മിറ്റികളുടെ ചെയർമാനും ഹ്യൂമനിസം ആൻറ് ലോജിക് കമ്മിറ്റി അംഗവുമാണ്.
അനുമോദന പരിപാടിയിൽ മുൻ എം.പി. മുഹമ്മദ് അദീബ്, അമാനത്തുല്ലാ ഖാൻ എം.എൽ.എ, നരീശ് യാദവ്, അഡ്വ.അശോക് അഗർവാൾ, ഡോ.അമിത് ഉപാദ്ധ്യായ, വസീം ഗാസി, പ്രൊഫസർ ശങ്കർ സൻയാൽ, ഇശാ പാണ്ഡെ ഡി.സി.പി, തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഫൗണ്ടേഷൻ പ്രസിഡൻറ് ശ്രീമതി ഡോ.ദരക്ഷൻ ഫിർദൗസ്, സി.ഇ.ഒ. ഇൻതിഖാബു റഹ്മാൻ എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു. HRDF ന്റെ സേവനങ്ങളെ പ്രഭാഷകർ അനുസ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തി.