പ്ലസ് വണ്ണിന് 79 അധിക ബാച്ചുകള്‍; സയന്‍സ് ബാച്ചുകളുടെ എണ്ണം കൂട്ടി
സംസ്ഥാനത്ത് പ്ലസ് വണ്ണിന് താല്‍ക്കാലികമായി 79 അധിക ബാച്ചുകള്‍ അനുവദിച്ചു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയന്‍സ് ബാച്ചുകളുടെ എണ്ണം 20 ആക്കി. കോമേഴ്സിന് പത്തും ഹ്യൂമാനിറ്റീസിന് നാല്‍പ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്.
ഉപരിപഠനത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സീറ്റുകള്‍ ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. താലൂക്ക് അടിസ്ഥാനത്തില്‍ ഉള്ള കണക്കെടുത്തതിന് ശേഷം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചു. സയന്‍സ് ബാച്ചുകള്‍ അധികം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലങ്ങള്‍ എല്ലാം പരിശോധിച്ചാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് മൊത്തം 79 അധിക ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
താത്കാലിക ബാച്ചുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ നിലവിലുള്ള വേക്കന്‍സികള്‍ കൂടി ഉള്‍പ്പെടുത്തി സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് ഡിസംബര്‍ 14 മുതല്‍ അപേക്ഷ ക്ഷണിക്കും.