തൊണ്ടിലക്കടവ് പാലം സ്ഥലം ലഭ്യമാക്കൽ തീരുമാനമായി
തൊണ്ടിലക്കടവ് പാലം സ്ഥലം ലഭ്യമാക്കൽ തീരുമാനമായി
ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ കോഴിക്കോട് കോർപ്പറേഷനുമായി ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കാൻ ധാരണയായി. ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് ഹാളിൽ പി.ടി.എ റഹീം എം.എൽ.എ വിളിച്ചുചേർത്ത സ്ഥലമുടമകളുടെയും ജനപ്രതിനിധികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
പാലം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം മുൻകൂർ വിട്ടുനൽകുന്നതിനാണ് നിർദ്ദിഷ്ട പാലത്തിൻ്റെ ഇരുവശങ്ങളിലുമുള്ള സ്ഥലമുടമകൾ സന്നദ്ധമായത്. ഒളവണ്ണ, ചെറുവണ്ണൂർ വില്ലേജുകളിൽ നിന്നുള്ള 52.82 സെൻ്റ് സ്ഥലമാണ് പാലത്തിനും അപ്രോച്ച് റോഡിനും വേണ്ടി ഏറ്റെടുക്കുന്നത്. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലുള്ള പഴയ പാലം നിലനിർത്തിക്കൊണ്ട് പുതിയ പാലം നിർമ്മിക്കുന്നതിനാണ് ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്.
പുതിയ പാലം നിർമ്മിക്കുന്നതിന് 14 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതോടെ പ്രവൃത്തി ആരംഭിക്കുന്നതിന് വേണ്ട മുന്നൊരുക്കങ്ങൾ പൊതുമരാമത്ത് പാലങ്ങൾ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തി വരികയാണ്.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ബാബുരാജൻ, എം സിന്ധു, പി ഷാജി, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ എൻ പ്രേമലത, റവന്യൂ സ്പെഷ്യൽ തഹസിൽദാർ പി രാജീവൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രതിനിധി കെ സദാശിവൻ, എം വീരാൻകോയ, സ്ഥലമുടമകൾ സംബന്ധിച്ചു.